• പതിരില്ലാത്ത സത്യം പതിവായി...
  • ആരും പറയാത്ത സത്യം ഞങ്ങള്‍ പറയും...
  • സത്യം നിത്യവും നിങ്ങളുടെ വിരല്‍ തുമ്പില്‍...
  • മലയാള മാധ്യമ രംഗത്ത് ഒരു പുത്തന്‍ സൂര്യോദയം...
  • വാര്‍ത്താമാധ്യമം ജനാധിപത്യത്തിന്‍റെ കാവലാകുന്ന ഇടം...

23

MAY 2019
THURSDAY
04:24 PM

Kochi
+24°C
Malayalam Breaking News Logo
Kochi
+24°C

വോട്ടുകളുടെ ടേക്ക് ഓഫ്; നാട്ടിലേക്ക് കൂട്ടത്തോടെ യുഎഇ മലയാളികൾ

By Web Desk    April 9, 2019   

അബുദാബി∙  വോട്ട് ചെയ്യാനായി യുഎഇയിൽനിന്ന് പ്രവാസികൾ കൂട്ടത്തോടെ നാട്ടിലേക്ക്. ഇത്തവണ വോട്ടുവിമാനമില്ല, പകരം ഒന്നിച്ച് ടിക്കറ്റ് ബുക്ക് ചെയ്ത് പല ദിവസങ്ങളിലായാണ് യാത്ര. തിരഞ്ഞെടുപ്പ് പെരുമാറ്റച്ചട്ടത്തിൽപ്പെട്ട് സ്ഥാനാർഥികൾക്ക് വിനയാകുമോ എന്ന ഭയമാണ് ചാർട്ടേഡ് വിമാനമെന്ന ആശയം ഒഴിവാക്കാൻ സംഘാടകരെ പ്രേരിപ്പിച്ചത്. രാഹുലിന്റെയും മോദിയുടെയും യുഎഇ സന്ദർശനം  ഇത്തവണ പ്രവാസികൾക്കിടയിലും തിരഞ്ഞെടുപ്പ് ആവേശം കൂടിയിട്ടുണ്ട്. എല്ലാ പാർട്ടിക്കാരും വിവിധ സംഘടനകളുടെ ബാനറിൽ സ്വന്തം പാർട്ടിക്ക് വോട്ട് ഉറപ്പിക്കാൻ ആവേശത്തോടെ രംഗത്തുണ്ട്. വോട്ട് ചെയ്യേണ്ടതിന്റെ ആവശ്യകത, കൺവൻഷനുകൾ നടത്തി പ്രവാസികളെ ബോധ്യപ്പെടുത്തിയാണ് വോട്ടർമാരെ ആകർഷിച്ചത്. തുടർന്ന് റജിസ്ട്രേഷൻ നടത്തി.

വോട്ട് യാത്ര 15 മുതൽ

 

ഈ മാസം 15 മുതലാണ് സംഘമായി നാട്ടിലേക്കു പറക്കുന്നത്. ടിക്കറ്റ് ഒന്നിച്ചു ബുക്കു ചെയ്യുന്നതിനാൽ നിരക്കിളവും ലഭിക്കുന്നുണ്ട്. എന്നാൽ തിരഞ്ഞെടുപ്പ് അടുക്കുന്തോറും ടിക്കറ്റിന് ആവശ്യക്കാർ കൂടുന്നതിനാൽ നിരക്ക് ഉയരുമോ എന്നാണ് പലരുടെയും ഭയം. വിവിധ പാർട്ടികളുടെ സജീവ പ്രവർത്തകർ പ്രചാരണം കൊഴുപ്പിക്കാനായി സ്വന്തം നിലയ്ക്ക് ഇതോടകം നാട്ടിലെത്തിയിട്ടുണ്ട്. ശേഷിച്ചവർ വരും ദിവസങ്ങളിൽ യാത്ര തിരിക്കുമ്പോൾ ആകാശത്തും തിരഞ്ഞെടുപ്പ് ചൂടായിരിക്കും !

പതിവ് ആവേശമില്ലാതെ ഇടതുപക്ഷം

 

യുഡിഎഫിനെയും ബിജെപിയും അപേക്ഷിച്ച് സിപിഎം പ്രവർത്തകർക്കിടയിൽ വലിയ ആവേശം പ്രകടമല്ല. ജോലിക്ക് തടസമില്ലാത്തവിധം കഴിയുമെങ്കിൽ നാട്ടിലേക്ക് പോയി വോട്ടുചെയ്യാൻ അഭ്യർഥിച്ചിട്ടുണ്ടെന്ന് അബുദാബി കെഎസ്​സി പ്രസിഡന്റ് ബീരാൻകുട്ടി പറഞ്ഞു. അല്ലാത്തവർ നാട്ടിലുള്ളവരെ വിളിച്ച് ഇടതുപക്ഷത്തിന് വോട്ട് ഉറപ്പാക്കണമെന്നാണ് അഭ്യർഥന. പണംനൽകിയോ ടിക്കറ്റ് സ്പോൺസർ ചെയ്തോ ആരെയും കൊണ്ടുപോകാനുദ്ദേശിക്കുന്നില്ലെന്നും അദ്ദേഹം വ്യക്തമാക്കി. വോട്ടർ പട്ടികയിൽ പേരുചേർക്കാനുള്ള ഹെൽപ് ഡെസ്ക് സംഘടന ഒരുക്കിയിരുന്നു.​​​​​​​

ചെറുസംഘങ്ങളായി വോട്ട് യാത്ര

 

50, 75, 100, 150 പേരടങ്ങുന്ന സംഘമായാണ് യാത്ര. യാത്രക്കാരെല്ലാം ഒരേ രാഷ്ട്രീയ പാർട്ടികളുടെ ആളുകളാവുമ്പോൾ ഫലത്തിൽ ചാർട്ടർ വിമാനത്തിന്റെ പ്രതീതിയായിരിക്കുമെന്ന് യുഎഇ കെഎംസിസി ജനറൽ സെക്രട്ടറി എളേറ്റിൽ ഇബ്രാഹിം പറഞ്ഞു. വോട്ടർപട്ടികയിൽ പേരുള്ളവരുടെയും വോട്ട് ചെയ്യാൻ താൽപര്യമുള്ളവരുടെയും ലിസ്റ്റെടുത്ത് ഒന്നിച്ചു ടിക്കറ്റെടുക്കാനുള്ള സൗകര്യം കെഎംസിസി ഒരുക്കിയിട്ടുണ്ട്. ദുബായിൽ നിന്നു മാത്രം 1500 പേരുണ്ടാകും. മറ്റു എമിറേറ്റുകളിൽ നിന്നെല്ലാം കൂടിയാകുമ്പോൾ 50,000 കവിയുമെന്നാണ് പ്രതീക്ഷ. യുഡിഎഫുകാർ കേരളത്തിലെ 20 മണ്ഡലങ്ങൾ കേന്ദ്രീകരിച്ച് പ്രവർത്തിക്കുമ്പോൾ ബിജെപിക്കാർ ഇതര സംസ്ഥാനങ്ങളും ലക്ഷ്യമിടുന്നു. അതുപക്ഷേ, അതീവ രഹസ്യമായാണെന്നു മാത്രം. വോട്ടുചെയ്യാൻ താൽപര്യം പ്രകടിപ്പിച്ചാൽ മാത്രം മതി. ടിക്കറ്റെടുത്ത് നാട്ടിലെത്തിക്കുന്ന ജോലി പാർട്ടി അനുഭാവികൾ ഏറ്റെടുക്കും. ടിക്കറ്റു സ്പോൺസർ ചെയ്യാൻ വ്യവസായ പ്രമുഖരും രംഗത്തുണ്ട്. 3000 പേരെ നാട്ടിലെത്തിക്കാനാണ് തീരുമാനമെന്ന് ബിജെപി എൻആർഐ സെൽ വക്താവ് സജീവ് പുരുഷോത്തമൻ പറഞ്ഞു.​​​​​​​

നാട്ടിലേക്ക് പ്രവാസി വോട്ടുകളുടെ 'ടേക് ഓഫ്

ദുബായ് ∙ അങ്കച്ചൂടിൽ ഇളകിമറിയുന്ന നാട്ടിലേക്ക് പ്രവാസി വോട്ടുകളുടെ 'ടേക് ഓഫ്'. വോട്ടു ചെയ്യാനും മറിക്കാനും പ്രചാരണം കൊഴുപ്പിക്കാനും വരും ദിവസങ്ങളിൽ കൂടുതൽ സംഘങ്ങൾ നാട്ടിലെത്തും. വോട്ടുള്ളവരും ഇല്ലാത്തവരും ഇക്കാര്യത്തിൽ 'ഐക്യമുന്നണി'. രാഷ്ട്രീയ സംഘടനകളുടെ പ്രവാസി ഘടകങ്ങളാണ് ഇതിനു ചുക്കാൻ പിടിക്കുന്നത്. ഒരാഴ്ചത്തെ അവധിയെടുത്ത് വോട്ട് ചെയ്യാൻ മാത്രമായി പോകുന്നവരുമേറെയാണ്. 15 മുതലുള്ള ദിവസങ്ങളിൽ മുൻ വർഷങ്ങളേക്കാൾ ബുക്കിങ് കൂടിയതായി ട്രാവൽ ഏജൻസികൾ പറയുന്നു. അടുത്ത മാസത്തെ വാർഷികാവധി നേരത്തെയാക്കി പോകുന്നവരാണ് മറ്റൊരു വിഭാഗം. കേരള മുസ്‌ലിം കൾചറൽ സെന്ററിന്റെ (കെഎംസിസി) നേതൃത്വത്തിൽ വിവിധ ഗ്രൂപ്പുകളായി പ്രവർത്തകരെ എത്തിക്കാനാണ് പദ്ധതി. 17 മുതൽ കൂടുതൽ ഗ്രൂപ്പുകൾ പുറപ്പെടും. കോൺഗ്രസ് അനുകൂല സംഘടനയായ ഇൻകാസ്, സിപിഎം, സിപിഐ, ബിജെപി അനുകൂല സംഘടനകൾ എന്നിവയും പ്രചാരണങ്ങളിൽ സജീവമാണ്. ഇൻകാസിന്റെ നേതൃത്വത്തിൽ വിവിധ എമിറേറ്റുകളിൽ കൺവൻഷനുകൾ നടന്നുവരികയാണ്.​​​​​​​

Related News
Leave your comment
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, ഇതില്‍ മലയാളം ബ്രേക്കിഗ് ന്യൂസ്‌ ഉത്തരവാദി ആയിരിക്കില്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക.
Malayalam Breaking News