• പതിരില്ലാത്ത സത്യം പതിവായി...
  • ആരും പറയാത്ത സത്യം ഞങ്ങള്‍ പറയും...
  • സത്യം നിത്യവും നിങ്ങളുടെ വിരല്‍ തുമ്പില്‍...
  • മലയാള മാധ്യമ രംഗത്ത് ഒരു പുത്തന്‍ സൂര്യോദയം...
  • വാര്‍ത്താമാധ്യമം ജനാധിപത്യത്തിന്‍റെ കാവലാകുന്ന ഇടം...

21

NOVEMBER 2018
WEDNESDAY
02:04 PM

Kochi
+24°C
Malayalam Breaking News Logo
Kochi
+24°C

  ബംഗ്ലാദേശിനെ തകര്‍ത്തു; ഏഷ്യാ കപ്പ് സ്വന്തമാക്കി ഇന്ത്യ 

By Web Desk    September 29, 2018   

ദുബായ്: ബംഗ്ലാദേശിനെ തകര്‍ത്ത് ഏഷ്യാ കപ്പ്  സ്വന്തമാക്കി ഇന്ത്യ. അവേശകരമായ മത്സരത്തില്‍ അവസാന പന്തിലായിരുന്നു ഇന്ത്യന്‍ വിജയം. ബംഗ്ലാദേശ് ഉയര്‍ത്തിയ 223 റണ്‍സ് വിജയലക്ഷ്യം പിന്തുടര്‍ന്ന ഇന്ത്യ മൂന്നു വിക്കറ്റ് ശേഷിക്കേ ലക്ഷ്യത്തിലെത്തി. അവസാന പന്തുവരെ ആവേശം നീണ്ടുനിന്ന മത്സരത്തില്‍ ഇന്ത്യയെ വിറപ്പിച്ചാണ് ബംഗ്ലാദേശ് കീഴടങ്ങിയത്. ഇന്ത്യയുടെ ഏഴാം ഏഷ്യാ കപ്പ് കിരീടമാണിത്.

മഹ്മദുള്ള എറിഞ്ഞ അവസാന ഓവറില്‍ ജയിക്കാന്‍ ആറു റണ്‍സ് വേണ്ടിയിരുന്ന ഇന്ത്യയെ കേദാര്‍ ജാദവും (24) കുല്‍ദീപ് യാദവും (5) ചേര്‍ന്ന് വിജയത്തിലെത്തിക്കുകയായിരുന്നു. നേരത്തെ കാലിനു പരിക്കേറ്റ് പിന്മാറിയ കേദാര്‍, ജഡേജ പുറത്തായ ശേഷം വീണ്ടും ബാറ്റിങ്ങിനെത്തുകയായിരുന്നു

രവീന്ദ്ര ജഡേജ (23) ഭുവവനേശ്വര്‍ കുമാര്‍ (21) എന്നിവരുടെ ഇന്നിങ്‌സുകള്‍ അവസാന നിമിഷം ഇന്ത്യയ്ക്ക് രക്ഷയായി. ഓപ്പണിങ് വിക്കറ്റില്‍ 35 റണ്‍സ് ചേര്‍ത്ത ശേഷം ധവാനാണ് ആദ്യം പുറത്തായത്. 15 റണ്‍സെടുത്ത ധവാനെ നസ്മുള്‍ ഇസ്ലാം പുറത്താക്കി. തൊട്ടുപിന്നാലെ മികച്ച ഫോമിലുളള അമ്പാട്ടി റായിഡുവിനെ(2) മടക്കി മഷ്‌റഫി മുര്‍ത്താസ ഇന്ത്യയെ ഞെട്ടിച്ചു.

നാലാമനായി ക്രീസിലെത്തിയ ദിനേശ് കാര്‍ത്തിക്കിനെ കൂട്ടുപിടിച്ച് സ്‌കോര്‍ ഉയര്‍ത്തുന്നതിനിടെ രോഹിത്തിനെ റൂബല്‍ ഹുസൈന്‍ പുറത്താക്കി. 55 പന്തില്‍ നിന്ന് മൂന്ന് സിക്‌സറും മൂന്ന് ബൗണ്ടറിയും ഉള്‍പ്പെടെ 48 റണ്‍സെടുത്താണ് രോഹിത്ത് പുറത്തായത്. പിന്നാലെ ധോണിയും കാര്‍ത്തിക്കും ചേര്‍ന്ന കൂട്ടുകെട്ട് ഇന്ത്യയെ തകര്‍ച്ചയില്‍ നിന്ന് കരകയറ്റി. സ്‌കോര്‍ 137-ല്‍ നില്‍ക്കെ കാര്‍ത്തിക്കിനെ മഹ്മദുള്ള വീഴ്ത്തി. പിന്നീട് 36 റണ്‍സെടുത്ത ധോനിയും പുറത്തായതോടെ ഇന്ത്യ ശരിക്കും പ്രതിസന്ധിയിലായി. 19 റണ്‍സെടുത്ത കേദാര്‍ ജാദവ് പരിക്കേറ്റ് പിന്മാറിയതും ഇന്ത്യയ്ക്ക് തിരിച്ചടിയായി. പിന്നീട് ഒത്തു ചേര്‍ന്ന രവീന്ദ്ര ജഡേജ-ഭുവനേശ്വര്‍ സഖ്യം ഇന്ത്യയെ വിജയത്തിലെത്തിച്ചു.

നേരത്തെ ടോസ് നഷ്ടപ്പെട്ട് ആദ്യം ബാറ്റിങ്ങിനിറങ്ങിയ ബംഗ്ലാദേശ് 48.3 ഓവറില്‍ 222 റണ്‍സിന് ബംഗ്ലാദേശ് ഓള്‍ഔട്ടാകുകയായിരുന്നു. പതിനെട്ടാം ഏകദിനം കളിക്കാനിറങ്ങിയ ലിട്ടണ്‍ ദാസിന്റെ സെഞ്ചുറിയാണ് ബംഗ്ലാദേശിനെ ഈ സ്‌കോറിലെത്തിച്ചത്. കരിയറിലെ ആദ്യ ഏകദിന സെഞ്ചുറി കുറിച്ച ദാസ് മാത്രമാണ് ബംഗ്ലാനിരയില്‍ മികച്ച പ്രകടനം കാഴ്ചവെച്ചത്. 117 പന്തില്‍ 121 റണ്‍സെടുത്ത ദാസ്, ധോനിയുടെ മിന്നല്‍ സ്റ്റംപിങ്ങില്‍ പുറത്താവുകയായിരുന്നു.

21-ാം ഓവറില്‍ വിക്കറ്റ് നഷ്ടമില്ലാതെ 120 എന്ന നിലയില്‍നിന്ന് ബംഗ്ലാദേശ് തകര്‍ന്നടിയുകയായിരുന്നു. ലിട്ടണും ഓപ്പണര്‍ മെഹ്ദി ഹസനും ചേര്‍ന്ന് ഓപ്പണിങ് വിക്കറ്റില്‍ 125 പന്തില്‍ 120 റണ്‍സടിച്ചു. പിന്നീട് 102 റണ്‍സ് കൂട്ടിച്ചേര്‍ക്കുന്നതിനിടെ അവര്‍ക്ക് പത്തു വിക്കറ്റുകളും നഷ്ടമായി.

ആദ്യ വിക്കറ്റ് വീണതോടെ കളി മാറി. കൈയില്‍ കിട്ടിയ കളിയില്‍നിന്ന് ബംഗ്ലാദേശിന്റെ പിടി പിന്നീട് അയഞ്ഞു പോവുകയായിരുന്നു. ഇമ്രുള്‍ ഖയിസ് (2), മുഷ്ഫിഖര്‍ റഹിം (5), മുഹമ്മദ് മിഥുന്‍ (2) എന്നിവര്‍ അടുത്തടുത്ത ഓവറില്‍ മടങ്ങിയതോടെ ബംഗ്ലാദേശ് വിക്കറ്റ് നഷ്ടമില്ലാതെ 120 എന്ന നിലയില്‍നിന്ന് നാലുവിക്കറ്റിന് 139 എന്ന നിലയിലായി. മിഥുനെ, ഉഗ്രന്‍ ഫീല്‍ഡിങ്ങിലൂടെ രവീന്ദ്ര ജഡേജ റണ്ണൗട്ടാക്കി. ഇമ്രുളിനെ ചാഹല്‍ വിക്കറ്റിനു മുന്നില്‍ കുടുക്കി. മുഷ്ഫിഖറിനെ കേദാര്‍ ജാദവ് പുറത്താക്കി.

മികച്ച ഫീല്‍ഡിങ്ങും ഇന്ത്യയെ തുണച്ചു. ബംഗ്ലാദേശിന്റെ മൂന്നുപേര്‍ റണ്ണൗട്ടായപ്പോള്‍ രണ്ടുപേരെ ധോനി സ്റ്റംപ് ചെയ്ത് മടക്കി.സ്പിന്നര്‍മാരായ കുല്‍ദീപ് യാദവ് മൂന്നും കേദാര്‍ രണ്ടും ചാഹല്‍ ഒരു വിക്കറ്റും നേടിയപ്പോള്‍ പേസ് വിഭാഗത്തിന്റെ നേട്ടം ബുംറയുടെ ഒരു വിക്കറ്റില്‍ ഒതുങ്ങി. നേരത്തെ ടോസ് നേടിയ ഇന്ത്യന്‍ നായകന്‍ രോഹിത് ശര്‍മ ബംഗ്ലാദേശിനെ ബാറ്റിങ്ങിന് അയക്കുകയായിരുന്നു.

Related News
Leave your comment
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, ഇതില്‍ മലയാളം ബ്രേക്കിഗ് ന്യൂസ്‌ ഉത്തരവാദി ആയിരിക്കില്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക.
Malayalam Breaking News