• പതിരില്ലാത്ത സത്യം പതിവായി...
  • ആരും പറയാത്ത സത്യം ഞങ്ങള്‍ പറയും...
  • സത്യം നിത്യവും നിങ്ങളുടെ വിരല്‍ തുമ്പില്‍...
  • മലയാള മാധ്യമ രംഗത്ത് ഒരു പുത്തന്‍ സൂര്യോദയം...
  • വാര്‍ത്താമാധ്യമം ജനാധിപത്യത്തിന്‍റെ കാവലാകുന്ന ഇടം...

17

OCTOBER 2018
WEDNESDAY
06:15 PM

Kochi
+24°C
Malayalam Breaking News Logo
Kochi
+24°C

സീറ്റിന്‍ തുമ്പിലിരുന്ന് ത്രില്ലടിച്ച് കാണാം: "സ്വാതന്ത്ര്യം അര്‍ദ്ധരാത്രിയില്‍"

By Web Desk    March 31, 2018   

അങ്കമാലി ഡയറീസിന് ശേഷം സിനിമാ പാരമ്പര്യമില്ലാതെ സാധാരണക്കാരന്റെ ഇടയില്‍നിന്ന് നായകനായ ആന്റണി വര്‍ഗീസിന്റെ രണ്ടാമത്തെ ചിത്രം'സ്വാതന്ത്ര്യം അര്‍ദ്ധരാത്രിയില്‍ 'ഒരുപാട് പ്രതീക്ഷകള്‍ ഉയര്‍ത്തുന്ന ഒരു സിനിമ തന്നെയാണ്. മലയാളത്തിലെ മികച്ച ടെക്നീഷ്യന്‍മാരായ സംവിധായകന്‍ ലിജോ ജോസ് പല്ലിശ്ശേരിയും ,ബി ഉണ്ണികൃഷ്ണനും അഭിനേതാവ് ചെമ്പന്‍ വിനോദ് ജോസും ചേര്‍ന്ന് സിനിമയുടെ നിര്‍മാണനിര്‍വഹണത്തിന് ഒപ്പം ചേര്‍ന്നപ്പോള്‍ സാധാരണ ഒരു സിനിമയേക്കാളും പ്രേക്ഷകന് കാണാനുള്ള ആകാംഷ ഉണര്‍ത്തുന്നതാണ്. അഥവാ  ഒരു പുതുമുഖസംവിധായകന്റെ സിനിമ ധൈര്യമായി ടിക്കറ്റെടുക്കാനുള്ള ആത്മവിശ്വാസം.

സ്വാതന്ത്രം അര്‍ദ്ധരാത്രിയില്‍ എന്ന് സിനിമയുടെ ടൈറ്റിലില്‍ നിന്ന് തന്നെ വ്യക്തമാണ് ചിത്രത്തിന്റെ പശ്ചാത്തലവും പ്രമേയവും. ഒരു ഇടവേളയ്ക്ക് ശേഷമാണ് മലയാളത്തിന് മികച്ച പാക്ക്ഡ് ആക്ഷന്‍ ത്രില്ലര്‍സിനിമ വരുന്നത്. ആന്റണി വര്‍ഗീസ് അവതരിപ്പിച്ച കഥാപാത്രം കോട്ടയംകാരനായ ജേക്കബ് എന്ന വ്യക്തിയുടെ ജീവിതത്തില്‍ നേരിടേണ്ടിവരുന്ന ഒരു സംഭവത്തില്‍ നിന്ന് തുടങ്ങി മൈസൂരിന്റെ ഇരുണ്ടഭംഗിയില്‍ നിന്നാരംഭിക്കുന്ന സിനിമ അവസാനിക്കുന്നത് വരെ തീയറ്ററില്‍ പ്രേക്ഷകന് സീറ്റിന്റെ തുമ്പിലിരുന്ന്  കാണാനുള്ള ആവേശമാണ് ചിത്രം പകരുന്നത്. ആദ്യപകുതിയില്‍ ആരാണ് ജേക്കബ് ,അവന്റെ ചുറ്റുപാട് , അവന്‍ അഭിമുഖീകരിച്ചുകൊണ്ടിരിക്കുന്ന സാഹചര്യങ്ങള്‍, മുന്നോട്ടുള്ള ജീവിതത്തിന്റെ പ്രതീക്ഷകളും നായകന്റെ ദൗത്യവും ആരംഭിക്കുന്നു. ശേഷം പ്രതീക്ഷിക്കാത്ത ചെറിയൊരു നിരാശയോടും അകന്നുപോകുന്ന ഒരു സുഹൃത്തിന്റെ വേദനയോടും കൂടി ആദ്യ പകുതി അവസാനിക്കുന്നു. 

ശേഷം രണ്ടാം പകുതിയിലേക്ക് കടക്കുമ്പോള്‍ ചിത്രത്തില്‍ നായകന്റെ ദൗത്യം വിജയകരമാക്കാനുള്ള ശ്രമങ്ങളും അതിലേക്കുള്ള ബുദ്ധിപരമായ നീക്കങ്ങളും അതോടൊപ്പം റിയലിസ്റ്റിക്കായ പഞ്ച് ആകുന്ന ആക്ഷന്‍ രംഗങ്ങള്‍കൊണ്ടും 
ത്രില്ലടിപ്പിക്കുന്ന ട്വിസ്റ്റുകളുംകൊണ്ടും പ്രതീക്ഷിക്കാത്ത രീതിയിലൂടെ ക്ലൈമാക്സ് തീരുന്നതുവരെ പ്രേക്ഷകനെ ത്രില്ലടിപ്പിച്ച് തീയ്യറ്ററില്‍ സീറ്റിന്റെ എഡ്ജില്‍ തന്നെയിരുത്തും.ഒപ്പം ചെറിയ നര്‍മരംഗങ്ങളും റിയലിസ്റ്റിക്കായുള്ള നായകന്റെ മാസ് രംഗങ്ങളും പ്രതീക്ഷിക്കാത്ത ഡയലോഗുകള്‍കൊണ്ടും പ്രേക്ഷകനെ രസിപ്പിച്ചു. കഥയുടെ പശ്ചാത്തലവും മഴയും ദൃശ്യമികവിന് പുറമെ പ്രേക്ഷകനിലേക്ക് കഥയുടെ ആഴം എത്തിക്കാനുള്ള ശ്രമം വിജയിച്ചു. മൊത്തത്തില്‍ ഒട്ടും നിരാശപ്പെടുത്താതെ ആദ്യപകുതിമുതല്‍ ചിത്രം അവസാനിക്കുന്നത് വരെ വിശ്വാസത്തോടെ ടിക്കറ്റെടുക്കാനുള്ള ക്വാളിറ്റിയിലാണ് ചിത്രം ഒരുക്കിയിരിക്കുന്നത്. ചിത്രത്തിലെ അഭിനയതാക്കളിലേക്ക് കടക്കുകയാണെങ്കില്‍ ജേക്കബ് എന്ന കഥാപാത്രം ആന്റണി വര്‍ഗീസ് വളരെ ഗംഭീരമായി നിര്‍വഹിച്ചു. ഒരുപാട് നല്ല പെര്‍ഫോമന്‍സിലൂടെ നല്ല സ്പാര്‍ക്കുള്ള ഫ്ളെക്സിബിളായ ഒരു നടന്‍ ആന്റണി വര്‍ഗീസിലുണ്ടെന്ന് തെളിയിച്ചു.വിനായകനും ചെമ്പന്‍ വിനോദ് ജോസും അങ്കമാലി ഡയറീസിലൂടെ വന്ന മറ്റ് അഭ്നേതാക്കളും അവരവരുടെ റോള്‍ ഗംഭീരമായിതന്നെ നിര്‍വഹിച്ചു. വിനായകന്റെ ഓരോ ഡയലോഗിലും പെര്‍ഫോമന്‍സിലുമാണ് തീയ്യേറ്ററില്‍ ചിരിയും കരഘോഷവും ഭൂരിഭാഗവും ഉയര്‍ന്നത്. പുതുമുഖനായിക അശ്വതി മനോഹരന്‍ കഥാപാത്രം ചിത്രത്തില്‍ കുറച്ചുള്ളുവെങ്കിലും തന്റെ കഥാപാത്രം തെറ്റില്ലാതെ അഭിനയിച്ചു.

 

വര്‍ഷങ്ങളായി സിനിമാമേഖലയില്‍ പ്രവര്‍ത്തന പരിചയമുള്ള  ടിനു പാപ്പച്ചന്‍ കാത്തിരുന്ന് , തനിക്ക് സംവിധാനത്തില്‍് മികവ് തെളിയിക്കാന്‍ പറ്റിയൊരു തിരക്കഥ തെരഞ്ഞെടുത്തതില്‍ പ്രശംസ അര്‍ഹിക്കുന്നു. ചിത്രത്തിന്റെ കൈയ്യടക്കവും ഒതുക്കവും പക്വതയാര്‍ന്ന മേക്കിങ്ങിലൂടെയാണ്  ടിനു പാപ്പച്ചന്‍ മികവ് തെളിയിച്ചത്്. ചിത്രത്തില്‍ വില്ലന്‍ സ്ഥാനത്തെ അപ്പച്ചന്‍ എന്ന കഥാപാത്രത്തെ ബൂസ്റ്റ് ചെയ്യാതെയും നായകന്റെയും നായികയുടേയും പ്രണയരംഗങ്ങളിലേക്ക് പോകാതെയും ചിത്രത്തിന്റെ ദൗത്യത്തെ ബാലന്‍സ് ചെയ്ത് മികവായി ആക്ഷന്‍ രംഗങ്ങള്‍ പഞ്ച് ചെയ്ത് പുതുമയാര്‍ന്ന രീതിയില്‍ ക്ലീഷേ ഒഴിവാക്കി ത്രില്ലോടുകൂടി അവതരിപ്പിക്കാനുള്ള സംവിധായകന്റെ ശ്രമം പൂര്‍ണമായി വിജയിച്ചു.  ക്ലീഷേകള്‍ ഒഴിവാക്കിയുള്ള ബോറന്‍ ഫ്‌ലാഷ്ബാക്കുകളില്‍ നിന്ന് മാറി കഥയൊഴുക്കുള്ള തിരക്കഥയ്ക്ക് പ്രാധാന്യം നല്‍കിയതിലൂടെ മലയാള സിനിമയ്ക്ക്് ദിലീപ് കുര്യന്‍ എന്ന പുതുമുഖ തിരക്കഥാകൃത്ത് ഒരു വാഗ്ദാനമായി മാറിയിരിക്കുകയാണ്. 

ചിത്രത്തിന്റെ ദൃശ്യാനുഭവത്തിലേക്ക് കടക്കുമ്പോള്‍ ഗപ്പി ,നീലാകാശം പച്ചക്കടല്‍,കലി , അങ്കമാലി ഡയറീസ് സോളോ, എന്നീ സിനിമകള്‍ക്ക് ക്യാമറ കൈകാര്യം ചെയ്ത ഗിരീഷ് ഗംഗാധരനാണ് ചിത്രത്തിന്റെ ഛായാഗ്രാഹകന്‍. വ്യത്യസ്തമാര്‍ന്ന കളര്‍ലൈറ്റപ്പുകള്‍കൊണ്ടും സ്ഥിരമായുള്ള ക്യാമറആംഗിള്‍ നിന്ന് മാറിയുള്ള ക്ലീഷേഷോട്ടുകളില്‍ നിന്ന് പുതുമ കൊണ്ടുവരാന്‍ സാധിച്ചു. ഇടക്കൊക്കെ തീയ്യേറ്ററിലെ ആളുകള്‍ക്ക് തോന്നിയിരുന്നു ക്യാമറമാനും ആക്ഷന്‍ രംഗങ്ങളില്‍ അഭിനയിച്ചുകൊണ്ടിരിക്കുകയാണോയെന്നും.ഫ്രെയിമുകളില്‍ മഴകൊണ്ടുവന്ന് ദൃശ്യത്തിന്റെ ആഴംകൂട്ടുന്നതിലും ഗിരീഷ് ഗംഗാധരന്‍ വിജയിച്ചു.എടുത്ത് പറയേണ്ടത് സിനിമയുടെ എഡിറ്റിംഗ് ആണ്  മികവുറ്റ എഡിറ്റിങ്ങിലൂടെ വളരെ വേഗതയോടെ ചിത്രം തുടങ്ങുകയും ആ വേഗതയുടെ ത്രില്ല് പ്രേക്ഷകരിലേക്ക് എത്തിക്കാനും അദ്ദേഹത്തിനു സാധിച്ചു. രണ്ടാം പകുതിയിലെ ത്രില്ലിങ്ങില്‍ നിന്നു മനസിലാകും ഷമീര്‍ മുഹമ്മദ് എന്ന എഡിറ്ററിന്റെ മാജിക്. കൂടാതെ ആക്ഷന്‍രംഗങ്ങള്‍ പഞ്ച് ആക്കുന്നതിലും ചില രംഗങ്ങള്‍ പറയാതെ പറഞ്ഞതിലും ( അപ്പച്ചന്റെ ഫ്‌ലാഷ്ബാക്ക് രംഗങ്ങള്‍ ) എഡിറ്ററിന്റെ പങ്ക് ഈ സിനിമയില്‍ വളരെ വലുതാണ്. 

ചിത്രത്തിന്റെ പശ്ചാത്തലസംഗീതം ക്ലീഷേകളില്‍ നിന്നുമാറി പലസീനുകളിലും ഭീകരത സൃഷ്ടിക്കാന്‍ സാധിച്ചു. അത് ദീപക് അലക്‌സാണ്ടര്‍ എന്ന പുതുമുഖസംഗീതസംവിധായകന്റെ മികവ് തന്നെയാണ്. സംഗീതം ചെയ്ത ജെയ്ക്‌സ് ബിജോയിയും നന്നായിത്തന്നെ ചിത്രത്തോട് നീതി പുലര്‍ത്തി. അത്‌പോലെ ചിത്രത്തിന്റെ സൗണ്ട് ഡിസൈനിങ്ങും ചിത്രത്തിന്റെ കരുത്തിന് ഊര്‍ജ്ജം നല്‍കി. സൗണ്ട് ഡിസൈനര്‍ രംഗനാഥ് രവിയും പ്രശംസ അര്‍ഹിക്കുന്നു. നല്ലൊരു ടീം വര്‍ക്കും ഈ ചിത്രത്തില്‍ നിന്ന് കാണാന്‍ സാധിക്കും. കഴിഞ്ഞ ആഴ്ചയിലെ സുഡാനി ഫ്രം നൈജീരിയ ആയിരുന്നെങ്കില്‍ ഈ ആഴ്ച തീയ്യറ്ററില്‍ പ്രേക്ഷകര്‍ ഏറെ ആസ്വദിക്കാവുന്ന ഒരു ചിത്രം തന്നെയാണ് സ്വാതന്ത്രം അര്‍ദ്ധരാത്രിയില്‍.തമിഴ് സിനിമകളിലെ പോലെ മലയാളത്തിലും പുതുമുഖസംവിധായകര്‍ വന്ന് സിനിമ എടുത്ത് ഓരോ ആഴ്ചകളിലും പ്രേക്ഷകരെ വിസ്മയിപ്പിച്ചുകൊണ്ടിരിക്കുന്ന പുതുരീതി മലയാളത്തിലും കടന്നു വന്നുകൊണ്ടിരിക്കുന്നു. കഴിഞ്ഞ ആഴ്ചയില്‍ മലയാളത്തിലെ പ്രമുഖ നിര്‍മാതാവ് ഫേസ്ബുക്കില്‍ കുറച്ചത് ഈ സിനിമ കഴിയുമ്പോഴുള്ള കരഘോഷങ്ങളില്‍ നിന്ന് ഓര്‍മവരുന്നു,അതേ 'content is king '.

പ്രേക്ഷകസംസാരം : ഈ പോക്ക് പോയാല്‍ അടുത്ത രണ്ടോ മുന്നോ പടംകൊണ്ട് 
ആന്റണി വര്‍ഗീസ് സൂപ്പര്‍സ്റ്റാറായി പോകുമല്ലോ ...

വാൽകഷണം: ഇടയ്ക്ക്‌ ഒരു മാസ്സ്‌ പടമെങ്കിലും ചെയ്യാതെ റിയലിസ്റ്റിക്കിന്റേയും ഫീൽ ഗുഡിന്റേയും പുറകേ പോയ പല യുവതാരങ്ങളും കുറച്ച്‌ കഴിയുമ്പോൾ ഖേദിക്കും !

അഭിപ്രായം : നായികയേയും പ്രേമത്തെയും ഒഴിവാക്കിയിരുന്നെങ്കില്‍ നായികയില്ലാത്ത പ്രേമമില്ലാത്ത മറ്റൊരു മലയാള സിനിമകൂടി എന്ന വാഴ്ത്തപ്പെട്ടേനെ ...

 


 

Leave your comment
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, ഇതില്‍ മലയാളം ബ്രേക്കിഗ് ന്യൂസ്‌ ഉത്തരവാദി ആയിരിക്കില്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക.
Malayalam Breaking News