• പതിരില്ലാത്ത സത്യം പതിവായി...
  • ആരും പറയാത്ത സത്യം ഞങ്ങള്‍ പറയും...
  • സത്യം നിത്യവും നിങ്ങളുടെ വിരല്‍ തുമ്പില്‍...
  • മലയാള മാധ്യമ രംഗത്ത് ഒരു പുത്തന്‍ സൂര്യോദയം...
  • വാര്‍ത്താമാധ്യമം ജനാധിപത്യത്തിന്‍റെ കാവലാകുന്ന ഇടം...

26

SEPTEMBER 2018
WEDNESDAY
02:01 AM

Kochi
+24°C
Malayalam Breaking News Logo
Kochi
+24°C

യെദ്യൂരിയപ്പ കര്‍ണാടക മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്തു; ആവേശമില്ലാതെ അണികള്‍

By Web Desk    May 17, 2018   

കര്‍ണാടക മുഖ്യമന്ത്രിയായി ബിജെപി നേതാവ് ബി.എസ്.യെദ്യൂരിയപ്പ സത്യപ്രതിജ്ഞ ചെയ്തു. കര്‍ണാടക രാജ്ഭവനില്‍ വച്ചു നടന്ന ചടങ്ങില്‍ ഗവര്‍ണര്‍ വജുഭായി വാലയാണ് സത്യവാചകം ചൊല്ലിക്കൊടുത്തത്. യെദ്യൂരപ്പ മാത്രമേ ഇന്നു സത്യപ്രതിജ്ഞ ചെയ്തുള്ളൂ. നേരത്തെ തിരഞ്ഞെടുപ്പ് ഫലം പുറത്തു വരും മുന്‍പും വന്ന ശേഷവും മെയ് 17-ന് ബെംഗളൂരു നഗരത്തിലെ ശ്രീകണ്ഠീരവ സ്റ്റേഡിയത്തില്‍ വച്ച് ഒരു ലക്ഷം പേരെ സാക്ഷി നിര്‍ത്തി താന്‍ സത്യപ്രതിജ്ഞ ചെയ്യും എന്നായിരുന്നു യെദ്യൂരിയപ്പ പ്രഖ്യാപിച്ചിരുന്നത്. ബിജെപിയുടെ സര്‍ക്കാര്‍ രൂപീകരണം സുപ്രീംകോടതി വരെ നീണ്ടതോടെ വളരെ ലളിതമായ ചടങ്ങായി സത്യപ്രതിജ്ഞ ചടങ്ങ് മാറുകയായിരുന്നു.

15 ദിവസത്തിനുള്ളിൽ ഭൂരിപക്ഷം തെളിയിക്കണമെന്നാണ് ഗവർണർ യെഡിയൂരപ്പയോട് ആവശ്യപ്പെട്ടിരിക്കുന്നത്. 104 എംഎൽഎമാരുടെയും ഒരു സ്വതന്ത്ര എംഎൽഎയുടെയും പിന്തുണയാണ് ബിജെപിക്കുള്ളത്. 222 അംഗ നിയമസഭയിൽ 113 സീറ്റാണ് ഭൂരിപക്ഷം തെളിയിക്കാൻ ബിജെപിക്കു വേണ്ടത്.

 

ബി.എസ്.യെദ്യൂരിയപ്പ കേവലഭൂരിപക്ഷത്തിന് ഏഴ്‌പേരെക്കൂടി എങ്ങനെ കണ്ടെത്തുമെന്ന ചോദ്യങ്ങളാണ് ഉയരുന്നത്. 224 അംഗ നിയമസഭയില്‍ 222 സീറ്റുകളിലേക്കാണ് തെരഞ്ഞെടുപ്പ് നടന്നത്. എച്ച്.ഡി കുമാരസ്വാമി ജയിച്ച രണ്ട് സീറ്റുകളില്‍ ഒന്ന് ഒഴിയുമ്പോള്‍ സഭയുടെ അംഗബലം 221. കേവലഭൂരിപക്ഷത്തിന് വേണ്ടത് 111 പേരുടെ പിന്തുണ.

ബിജെപിക്ക് 104 എംഎല്‍എമാരാണ് ഉള്ളത്. കോണ്‍ഗ്രസ് ജെഡിഎസ് പക്ഷത്താകട്ടെ 117 പേരും. കേവലഭൂരിപക്ഷത്തിന് വേണ്ട 111 തികയ്ക്കാന്‍ ബിജെപിക്കു മുന്നില്‍ മൂന്ന് സാധ്യതകളാണുള്ളത്.

ഒന്നാമത്തെ സാധ്യത

എതിര്‍പക്ഷത്തെ ഏഴ്‌പേര്‍ കൂറുമാറി ബിജെപിക്ക് വോട്ട് ചെയ്യണം.

ബിജെപി 104+ എതിര്‍പക്ഷത്തെ എംഎല്‍എമാര്‍7 = 111

രണ്ടാമത്തെ സാധ്യത

എതിര്‍പക്ഷത്തെ 14 പേര്‍ നിയമസഭയില്‍ ഹാജരാകില്ലെന്ന് ഉറപ്പാക്കുക

അങ്ങനെയെങ്കില്‍ 207 അംഗസഭയില്‍ ഭൂരിപക്ഷത്തിന് വേണ്ടത് 104. ഈ അംഗബലം ബിജെപിയ്ക്ക് ഉണ്ട്.

മൂന്നാമത്തെ സാധ്യത

എതിര്‍പക്ഷത്തെ ഏതാനും എംഎല്‍എമാരുടെ പിന്തുണ ഉറപ്പാക്കുക. മറ്റ് ചിലര്‍ ഹാജരാകില്ലെന്നും ഉറപ്പു വരുത്തുക.

സഭയുടെ അംഗബലം കുറയുന്നതിനൊപ്പം കൂറുമാറി വരുന്നവരുടെ വോട്ട് കൂടി ലഭിക്കുമ്പോള്‍ വിശ്വാസവോട്ട് നേടാം.

കര്‍ണാടകയില്‍ ബിജെപിയെ സര്‍ക്കാരുണ്ടാക്കാന്‍ ക്ഷണിച്ച ഗവര്‍ണറുടെ നടപടിയില്‍ ഇടപെടണമെന്ന് ആവശ്യപ്പെട്ട് സുപ്രീകോടതിയെ സമീപിച്ച കോണ്‍ഗ്രസിന് തിരിച്ചടി നേരിട്ടിരുന്നു. ഗവര്‍ണറുടെ നടപടി സുപ്രീംകോടതി സ്റ്റേ ചെയ്തില്ല. സര്‍ക്കാരുണ്ടാക്കാന്‍ ക്ഷണിക്കാനുള്ള ഭരണഘടനാപരമായ വിവേചനാധികാരം ഗവര്‍ണര്‍ക്കുണ്ട് എന്ന ബിജെപിയുടെ വാദം കോടതി അംഗീകരിക്കുകയായിരുന്നു. എന്നാല്‍ കേസില്‍ വാദം തുടരുമെന്ന് അറിയിച്ച കോടതി യദ്യൂരപ്പയ്ക്ക് നോട്ടീസയച്ചിട്ടുണ്ട്. വെള്ളിയാഴ്ച്ച 10.30ന് കേസ് വീണ്ടും സുപ്രീംകോടതി പരിഗണിക്കും. ഗവര്‍ണര്‍ക്ക് നല്‍കിയ എംഎല്‍എമാരുടെ പിന്തുണ തെളിയിക്കുന്ന കത്ത് സമര്‍പ്പിക്കണമെന്ന് കോടതി നിര്‍ദേശിച്ചിട്ടുണ്ട്.

ഗവര്‍ണറുടെ തീരുമാനത്തെ ചോദ്യം ചെയ്തുള്ള കോണ്‍ഗ്രസിന്റെ ഹര്‍ജിയില്‍ സുപ്രീംകോടതിയില്‍ ശക്തമായ വാദമാണ് നടന്നത്. കോണ്‍ഗ്രസിനായി ഹാജരായ മനു അഭിഷേക് സിംഗ്‌വിയും ബിജെപി അഭിഭാഷകന്‍ മുകുള്‍ റോത്തകിയും കേന്ദ്ര സര്‍ക്കാരിനായി അറ്റോര്‍ണി ജനറല്‍ കെ.കെ വേണുഗോപാലും ശക്തമായ വാദങ്ങള്‍ നിരത്തി. എന്നാല്‍ സത്യപ്രതിജ്ഞ തടയാനാവില്ല എന്ന തീരുമാനം കൈക്കൊള്ളുകയായിരുന്നു സുപ്രീം കോടതി.

പുലര്‍ച്ചെ 1.45ന് ആറാം നമ്പര്‍ കോടതിയില്‍ ആരംഭിച്ച വാദം മൂന്ന് മണിക്കൂറിലേറെ നീണ്ടുനിന്നു. ജസ്റ്റിസുമാരായ എ.കെ സിക്രി, അശോക് ഭൂഷന്‍, എസ്.എ ബോബ്‌ഡേ എന്നിവരടങ്ങിയ മൂന്നംഗ ബഞ്ചാണ് ഹര്‍ജി പരിഗണിച്ചത്. കോണ്‍ഗ്രസിന് വേണ്ടി ഹാജരായ അഭിഷേക് സിംഗ്‌വിയാണ് കൂടുതല്‍ സമയം വാദിച്ചത്. സിംഗ്‌വിയുടെ വാദം ഒന്നര മണിക്കുറോളം നീണ്ടുനിന്നു. ഗവര്‍ണറുടെ നടപടി ഭരണഘടനാവിരുദ്ധമാണെന്നായിരുന്നു സിംഗ്‌വിയുടെ പ്രധാന വാദം.

സര്‍ക്കാര്‍ രൂപീകരിക്കാന്‍ കോണ്‍ഗ്രസിനെയും ജെഡിഎസിനെയും ക്ഷണിക്കണമെന്ന് മനു അഭിഷേക് സിംഗ്‌വി ആദ്യം വാദിച്ചു. സുപ്രീംകോടതി ഗവര്‍ണറുടെ തീരുമാനം തിരുത്തണം. ഗവര്‍ണറുടെ നടപടി സംശയകരമാണ്. അതിനാല്‍ യെദ്യൂരപ്പയുടെ സത്യപ്രതിജ്ഞ മരവിപ്പിക്കണം എന്നുമെന്നായിരുന്നു സുപ്രീംകോടതിയില്‍ മനു അഭിഷേക് സിംഗ്‌വി തുടക്കത്തിലെ വാദിച്ചത്. കോണ്‍ഗ്രസ് ജെഡിഎസ് സഖ്യത്തിന് ഭരിക്കാനുള്ള ഭൂരിപക്ഷമുണ്ടെന്നും സിംഗ്‌വി കോടതിയെ അറിയിച്ചു.

പിന്നാലെ സര്‍ക്കാരിയ കമ്മീഷന്‍ റിപ്പോര്‍ട്ട് സിംഗ്‌വി കോടതിയില്‍ ഉദ്ധരിച്ചു. സര്‍ക്കാര്‍ രൂപീകരിക്കാന്‍ ക്ഷണിക്കേണ്ടത് കേവലഭൂരിപക്ഷമുള്ള പാര്‍ട്ടിയേയോ സഖ്യത്തേയോ. അവസാനമേ ഏറ്റവും വലിയ പാര്‍ട്ടിക്ക് അവസരം നല്‍കാവൂ. ഏഴ് ദിവസം ചോദിച്ച യദ്യൂരപ്പയ്ക്ക് ഭൂരിപക്ഷം തെളിയിക്കാന്‍ എന്തിന് 15 ദിവസം നല്‍കി. 48 മണിക്കൂറാണ് മറ്റ് പല സംസ്ഥാനങ്ങള്‍ക്കും നല്‍കിയത്. ഗവര്‍ണര്‍ക്ക് തോന്നിയവരെയല്ല സര്‍ക്കാര്‍ ഉണ്ടാക്കാന്‍ ക്ഷണിക്കേണ്ടതെന്നും മനു അഭിഷേക് സിംഗ്‌വി കോടതിയില്‍ വാദിച്ചു.

ഗോവ കേസിലെ വിധി സിംഗ്‌വി കോടതിയില്‍ പരാമര്‍ശിക്കുകയും ചെയ്തു. ഗോവയിലെ വലിയ കക്ഷിയായിട്ടും ഗവര്‍ണര്‍ കോണ്‍ഗ്രസിനെ സര്‍ക്കാരുണ്ടാക്കാന്‍ ക്ഷണിച്ചില്ല. എന്നാല്‍ വാദത്തില്‍ കോടതി കൂടുതല്‍ ചോദ്യങ്ങള്‍ ഉന്നയിച്ചതോടെ മനു അഭിഷേക് സിംഗ്‌വി മറ്റൊരു വാദം ഉന്നയിച്ചു. ഗവര്‍ണറുടെ തീരുമാനത്തില്‍ ഇടപെടാന്‍ കോടതിക്ക് സാധിക്കും. എന്നാല്‍ അങ്ങനെ ഇടപെടാനുള്ള തെളിവുകളെവിടെ എന്നായിരുന്നു കോടതിക്ക് അറിയേണ്ടിയിരുന്നത്.

യെദ്യൂരപ്പയുടെ കത്ത് കാണാതെ ഭൂരിപക്ഷത്തിനുള്ള പിന്തുണയില്ലെന്ന് എങ്ങനെ പറയും. അതിനാല്‍ ഗവര്‍ണറെ തടയാന്‍ എങ്ങനെ കഴിയുമെന്നും കോടതി ചോദിച്ചു. എന്നാല്‍ രാഷ്ട്രപതിയുടെ ഉത്തരവ് പോലും സ്റ്റേ ചെയ്യാന്‍ കഴിയുന്ന കോടതിക്ക് ഗവര്‍ണറുടെ ഉത്തരവ് എന്തുകൊണ്ട് വിലക്കിക്കൂടെയെന്ന് സിംഗ്‌വി കോടതിയോട് ആരാഞ്ഞു. ഇതിലൂടെ ഗവര്‍ണറുടെ തീരുമാനത്തില്‍ ഇടപെടാന്‍ കോടതിക്ക് കഴിയുമെന്ന് ഉറച്ചുപറയുകയായിരുന്നു സിംഗ്‌വി.

പിന്നാലെ യദ്യൂരപ്പയുടെ കത്തിന്റെ കോപ്പി കോടതിയില്‍ സിംഗ്‌വി ഹാജരാക്കി. എന്നാല്‍ ഈ രാത്രി പോലെ ഇരുണ്ടതാണല്ലോ കത്തന്റെ പകര്‍പ്പ് എന്നായിരുന്നു കത്തില്‍ കോടതിയുടെ പരാമര്‍ശം. കത്ത് ഹാജരാക്കിയെങ്കിലും കോടതിയെ വിശ്വാത്തിലേടുക്കാന്‍ സിംഗ്‌വിക്കായില്ല. ഇതോടെ ഗവര്‍ണറുടെ തീരുമാനം റദ്ദ് ചെയ്യണ്ട, സത്യപ്രതിജ്ഞ മാറ്റിവെക്കാന്‍ ഉത്തരവിറക്കണമെന്ന് ആവശ്യപ്പെട്ട് സിംഗ്‌വി വാദം അവസാനിപ്പിക്കുകയായിരുന്നു.

അതേസമയം ഗവര്‍ണറുടെ തീരുമാനം വിവേചനപരമല്ല, റദ്ദ് ചെയ്യാനുള്ള അധികാരം കോടതിക്കില്ലെന്നായിരുന്നു മുകുള്‍ റോത്തകിന്റെ വാദം. ഗവര്‍ണറുടെ തീരുമാനത്തെ അര്‍ദ്ധരാത്രി കോടതി കൂടി ഇഴകീറി പരിശോധിക്കുന്നത് ശരിയല്ലെന്ന് റോത്തകി വാദിച്ചു. വലിയ പ്രധാന്യം ഈ ഹര്‍ജിക്കില്ല. യാക്കൂബ് മേമന്റെ കേസുമായി ഇതിനെ താരതമ്യം ചെയ്യാനാവില്ല എന്നും റോത്തകി സുപ്രീംകോടതിയില്‍ പറഞ്ഞു. എന്നാലിത് തങ്ങളുടെ അധികാരത്തിന് മുകളിലുള്ള കടന്നുകയറ്റമായാണ് കോടതി വിലയിരുത്തിയത്.

രണ്ട് എംഎല്‍എമാരാണ് തന്നെ വിളിച്ച് ഹാജരാകാന്‍ ആവശ്യപ്പെട്ടതെന്ന് റോത്തകി പറഞ്ഞു. എന്നാല്‍ ഇതിനെ എതിര്‍ത്ത് കോണ്‍ഗ്രസിന് വേണ്ടി ഹാജരായ മനു അഭിഷേക് സിംഗ്‌വി വീണ്ടും എഴുന്നേറ്റു. യദ്യൂരപ്പയാണ് എതിര്‍ കക്ഷി. എങ്ങനെയാണ് ഏതോ രണ്ട് ബിജെപി എംഎല്‍എമാര്‍ക്കായി ഹാജരാകുകയെന്ന് അഭിഷേക് സിംഗ്‌വി റോത്തകിനോട് ആരാഞ്ഞു. യദ്യൂരപ്പയ്ക്ക് ഭൂരിപക്ഷമുണ്ടോ എന്ന കോടതിയുടെ ചോദ്യത്തിന് റോത്തകിയും അറ്റോര്‍ണി ജനറലും വ്യക്തമായ ഉത്തരം നല്‍കിയുമില്ല. ഇതോടെ കോണ്‍ഗ്രസിന് അനുകൂലമായ വിധിയുണ്ടാകും എന്ന് തോന്നിച്ചു.

എന്നാല്‍ ഗവര്‍ണറുടെ വിവേചനാധികാരത്തില്‍ കോടതി ഇടപെടരുത് എന്ന് റോത്തകി വാദിച്ചതോടെ കാര്യങ്ങള്‍ മാറിമറിഞ്ഞു. ഭരണഘടന സ്ഥാപനത്തെ നിയന്ത്രിക്കുന്ന ഹര്‍ജി തന്നെ റദ്ദ് ചെയ്യണമെന്നായിരുന്നു റോത്തകിയുടെ വാദം. ഊഹാപോഹങ്ങള്‍ മാത്രമുള്ള ഹര്‍ജിയാണിതെന്ന് അറ്റോര്‍ണി ജനറലും വാദിച്ചതോടെ മനു അഭിഷേക് സിംഗ്‌വിയുടെ വാദങ്ങള്‍ അപ്രസക്തമായി. അതേസമയം ഗവര്‍ണറുടെ തീരുമാനത്തില്‍ ഇടപെടുന്നത് ശരിയല്ലെന്ന വാദത്തില്‍ റോത്തിക് ഉറച്ചുനിന്നു.

ഭൂരിപക്ഷം കുറയ്ക്കാനുള്ള സമയപരിധി വെട്ടിച്ചുരുക്കാമെന്ന് അറ്റോര്‍ണി ജനറല്‍ കോടതിയെ അറിയിച്ചു. ഗവര്‍ണറുടെ തീരുമാനത്തില്‍ കോടതി ഇടപെടരുതെന്നാണ് കേന്ദ്ര സര്‍ക്കാര്‍ സുപ്രീംകോടതിയില്‍ വാദിച്ചത്. ഒടുവില്‍ മുന്‍ നിശ്ചയിച്ച പ്രകാരം നടക്കട്ടെയെന്ന് കോടതി തീരുമാനിക്കുകയായിരുന്നു. എന്നാല്‍ അവസാന ശ്രമമെന്ന നിലയില്‍ വൈകിട്ട് നാല് മണിവരെ സത്യപ്രതിജ്ഞ നീട്ടിവെക്കാന്‍ സിംഗ്‌വി വാദിച്ചു. എന്നാല്‍ കോടതി ഇത് മുഖവിലയ്‌ക്കെടുത്തില്ല.

നേരത്തെ ബിജെപിയെ മന്ത്രിസഭാ രൂപീകരണത്തിന് ക്ഷണിച്ച ഗവര്‍ണറുടെ നടപടി ചോദ്യം ചെയ്ത് കോണ്‍ഗ്രസ് സുപ്രീംകോടതിയെ സമീപിച്ചതാണ് അസാധാരണ രാഷ്ട്രീയ നീക്കങ്ങള്‍ക്ക് വഴിവെച്ചത്. പിന്നാലെ സുപ്രീംകോടതി രജിസ്ട്രാര്‍ ചീഫ് ജസ്റ്റിസിനെ വീട്ടിലെത്തി കണ്ടു. ഇതോടെ കേസ് അടിയന്തരമായി രാത്രി തന്നെ പരിഗണിക്കണമെന്ന കോണ്‍ഗ്രസ് ആവശ്യം ചീഫ് ജസ്റ്റിസ് അസാധാരണ നടപടിയായി അംഗീകരിക്കുകയായിരുന്നു.

Leave your comment
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, ഇതില്‍ മലയാളം ബ്രേക്കിഗ് ന്യൂസ്‌ ഉത്തരവാദി ആയിരിക്കില്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക.
Malayalam Breaking News