• പതിരില്ലാത്ത സത്യം പതിവായി...
  • ആരും പറയാത്ത സത്യം ഞങ്ങള്‍ പറയും...
  • സത്യം നിത്യവും നിങ്ങളുടെ വിരല്‍ തുമ്പില്‍...
  • മലയാള മാധ്യമ രംഗത്ത് ഒരു പുത്തന്‍ സൂര്യോദയം...
  • വാര്‍ത്താമാധ്യമം ജനാധിപത്യത്തിന്‍റെ കാവലാകുന്ന ഇടം...

23

MAY 2019
THURSDAY
04:12 PM

Kochi
+24°C
Malayalam Breaking News Logo
Kochi
+24°C

ഇനി അഭിനയ മികവ് കാട്ടാന്‍ പുതിയ വഴികള്‍ തേടാം, ടിക് ടോക് ഇന്ത്യയില്‍ നിരോധിച്ചു; മൊബൈല്‍ ആപ്പ് ഗൂഗിള്‍ പ്ലേസ്റ്റോറില്‍ നിന്ന് നീക്കം ചെയ്തു

By Ajay    April 17, 2019   

യുവാക്കളുടെയും കുട്ടികളുടേയും ഹരമായ മൊബൈല്‍ ആപ്പ് ടിക് ടോക് ഇന്ത്യയില്‍ പൂര്‍ണ്ണമായി നിരോധിച്ചു. മദ്രാസ് ഹൈക്കോടതിയുടെ ഉത്തരവിനെത്തുടര്‍ന്ന് ഗൂഗിള്‍ പ്ലേസ്റ്റോറില്‍ നിന്ന് ടിക് ടോക് നീക്കം ചെയ്തു. ഇനി അഭിനയ മികവ് കാട്ടാനും ഉണ്ണുന്നതും ഉറങ്ങുന്നതും മുതല്‍ സകലതും ഷെയര്‍ ചെയ്യാനും ടിക് ടോക് പ്രേമികള്‍ പുതിയ വഴികള്‍ കണ്ടെത്തണം. അതല്ലെങ്കില്‍ ചൈനയിലെ ബൈറ്റഡന്‍സ് കമ്പനി പുതിയ ഏതെങ്കിലും ആപ്പുമായി വരേണ്ടിവരും. ചൈനയിലെ ബൈറ്റഡന്‍സ് ടെക്‌നോളജി കമ്പനിയുടേതാണ് ടിക് ടോക് എന്ന വീഡിയോ ഷെയറിംഗ് ആപ്പ്.

വളരെചെറിയ കാലയളവ് കൊണ്ടാണ് ടിക് ടോക് ഓണ്‍ലൈനില്‍ വന്‍ ജനപ്രീതിയാര്‍ജ്ജിച്ചത്. പ്രായഭേദമന്യേ ആളുകള്‍ ടിക് ടോക് ആരാധകരായി. തുടക്കത്തില്‍ ഡബ്‌സ്മാഷ് ആയിരുന്നെങ്കില്‍ പിന്നീട് സ്വന്തമായി അഭിനയിക്കുന്ന വീഡിയോ ഷെയര്‍ ചെയ്യുന്നതിലാണ് എല്ലാവരും ശ്രദ്ധിച്ചത്. ടിക് ടോക് കുട്ടികളെ വളരെയധികം സ്വാധിനിക്കുന്നുണ്ടെന്ന പരാതി പതിയെ വ്യാപകമായിത്തുടങ്ങിയ സമയത്താണ് ആഭാസം നിറഞ്ഞ വിഡിയോകളും നൃത്തരംഗങ്ങളും ലഹരിയും സെക്‌സും കുട്ടികളെ ഉള്‍പ്പെടുത്തിക്കൊണ്ടുള്ള അശ്ലീല ദശ്യങ്ങളുമൊക്കെ വ്യാപകമായി പ്രചരിച്ചുതുടങ്ങിയത്. അതോടൊപ്പം ലൈക്കിനും കമന്റിനുമൊക്കെയായി എന്തും ചെയ്യാന്‍ മടിയില്ലെന്ന അവസ്ഥയിലേക്ക് കുട്ടികളും യുവാക്കളും എത്തുന്ന സാഹചര്യവുമുണ്ടായി. സ്വന്തം ശരീര പ്രദര്‍ശനം നടത്തിപോലും മറ്റുള്ളവരെ ആകര്‍ഷിക്കുന്ന തരത്തിലേക്ക് വീഡിയോ പ്രദര്‍ശനങ്ങള്‍ വളര്‍ന്നു. ഇതോടെ ടിക് ടോക്കിനെതിരെ വ്യാപക പ്രതിഷേധങ്ങള്‍ വന്നുതുടങ്ങി.

ടിക് ടോക് നിരോധിക്കാനൊരുങ്ങി തമിഴ്‌നാട് സര്‍ക്കാര്‍

യാതൊരു ഗുണവും പ്രദാനം ചെയ്യാതിരിക്കുകയും അതേസമയം ഒരു തലമുറയെത്തന്നെ നാശത്തിലേക്ക് കൊണ്ടുപോകുകയും ചെയ്യുന്ന ഇത്തരം മൊബൈല്‍ ആപ്പ് രാജ്യത്ത് പൂര്‍ണ്ണമായി നിരോധിക്കണമെന്നാവശ്യപ്പെട്ട് മദ്രാസ് ഹൈക്കോടതിയില്‍ പൊതുതാല്‍പര്യ ഹര്‍ജി ലഭിക്കുകയായിരുന്നു. മധുര സ്വദേശിയും സാമൂഹികപ്രവര്‍ത്തകനുമായ അഡ്വ. മുത്തുകുമാറാണ് രാജ്യത്ത് കഴിഞ്ഞ കുറച്ചു മാസങ്ങളായി സൈബര്‍ കുറ്റകൃത്യങ്ങള്‍ വര്‍ധിക്കുന്നതിനു ടിക് ടോക് കാരണമാകുന്നുണ്ടെന്നും ആപ്പിന് വിലക്കേര്‍പ്പെടുത്തണമെന്നുമാവശ്യപ്പെട്ട് പൊതുതാല്‍പര്യ ഹര്‍ജി നല്‍കിയത്. ഹര്‍ജിയില്‍ ഉടന്‍ത്തന്നെ നടപടിയുണ്ടായി. അന്വേഷണ വിധേയമായി ടിക് ടോക് രാജ്യത്ത് നിരോധിക്കണമെന്ന് ജസ്റ്റിസ് എന്‍. കൃപാകരന്‍, എസ്.എസ്. സുന്ദര്‍ എന്നിവരടങ്ങിയ ബഞ്ച് വിധിച്ചു.

സൈബര്‍ കുറ്റക്യത്യങ്ങള്‍ക്ക് കാരണമാകുന്ന ടിക് ടോക് നീക്കം ചെയ്യണമെന്ന് കേന്ദ്ര ഐടി മന്ത്രാലയം ഗൂഗിളിനും ആപ്പിളിനും നിര്‍ദ്ദേശം നല്‍കുകയും ചെയ്തു. ഇതോടെ ടിക് ടോക് ആപ്പിന്റെ ആന്‍ഡ്രോയിഡ് പതിപ്പ് ഗൂഗിള്‍ പ്ലേസ്റ്റോറില്‍ നിന്നു നീക്കം ചെയ്തു. മദ്രാസ് ഹൈക്കോടതിയുടെ വിധിക്ക് സ്‌റ്റേ ആവശ്യപ്പെട്ട് മൊബൈല്‍ ആപ്പ് അധികൃതര്‍ സുപ്രിംകോടതിയെ സമീപിച്ചിരുന്നെങ്കിലും വിധി സ്റ്റേ ചെയ്യാന്‍ സുപ്രിംകോടതിയും വിസമ്മതിച്ചു. ഇതോടെയാണ് ടിക് ടോക് രാജ്യത്ത് നിരോധിക്കുന്ന കാര്യത്തില്‍ ഇത്ര വേഗത്തില്‍ തീരുമാനമുണ്ടായത്. കോടതി വിധി വന്നയുടന്‍ തന്നെ രാജ്യത്ത് ടിക് ടോക് നിരോധിക്കാന്‍ കേന്ദ്രസര്‍ക്കാര്‍ ഗൂഗിളിനോട് ആവശ്യപ്പെടുകയായിരുന്നു.

ടിക് ടോക്കില്‍ ഓരോരുത്തര്‍ പുതിയതായി പങ്കുവെയ്ക്കുന്ന ചലഞ്ചുകള്‍ ഏറ്റെടുക്കാന്‍ മറ്റുള്ളവര്‍ നിര്‍ബന്ധിതരാകുന്നതും പല അപകടങ്ങള്‍ക്കും കാരണമായിരുന്നു. നേരത്തെ നില്ല് നില്ല് തരംഗം സൃഷ്ടിച്ച പൊല്ലാപ്പുകള്‍ ചെറുതൊന്നുമല്ല. ഓടിക്കൊണ്ടിരിക്കുന്ന വാഹനങ്ങള്‍ക്ക് മുന്‍പിലോക്ക് ഒറ്റയ്‌ക്കോ കൂട്ടമായോ ചാടിവീണാണ് കുട്ടികളും യുവാക്കളുമൊക്കെ നില്ല് നില്ല് പാട്ട് പാടി വീഡിയോ ചലഞ്ച് ചെയ്തത്. കളിച്ച് കളിച്ച് അവസാനം പൊലീസ് ജീപ്പിനും മുന്‍പിലും ടിക് ടോക് താരങ്ങള്‍ നില്ല് നില്ല് ചലഞ്ച് ചെയ്തു. അന്നോടെയാണ് അതിലൊരു തീരുമാനമുണ്ടായത്. ബസ് ഡ്രൈവര്‍മാരും മറ്റ് വാഹനങ്ങളുടെ ഡ്രൈവര്‍മാരും ടിക് ടോക് ചെയ്യുന്നവരെ തെറി വിളിക്കുന്ന വിഡിയോകളും ഇടക്കാലത്ത് ഏറെ പ്രചരിച്ചിരുന്നു. ഇങ്ങനെ ഏതെങ്കിലും ഒരാള്‍ ചെയ്യുന്ന അപകടകരവും മറ്റു ചിലപ്പോള്‍ അത്ര നല്ലതല്ലാത്തതുമായ ചലഞ്ചുകള്‍ മറ്റുള്ളവര്‍ ഏറ്റെടുക്കുന്നതും അത് പിന്നീട് വൈറലാകുന്നതും വളരെപെട്ടന്നാണ്.

നേരത്തെ ഫെഡറല്‍ ട്രേഡ് കമ്മീഷന്റെ നിര്‍ദ്ദേശത്തെത്തുടര്‍ന്ന് ടിക് ടോക്കില്‍ പ്രായപരിധി നിശ്ചയിച്ചിരുന്നു. കുട്ടികളുടെ സ്വകാര്യത സംരക്ഷിക്കുന്നതിനുള്ള നിയമം ടിക് ടോക് പാലിക്കണമെന്നാണ് കമ്മീഷന്‍ ആവശ്യപ്പെട്ടത്. ചില്‍ഡ്രന്‍സ് ഓണ്‍ലൈന്‍ പ്രൈവസി പ്രൊട്ടക്ഷന്‍ ആക്റ്റ് പ്രകാരം 13 വയസിന് താഴെയുള്ള കുട്ടികള്‍ക്ക് ടിക് ടോക്കില്‍ വീഡിയോ അപ്‌ലോഡ് ചെയ്യാനോ പ്രൊഫൈല്‍ ഉണ്ടാക്കാനോ സാധിക്കില്ലെന്നായിരുന്നു നിയമം. നിയമപ്രകാരം 13 വയസിന് താഴെയുള്ള കുട്ടികള്‍ക്ക് ആപ്ലിക്കേഷനോ വെബ്‌സൈറ്റുകളോ ഉപയോഗിക്കണമെങ്കില്‍ മാതാപിതാക്കളുടെ അനുവാദം വേണം. കുട്ടികള്‍ അപ് ലോഡ് ചെയ്യുന്ന വീഡിയോ പിന്നീട് വ്യാപകമായി ഷെയര്‍ ചെയ്യപ്പെടുകയും ദുരുപയോഗം ചെയ്യപ്പെടുകയും ചെയ്ത സാഹചര്യത്തിലായിരുന്നു പ്രായപരിധി നിശ്ചയിച്ചത്.

 

Tags: TikTok
Leave your comment
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, ഇതില്‍ മലയാളം ബ്രേക്കിഗ് ന്യൂസ്‌ ഉത്തരവാദി ആയിരിക്കില്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക.
Malayalam Breaking News