• പതിരില്ലാത്ത സത്യം പതിവായി...
  • ആരും പറയാത്ത സത്യം ഞങ്ങള്‍ പറയും...
  • സത്യം നിത്യവും നിങ്ങളുടെ വിരല്‍ തുമ്പില്‍...
  • മലയാള മാധ്യമ രംഗത്ത് ഒരു പുത്തന്‍ സൂര്യോദയം...
  • വാര്‍ത്താമാധ്യമം ജനാധിപത്യത്തിന്‍റെ കാവലാകുന്ന ഇടം...

19

NOVEMBER 2018
MONDAY
11:19 AM

Kochi
+24°C
Malayalam Breaking News Logo
Kochi
+24°C

ലൈഫ് ഗുണഭോക്തൃപട്ടികയില്‍ അനര്‍ഹര്‍ ഉള്‍പ്പെട്ടെങ്കില്‍ നീക്കും: മന്ത്രി ഡോ.കെ.ടി. ജലീല്‍

By Web Desk    June 28, 2018   
k t jaleel

തിരുവനന്തപുരം:ലൈഫ് പദ്ധതിയുടെ ഗുണഭോക്തൃപട്ടികയില്‍ അനര്‍ഹര്‍ ഉള്‍പ്പെട്ടിട്ടുണ്ടെങ്കില്‍ അവരെ ഒഴിവാക്കുമെന്നും അര്‍ഹരെ ഉള്‍പ്പെടുത്തുമെന്നും തദ്ദേശസ്വയംഭരണ വകുപ്പു മന്ത്രി ഡോ. കെ.ടി. ജലീല്‍ പറഞ്ഞു. കളക്ടറേറ്റ് കോണ്‍ഫറന്‍സ് ഹാളില്‍ നടന്ന തിരുവനന്തപുരം ജില്ലയിലെ തദ്ദേശസ്വയംഭരണസ്ഥാപനങ്ങളുടെ പദ്ധതി പുരോഗതി അവലോകന യോഗത്തില്‍ അധ്യക്ഷത വഹിക്കുകയായിരുന്നു അദ്ദേഹം. 
ലൈഫ് മിഷന്‍ പ്രകാരം വീടുകള്‍ നല്‍കുന്നതിനായി ഗ്രാമസഭകള്‍ മാനദണ്ഡങ്ങള്‍ പാലിച്ച് അംഗീകരിച്ച പട്ടികയില്‍ അനര്‍ഹരായവര്‍ ഉള്‍പ്പെട്ടിട്ടുണ്ടോയെന്ന് വില്ലേജ് എക്സ്റ്റന്‍ഷന്‍ ഓഫീസര്‍മാര്‍ പരിശോധിച്ചു വരികയാണ്. അനര്‍ഹര്‍ ഉള്‍പ്പെട്ടിട്ടുണ്ടെങ്കില്‍ ഒഴിവാക്കി അര്‍ഹരായവരെ ഉള്‍പ്പെടുത്തും. നിര്‍മിക്കുന്ന വീടുകളുടെ എണ്ണത്തില്‍ മാറ്റംവരുത്തില്ല. നാലു ലക്ഷം രൂപയാണ് ഒരു വീടിനുള്ള സഹായം. 1.75 ലക്ഷം ഭൂമിയുള്ള ഭവനരഹിതര്‍ക്ക് വീടെന്ന സ്വപ്നം സാക്ഷാത്കരിച്ചു നല്‍കാനാണ് ശ്രമം. തദ്ദേശസ്ഥാപനങ്ങള്‍ക്ക് വീടിന്റെ പൂര്‍ത്തീകരണത്തിനായി സന്നദ്ധസംഘടനകളുടെ സഹായം തേടാവുന്നതാണ്. മഹാത്മാഗാന്ധി ഗ്രാമീണ തൊഴിലുറപ്പു പദ്ധതിയുടെ സേവനവും മുതല്‍ക്കൂട്ടാമെന്നും മന്ത്രി പറഞ്ഞു. 
തിരുവനന്തപുരം ജില്ലയിലെ 72 ഗ്രാമപഞ്ചായത്തും മൂന്നു നഗരസഭയും കോര്‍പറേഷനും വാര്‍ഷിക പദ്ധതിയുടെ ഗുണഭോക്താക്കളെ തെരഞ്ഞെടുത്തു. 45 പഞ്ചായത്തും രണ്ടു നഗരസഭയും ഗുണഭോക്തൃപട്ടിക നിര്‍വഹണ ഉദ്യോഗസ്ഥര്‍ക്ക് കൈമാറിക്കഴിഞ്ഞു. 22 പഞ്ചായത്തുകള്‍ ഗുണഭോക്തൃ പട്ടിക ജില്ലാ-ബ്ലോക്ക് പഞ്ചായത്തുകള്‍ക്ക് കൈമാറിയിട്ടുണ്ട്. ഗുണഭോക്തൃപട്ടിക ജില്ലാ-ബ്ലോക്ക് പഞ്ചായത്തുകള്‍ക്ക് ഉടന്‍ ലഭ്യമാക്കാന്‍ പഞ്ചായത്ത് സെക്രട്ടറിമാര്‍ക്ക് മന്ത്രി നിര്‍ദേശം നല്‍കി. ജില്ലാ-ബ്ലോക്ക് പഞ്ചായത്തുകളുമായി ചേര്‍ന്ന് സംയുക്ത പദ്ധതികള്‍ നടപ്പാക്കുമ്പോള്‍ ഗുണഭോക്തൃ പട്ടിക സമയബന്ധിതമായി നല്‍കാന്‍ ഗ്രാമപഞ്ചായത്തുകള്‍ പ്രത്യേകം ശ്രദ്ധിക്കണമെന്നും അദ്ദേഹം പറഞ്ഞു.
മുഴുവന്‍ പദ്ധതികള്‍ക്കും ജില്ലാ ആസൂത്രണ സമിതിയുടെ അംഗീകാരം നേടിയ സംസ്ഥാനത്തെ ആദ്യ ജില്ലാ പഞ്ചായത്ത് തിരുവനന്തപുരമാണെന്നും ആദ്യ ബ്ലോക്ക് വെള്ളനാടാണെന്നും ആദ്യ പഞ്ചായത്തുകളെന്ന നേട്ടം ആര്‍ജ്ജിച്ചത് കാട്ടാക്കട, ചെമ്മരുതി പഞ്ചായത്തുകളാണെന്നും അഭിനന്ദനാര്‍ഹമാണെന്നും മന്ത്രി പറഞ്ഞു.ജില്ലയില്‍ തദ്ദേശസ്വയംഭരണസ്ഥാപനങ്ങളുടെ പദ്ധതി നിര്‍വഹണ പുരോഗതി 12.33 ശതമാനമാണെന്ന് യോഗം വിലയിരുത്തി. ഉത്പാദന, സേവന, പശ്ചാത്തല മേഖലയില്‍ ഈ വര്‍ഷം നടപ്പാക്കുന്ന 19,256 പദ്ധതികളില്‍ 2,374 പദ്ധതികള്‍ ആരംഭിച്ചു.
ജില്ലയിലെ 73 ഗ്രാമപഞ്ചായത്തുകള്‍ 13550 പദ്ധതികളാണ് നടപ്പാക്കുന്നത്. ഇതില്‍ 1662 പദ്ധതികള്‍ ആരംഭിച്ചു. 12.27 ശതമാനമാണ് നിര്‍വഹണ പുരോഗതി. 11 ബ്ലോക്ക് പഞ്ചായത്തുകളുടെ 1055 പദ്ധതികളില്‍ 131 എണ്ണം ആരംഭിച്ചു. 12.42 ശതമാനമാണ് നിര്‍വഹണ പുരോഗതി. ജില്ലാ പഞ്ചായത്തിന്റെ 1130 പദ്ധതികളില്‍ 206 എണ്ണം ആരംഭിച്ചു. നിര്‍വഹണ പുരോഗതി 18.23 ശതമാനം. നാലു നഗരസഭകളുടെ 1158 പദ്ധതികളില്‍ 118 എണ്ണം ആരംഭിച്ചു. നിര്‍വഹണ പുരോഗതി 10.19 ശതമാനം. കോര്‍പറേഷന്റെ 2363 പദ്ധതികളില്‍ 257 എണ്ണം ആരംഭിച്ചു. നിര്‍വഹണപുരോഗതി 10.88 ശതമാനം.  
ജില്ലയില്‍ തദ്ദേശസ്വയംഭരണസ്ഥാപനങ്ങള്‍ സമര്‍പ്പിച്ച 4,770 പദ്ധതികളില്‍ 3,383 എണ്ണത്തിനും ടെണ്ടറായി.  1,387 പദ്ധതികളുടെ ടെണ്ടര്‍ നടപടി പൂര്‍ത്തീകരിച്ചു. 
ഗ്രാമപഞ്ചായത്തുകളുടെ 81.84 ശതമാനം പദ്ധതികള്‍ക്കും വെറ്റിങ്ങും സാങ്കേതിക അനുമതിയും ലഭ്യമായിക്കഴിഞ്ഞു. 4334 പദ്ധതികള്‍ക്കാണ് വെറ്റിങ്ങും സാങ്കേതിക അനുമതിയും വേണ്ടിയിരുന്നത്. ഇതില്‍ 3547 എണ്ണത്തിന് വെറ്റിങ്ങും സാങ്കേതിക അനുമതിയും ലഭ്യമായി. 
ബ്ലോക്കു പഞ്ചായത്തുകളുടെ 287 പദ്ധതികളില്‍ 237 നും ജില്ലാ പഞ്ചായത്തിന്റെ 304 പദ്ധതികളില്‍ 245 നും നഗരസഭകളുടെ 501 പദ്ധതികളില്‍ 349 നും കോര്‍പറേഷന്റെ 972 പദ്ധതികളില്‍ 392 നും വെറ്റിങ്ങും സാങ്കേതിക അനുമതിയും ലഭ്യമായി. ഗ്രാമപഞ്ചായത്തുകളുടെ 71.67 ശതമാനം പദ്ധതികളും ടെണ്ടര്‍ ചെയ്തു. ബ്ലോക്ക് പഞ്ചായത്തുകളുടെ പദ്ധതികളില്‍ 81.01 ശതമാനവും ജില്ലാ പഞ്ചായത്തിന്റെ 40.82 ശതമാനവും നഗരസഭകളുടെ 52.72 ശതമാനവും കോര്‍പറേഷന്റെ 93.25 ശതമാനവും ടെണ്ടര്‍ ചെയ്തതായി യോഗം വിലയിരുത്തി. 
ജില്ലാ പഞ്ചായത്ത് വൈസ്പ്രസിഡന്റ് അഡ്വ. ഷൈലജ ബീഗം, പഞ്ചായത്ത് ഡയറക്ടര്‍ പി. മേരിക്കുട്ടി, ഗ്രാമവികസന കമ്മീഷണര്‍ വി.എസ്. സന്തോഷ് കുമാര്‍, അഡീഷണല്‍ ജില്ലാ മജിസ്ട്രേറ്റ് വി.ആര്‍. വിനോദ്, പഞ്ചായത്ത് ഡെപ്യൂട്ടി ഡയറക്ടര്‍ ഹില്‍ക്രാജ്, ജില്ലാ പ്ലാനിങ് ഓഫീസര്‍ വി.എസ്. ബിജു, നഗരകാര്യ ജോയിന്റ് ഡയറക്ടര്‍ ബെല്‍രാജ്, കെ.എം. ഗംഗാധരന്‍, ഷംലജ ബീഗം, ജയലക്ഷ്മി, ജനപ്രതിനിധികള്‍, വിവിധ വകുപ്പ് ഉദ്യോഗസ്ഥര്‍ എന്നിവര്‍ പങ്കെടുത്തു.

Leave your comment
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, ഇതില്‍ മലയാളം ബ്രേക്കിഗ് ന്യൂസ്‌ ഉത്തരവാദി ആയിരിക്കില്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക.
Malayalam Breaking News