• പതിരില്ലാത്ത സത്യം പതിവായി...
  • ആരും പറയാത്ത സത്യം ഞങ്ങള്‍ പറയും...
  • സത്യം നിത്യവും നിങ്ങളുടെ വിരല്‍ തുമ്പില്‍...
  • മലയാള മാധ്യമ രംഗത്ത് ഒരു പുത്തന്‍ സൂര്യോദയം...
  • വാര്‍ത്താമാധ്യമം ജനാധിപത്യത്തിന്‍റെ കാവലാകുന്ന ഇടം...

19

NOVEMBER 2018
MONDAY
01:44 AM

Kochi
+24°C
Malayalam Breaking News Logo
Kochi
+24°C

കേരളത്തിലെ പ്രളയം ഡാം തുറന്നതുകൊണ്ടെന്ന  പ്രചാരണം വാസ്തവവിരുദ്ധം: മന്ത്രി

By Web Desk    September 1, 2018   
kerala

തിരുവനന്തപുരം:കേരളത്തിലുണ്ടായ പ്രളയം ഡാമുകള്‍ തുറന്നു വിട്ടതുകൊണ്ടാണെന്ന പ്രചാരണം വാസ്തവ വിരുദ്ധമാണെന്നും പ്രചാരണം അവസാനിപ്പിക്കണമെന്നും ജലവിഭവ മന്ത്രി മാത്യു ടി. തോമസ് പറഞ്ഞു. ഇതുസംബന്ധിച്ച് നിയമസഭയില്‍ വ്യക്തമാക്കിയ വിവരങ്ങള്‍ യു ട്യൂബിലടക്കം ലഭ്യമാണ്. 

ഒരു വര്‍ഷം മഴയിലൂടെ പടിഞ്ഞാറേക്കൊഴുകുന്ന 41 നദികളില്‍ പതിക്കുന്നത് 75000 ദശലക്ഷം ഘനയടി വെള്ളമാണ്.  ജലവിഭവവകുപ്പിനു കീഴിലുള്ള പതിനാറു ഡാമുകളിലായി മുഴുവന്‍ സംഭരണശേഷിയും ഉപയോഗിച്ചാല്‍ 1570.6 ദശലക്ഷം ഘനയടി ജലം മാത്രമാണ് ശേഖരിക്കാനാവുക. ആകെ നദീജലത്തിന്റെ 2.1 ശതമാനം മാത്രമാണത്. ഇത്രയുംചെറിയ ശതമാനം ജലമാണ് കേരളത്തില്‍ മുഴുവന്‍ പ്രളയം സൃഷ്ടിച്ചതെന്ന പ്രചരണം പുകമറ സൃഷ്ടിക്കാനാണ്. ഈ ഡാമുകള്‍ മിക്കതും ജൂണ്‍, ജൂലൈ മാസങ്ങളില്‍ത്തന്നെ തുറന്നിരുന്നു.

വാഴാനി ഡാം ആഗസ്റ്റ് രണ്ടിനും കുറ്റ്യാടി ജലസേചന പദ്ധതിയിലെ പെരുവണ്ണാമൂഴി ജൂണ്‍ പതിനാലിനും കാരാപ്പുഴ ജൂണ്‍ ഒന്നിനും മലമ്പുഴ ആഗസ്റ്റ് ഒന്നിനും ചിമ്മിനി ആഗസ്റ്റ് പത്തിനും മംഗലം ജൂണ്‍ പതിനാലിനും പീച്ചി ജൂലായ് 27നും നെയ്യാര്‍ ജൂണ്‍ പതിനാലിനും ചുള്ളിയാര്‍ ആഗസ്റ്റ് 14നും കല്ലട (പരപ്പാര്‍) ജൂലായ് 19നും വാളയാര്‍ ആഗസ്റ്റ് 14 നും മീങ്കര ആഗസ്റ്റ് 13നും പോത്തുണ്ടി ജൂലായ് 31നും മലങ്കര ജൂലായ് 19നും തുറന്നു വിട്ടിരുന്നു. ശിരുവാണിയുടെ ഗേറ്റ് ഒരിക്കലും അടയ്ക്കാറില്ല. കാഞ്ഞിരപ്പുഴ ഡാമില്‍ പണി നടക്കുന്നതിനാല്‍ ഈ സീസണില്‍ അടച്ചിട്ടേയില്ല. ഈ ഡാമുകളിലെല്ലാം കൂടി 696.785 ദശലക്ഷം ഘനമീറ്റര്‍ വെള്ളമാണ് ഒഴുകിയെത്തിയത്. പുറത്തേക്കൊഴുക്കിയത് 700.373 ദശലക്ഷം ഘനമീറ്റര്‍ വെള്ളമാണ്. 

ഭൂതത്താന്‍കെട്ട്, മണിയാര്‍ (പമ്പ ജലസേചനപദ്ധതി), പഴശ്ശി എന്നീ ബരാജുകളും യഥാക്രമം ജൂണ്‍ ഒന്ന്, ഒന്‍പത്, മേയ് 28 തിയതികള്‍ മുതല്‍ തന്നെ തുറന്നിരിക്കുകയായിരുന്നു. പൊടുന്നനെ ഡാമുകള്‍ തുറക്കുകയായിരുന്നില്ലെന്ന് വ്യക്തമാണ്.  

ആഗസ്റ്റ് 15 മുതല്‍ 17 വരെയുള്ള മൂന്നു ദിവസങ്ങളില്‍ മാത്രം 414 മി.മീ. മഴ പെയ്തു എന്നാണ് കണക്ക്. അതിലൂടെ 16,063.2 ദശലക്ഷം ഘനയടി വെള്ളമാണ് പെയ്തിറങ്ങിയത്. സാധാരണ ഗതിയില്‍ ഒരു വര്‍ഷമാകെ പെയ്യുന്ന മഴയുടെ അഞ്ചിലൊന്നിലധികം മൂന്നു ദിവസം കൊണ്ടു പെയ്തു. സാധാരണ വര്‍ഷങ്ങളെ അപേക്ഷിച്ച് 164 ശതമാനം അധിക മഴയാണ് (264 ശതമാനം) പെയ്തത്. 

1924ല്‍ ഉണ്ടായ മഹാപ്രളയം സംബന്ധിച്ച വാര്‍ത്ത പുന:പ്രസിദ്ധീകരിച്ചതു  ലഭ്യമാണ്.  അന്ന് അടയാളപ്പെടുത്തിയിരുന്ന പ്രദേശങ്ങളില്‍ത്തന്നെയാണ് ഇത്തവണയും പ്രളയമുണ്ടായത്. ഭൂതത്താന്‍കെട്ടിന് അഞ്ചു കി. മീ. മുകളില്‍ അന്നത്തെ വെള്ളപ്പൊക്കത്തില്‍ മുങ്ങിപ്പോയിരുന്ന പാലമറ്റം എസ്റ്റേറ്റ് പ്രദേശത്ത് അന്നത്തേതിനേക്കാള്‍ ഒമ്പതടി താഴെയാണ് ഇത്തവണത്തെ ജലനിരപ്പ് എത്തിയത്. കാലടിയില്‍ തലപ്പള്ളി മനയില്‍ അന്നു രേഖപ്പെടുത്തിയതിനേക്കാള്‍ 1.4 മീറ്റര്‍ താഴെയും.  ഡാമുകളല്ല പ്രളയകാരണം എന്നതിന് ഇതിലും വലിയ തെളിവിന്റെ ആവശ്യമില്ല. 

കുട്ടനാട്ടിലെ ജലനിരപ്പിനെ സ്വാധീനിക്കാന്‍ കഴിയുന്ന രണ്ടു മനുഷ്യനിര്‍മ്മിത സംവിധാനങ്ങളാണ് തോട്ടപ്പള്ളി സ്പില്‍വേയും തണ്ണീര്‍മുക്കം ബണ്ടും. തോട്ടപ്പള്ളി സ്പില്‍വേയുടെ 40 ഷട്ടറുകളും നേരത്തെതന്നെ തുറന്നു വച്ചിരുന്നതും പൊഴിമുറിക്കല്‍ മേയ് മാസത്തില്‍ത്തന്നെ നടത്തി പരമാവധി ജലം കടലിലേക്ക് ഒഴുക്കി വിട്ടതുമാണ്. സാധാരണ 150 മീറ്റര്‍ വീതിയിലാണ് പൊഴി മുറിക്കാറുള്ളത്. പ്രളയം മൂലം ഇത്തവണ 250 മീറ്റര്‍ വീതിയിലാണു മുറിച്ചത്. തണ്ണീര്‍മുക്കം ബണ്ടിന്റെ ബാര്‍ജുകള്‍ തുറന്നാണിരിക്കുന്നത്. മണ്ണു നീക്കംചെയ്യല്‍ പരമാവധി വേഗത്തില്‍ നടത്തി കഴിയുന്നത്ര വെള്ളം കടലിലേക്ക് ഒഴുക്കി വിട്ടുകൊണ്ടിരിക്കുന്നു. തണ്ണീര്‍മുക്കം ബണ്ടിന്റെ ഇരുഭാഗത്തും കഴിഞ്ഞ ഒരു മാസത്തിലേറെയായി ഏതാണ്ട് ഒരേ ജലനിരപ്പാണ് എന്നതിനര്‍ത്ഥം കാര്യമായി കടലിലേക്ക് ജലമൊഴുക്കി വിടാന്‍ കഴിയുമായിരുന്നില്ല എന്നു തന്നെയാണ്.

പാലക്കാട് മേഖലയിലെ പറമ്പിക്കുളം ആളിയാര്‍ പദ്ധതികളിലെ ജലം തമിഴ്‌നാട് അവര്‍ക്ക് അര്‍ഹതപ്പെട്ടതിലുമധികം കടത്തുന്നു എന്നതായിരുന്നു തീവ്ര വരള്‍ച്ചയുണ്ടായ കഴിഞ്ഞ വര്‍ഷത്തെ പ്രശ്‌നം.  ഇത്തവണ സ്ഥിതിഗതികള്‍ മാറി. പറമ്പിക്കുളം ആളിയാര്‍ ഭാഗത്തെ എല്ലാ ഡാമുകളും നിറയുകയും    കേരളത്തിലേക്കു സ്പില്‍ ചെയ്യുന്ന സ്ഥിതി ഉണ്ടാകുകയും ചെയ്തു. ഈ ഡാമുകള്‍ ഒന്നൊഴികെ എല്ലാം ജൂലൈ മാസത്തില്‍ത്തന്നെ തുറന്നിരുന്നതാണ്. വ്യക്തമായ മുന്നറിയിപ്പോടെയാണ് തുറന്നിട്ടുള്ളത്. ആഗസ്റ്റ് പതിനഞ്ചിന് രാത്രിയില്‍ ഷോളയാര്‍ വാല്‍പ്പാറ ഭാഗത്ത് 410 മി. മീ മഴയാണു പെയ്തത്. അനിയന്ത്രിതമായ മഴ പെട്ടെന്നു വന്നതിനാലാണ് തമിഴ്‌നാട് വെള്ളം തുറന്നുവിടാന്‍ നിര്‍ബന്ധിതമായത്. പരമാവധി തുറന്നു വിടാവുന്നതിന്റെ  50 ശതമാനം മാത്രമാണ് തുറന്നത്.

വെള്ളം തുറന്നുവിടാതെ ഡാം തകര്‍ന്നിരുന്നാലുള്ള അവസ്ഥ എത്ര ഭീകരമാകുമായിരുന്നു എന്ന് എല്ലാവരും ആലോചിക്കണമെന്നും മന്ത്രി  പറഞ്ഞു.

Tags: kerala
Leave your comment
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, ഇതില്‍ മലയാളം ബ്രേക്കിഗ് ന്യൂസ്‌ ഉത്തരവാദി ആയിരിക്കില്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക.
Malayalam Breaking News