• പതിരില്ലാത്ത സത്യം പതിവായി...
  • ആരും പറയാത്ത സത്യം ഞങ്ങള്‍ പറയും...
  • സത്യം നിത്യവും നിങ്ങളുടെ വിരല്‍ തുമ്പില്‍...
  • മലയാള മാധ്യമ രംഗത്ത് ഒരു പുത്തന്‍ സൂര്യോദയം...
  • വാര്‍ത്താമാധ്യമം ജനാധിപത്യത്തിന്‍റെ കാവലാകുന്ന ഇടം...

20

APRIL 2019
SATURDAY
12:36 AM

Kochi
+24°C
Malayalam Breaking News Logo
Kochi
+24°C

ശബരിമല വിഷയം: രാഹുലും സോണിയയും ഒരുവശത്ത്, കേരളാ ഘടകം കോണ്‍ഗ്രസ് മറുവശത്ത്; ഒരുവിഷയത്തില്‍ രണ്ട് നിലപാട് സ്വീകരിച്ചുള്ള വഞ്ചന ഇങ്ങനെ; വെട്ടിലായത് കോണ്‍ഗ്രസ് പ്രവര്‍ത്തകരും അനുഭാവികളും

By ANSA 11    January 4, 2019   
ramesh-soniya

ഒരുവിഷയത്തില്‍ രണ്ട് നിലപാട് സ്വീകരിക്കുക എന്ന ‘ഒരു പ്രത്യേകതരം’ രീതി അനുവര്‍ത്തിക്കുകയാണ് ശബരിമല വിഷയത്തില്‍ കോണ്‍ഗ്രസ്. യുവതികള്‍ ശബരിമലയില്‍ കയറുന്നത് അനുവദിച്ചുകൊണ്ടുള്ള സുപ്രിംകോടതി വിധിക്കുശേഷമാണ് ഈ ഉരുണ്ടുകളി. കോണ്‍ഗ്രസ് അണികള്‍ക്കോ സൈബറിടങ്ങളില്‍ കോണ്‍ഗ്രസിനെ പ്രതിരോധിക്കുന്നവര്‍ക്കോ എന്താണ് ഇക്കാര്യത്തിലെ കോണ്‍ഗ്രസ് കേരളാ ഘടകത്തിന്റെ നിലപാട് എന്ന് പിടികിട്ടിയിട്ടില്ല.

വിധിവന്നപ്പോള്‍ ആദ്യം വിധിയെ അനുകൂലിക്കുകയും പിന്നീട് രാഷ്ട്രീയ നേട്ടത്തിനായി നിലപാടുകള്‍ ഓരോ ദിവസവും മാറ്റുകയും ചെയ്ത ബിജെപി കേരളാ ഘടകത്തിന്റെ ചതി വിശ്വാസികള്‍ നേരത്തെ തിരിച്ചറിഞ്ഞിരുന്നു. ഇത് രാഷ്ട്രീയ മുതലെടുപ്പിന് പറ്റിയ അവസരമാണന്നതരത്തിലെ ശ്രീധരന്‍ പിള്ളയുടെ അഭിപ്രായവും യുവതികള്‍ പ്രവേശിക്കുന്നതില്‍ തെറ്റില്ലെന്ന വി മുരളീധരന്റെ പ്രസ്താവനയും ബിജെപിയെ വിശ്വാസികള്‍ തിരിച്ചറിയുന്നതിന് കാരണമായി. എന്നാല്‍ നിരവധി പുരോഗമന പാതകള്‍ വെട്ടിത്തുറന്ന കോണ്‍ഗ്രസ് ഇക്കാര്യത്തില്‍ നിലപാടില്ലാതെ ഉഴറുന്നതാണ് അണികളെ വെട്ടിലാക്കുന്നത്.

വിധിയോടുള്ള രാഹുല്‍ ഗാന്ധിയുടെ ആദ്യ പ്രതികരണംതന്നെ അനുകൂലമായിരുന്നു. പിന്നീട് അദ്ദേഹം അനുവദിച്ച അഭിമുഖത്തിലും ഇക്കാര്യം വ്യക്തമായി തുറന്നുപറഞ്ഞു. എന്നാല്‍ കേരളത്തില്‍ അതിന് നേര്‍ എതിര്‍ നിലപാടില്‍ തുടരാന്‍ രാഹുല്‍ അനുവദിച്ചു എന്നാണ് കേരളത്തിലെ കോണ്‍ഗ്രസ് നേതാക്കള്‍ അവകാശപ്പെടുന്നത്. വിധി വന്നതിനുശേഷം കെപിസിസി അധ്യക്ഷന്‍ മുല്ലപ്പള്ളി രാമചന്ദ്രന്‍ നടത്തിയ വാര്‍ത്താസമ്മേളനം കുത്തിയിരുന്നുകണ്ടാലും എന്താണ് കോണ്‍ഗ്രസ് കേരളാ ഘടകത്തിന്റെ നിലപാട് എന്ന് മനസിലാകുമായിരുന്നില്ല.

ശബരിമല കര്‍മസമിതി ഇന്നലെ ഹര്‍ത്താല്‍ ആഹ്വാനം ചെയ്തപ്പോള്‍ ബിജെപി അതിനെ പിന്തുണച്ചു. ഇതിനോട് അനുഭാവം പ്രകടിപ്പിച്ചെന്നവണ്ണം യുഡിഎഫ് കരിദിനമായി ആചരിക്കുകയും ചെയ്തു. ദില്ലിയിലായിരുന്ന കോണ്‍ഗ്രസ് എംപിമാരും കരിദിനം ആചരിച്ചപ്പോഴാണ് പണി പാളിയത്. സോണിയാ ഗാന്ധി എംപിമാരോട് കരിദിന പരിപാടികളൊന്നും ഇവിടെവേണ്ട എന്നുപറഞ്ഞ് ശാസിച്ചുവിട്ടതായി ദേശീയ മാധ്യമങ്ങളാണ് റിപ്പോര്‍ട്ട് ചെയ്തത്.

ആംബാന്‍ഡ് കെട്ടിയ എംപിമാരോട് ഇങ്ങനെ മുന്നോട്ടുപോകേണ്ടതില്ല എന്ന് സോണിയ കര്‍ശനമായി നിര്‍ദ്ദേശിച്ചതായാണ് ഇന്ത്യന്‍ എക്‌സ്പ്രസ് റിപ്പോര്‍ട്ട് ചെയ്തത്. കോണ്‍ഗ്രസ് ലിംഗ സമത്വത്തിനും സ്ത്രീകളുടെ അവകാശത്തിനുമൊപ്പവുമാണ് നിലകൊള്ളുന്നതെന്ന് സോണിയ വ്യക്തമാക്കി.

നിങ്ങള്‍ക്ക് പ്രാദേശിക രാഷ്ട്രീയമനുസരിച്ച് മുന്നോട്ടുപോകാം. എന്നാല്‍ ദേശീയ തലത്തില്‍ അതുവേണ്ട. ദേശീയ തലത്തില്‍ സ്ത്രീകള്‍ അമ്പലങ്ങളില്‍ പോകുന്നതിനെ എതിര്‍ക്കാനാകില്ല. കാരണം അത് കോണ്‍ഗ്രസിന്റെ നയങ്ങള്‍ക്കെതിരാണ്. ഇങ്ങനെ ഒരു പ്രത്യേകതരം പ്രസ്താവനയാണ് സോണിയ നടത്തിയത്.

പ്രസ്താവന പുറത്തുവന്നതോടെ ഉറങ്ങിക്കിടന്ന സൈബര്‍ കോണ്‍ഗ്രസുകാര്‍ക്ക് ആവേശമുണ്ടായി. ഇതാണ് കോണ്‍ഗ്രസ് നയമെന്നും ഇതുകൊണ്ടാണ് കോണ്‍ഗ്രസില്‍ തുടരുന്നത് എന്നും പോലുള്ള കുറിപ്പുകള്‍ സൈബറിടങ്ങളില്‍ പ്രചരിച്ചു. എങ്കില്‍പോലും സോണിയ പറഞ്ഞതിലെ വൈരുധ്യവും നയത്തിലെ ഇരട്ടത്താപ്പും ചര്‍ച്ചയായി.

എന്നാല്‍ ഇക്കാര്യം തള്ളിക്കൊണ്ട് ഇപ്പോള്‍ കോണ്‍ഗ്രസ് എംപിമാര്‍ രംഗത്ത് വന്നിട്ടുണ്ട്. ശബരമലവിഷയത്തില്‍ പിന്തിരിപ്പിന്‍ നിലപാട് സ്വീകരിച്ച എംപിമാര്‍ക്കെതിരെ യാതൊരുവിധ പരാമര്‍ശവും സോണിയ നടത്തിയിട്ടില്ല എന്നും വാര്‍ത്ത തെറ്റാണ് എന്നുമാണ് ഇവരുടെ വാദം. എന്നാല്‍ വാര്‍ത്തയില്‍ ഉറച്ചുനില്‍ക്കുകയാണ് ഇന്ത്യന്‍ എക്‌സ്പ്രസ്.

എങ്ങനെയാണ് ഒരുവിഷയത്തില്‍ രണ്ട് നിലപാടുകള്‍ ഉണ്ടാവുക എന്നതാണ് ഇപ്പോള്‍ ഉയര്‍ന്നുവരുന്ന ചോദ്യം. നേരത്തെ രാഹുല്‍ നിലപാട് പ്രഖ്യാപിച്ചപ്പോള്‍ പിടിച്ചുനില്‍ക്കാന്‍ പാടുപെട്ട കോണ്‍ഗ്രസ് കേരളാ ഘടകം സോണിയയുടെ അഭിപ്രായംകൂടി പുറത്തുവന്നപ്പോള്‍ കടുത്ത പ്രതിരോധത്തിലായി. ഇക്കാര്യത്തില്‍ തുടര്‍ന്ന് ചെയ്യാന്‍ പോകുന്നത് അക്രമമാണോ നിയമപരമായ വഴിയാണോ എന്ന് കോണ്‍ഗ്രസ് വ്യക്തമാക്കുന്നുണ്ടെങ്കിലും കൃത്യമായ ചോദ്യം അവശേഷിക്കുകയാണ്, കോണ്‍ഗ്രസ് പരമോന്നത കോടതിവിധിക്കും ലിംഗസമത്വത്തിനും ഒപ്പമാണോ അതോ ബിജെപിയുടെ നിലപാടിന്റെ തുടര്‍ച്ചയെന്നവണ്ണം നിലകൊള്ളുകയാണോ എന്നതാണ് ആ ചോദ്യം. രമേശ് ചെന്നിത്തല ദിവസവും നിരന്തരം മാധ്യമങ്ങളെ കണ്ടിട്ടും ഈ ചോദ്യത്തിനുമാത്രം ഉത്തരം ലഭിച്ചിട്ടില്ല.


 

Leave your comment
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, ഇതില്‍ മലയാളം ബ്രേക്കിഗ് ന്യൂസ്‌ ഉത്തരവാദി ആയിരിക്കില്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക.
Malayalam Breaking News