• പതിരില്ലാത്ത സത്യം പതിവായി...
  • ആരും പറയാത്ത സത്യം ഞങ്ങള്‍ പറയും...
  • സത്യം നിത്യവും നിങ്ങളുടെ വിരല്‍ തുമ്പില്‍...
  • മലയാള മാധ്യമ രംഗത്ത് ഒരു പുത്തന്‍ സൂര്യോദയം...
  • വാര്‍ത്താമാധ്യമം ജനാധിപത്യത്തിന്‍റെ കാവലാകുന്ന ഇടം...

20

MAY 2019
MONDAY
04:46 AM

Kochi
+24°C
Malayalam Breaking News Logo
Kochi
+24°C

എംപാനല്‍ ജീവനക്കാരെ പിരിച്ചു വിട്ടതോടെ കെഎസ്ആര്‍ടിസിയില്‍ ഗുരുതര പ്രതിസന്ധി; സംസ്ഥാനത്തൊട്ടാകെ നിരവധി സര്‍വ്വീസുകള്‍ റദ്ദാക്കി

By shahina tn    December 18, 2018   
ksrtc

തിരുവനന്തപുരം: ഹൈക്കോടതിയുടെ അന്ത്യശാസനത്തെ തുടര്‍ന്ന് എംപാനല്‍ ജീവനക്കാരെ പിരിച്ചു വിട്ടതോടെ കെഎസ്ആര്‍ടിസി ഗുരുതര പ്രതിസന്ധിയില്‍. സംസ്ഥാനത്തൊട്ടാകെ ഇന്ന് നൂറുകണക്കിന് സര്‍വ്വീസുകളാണ് റദ്ദാക്കിയത്. ഓര്‍ഡിനറി സര്‍വ്വീസുകളാണ് ഏറെയും റദ്ദാക്കിയത്. ഇത് ഇത് യാത്രക്കാരെ വലിയ ദുരിതത്തിലാഴ്ത്തിയിരിക്കുകയാണ്.

സംസ്ഥാനത്തൊട്ടാകെ ഏതാണ്ട് അറുന്നൂറോളം സര്‍വ്വീസുകള്‍ ഒഴിവാക്കേണ്ടി വരുമെന്ന് കെഎസ്ആര്‍ടിസി എംഡി രാവിലെത്തന്നെ വ്യക്തമാക്കിയിരുന്നു. കഴിഞ്ഞ ദിവസംവരെ ഓടിക്കൊണ്ടിരുന്നതിന്റെ നാലിലൊന്ന്സര്‍വ്വീസുകള്‍ മാത്രമാണ് ഇന്ന് ഓടാന്‍ സാധ്യതയെന്നും അറിയിച്ചിരുന്നു. തിരുവനന്തപുരം ജില്ലയില്‍ 26ഉം എറണാകുളം ജില്ലയില്‍ 129ഉം, കോഴിക്കോട് പന്ത്രണ്ടും സര്‍വ്വീസുകളാണ് റദ്ദാക്കിയത്.

തിരുവനന്തപുരം ജില്ലയില്‍ 23 ഡിപ്പോകളിലായി 1063 എംപാനല്‍ കണ്ടക്ടര്‍മാരെയാണ് പിരിച്ചുവിട്ടത്. തിരുവനന്തപുരം ജില്ലയില്‍ പലയിടത്തും കണ്ടക്ടര്‍മാര്‍ക്കും ഡ്രൈവര്‍മാര്‍ക്കും വലിയ തോതിലുള്ള കുറവാണ് അനുഭവപ്പെടുന്നത്. റാങ്ക് ലിസ്റ്റില്‍ ഉള്‍പ്പെട്ടവരെ എത്രയുംപെട്ടന്ന് ജോലിയില്‍ പ്രവേശിപ്പിച്ച് പരിഹരിക്കാവുന്നതല്ല ഈ പ്രതിസന്ധി എന്ന കാര്യം ഹൈക്കോടതിയുടെ ശ്രദ്ധയില്‍പ്പെടുത്തുക, അതിലൂടെ ഹൈക്കോടതിയില്‍ നിന്നും ഏതെങ്കിലും തരത്തില്‍ ഇളവ് തരപ്പെടുത്തുക എന്നൊരു പോംവഴി മാത്രമാണ് ഇപ്പോള്‍ കെഎസ്ആര്‍ടിസിയുടെ മുന്‍പിലുള്ളത്.

എറണാകുളം ഡിപ്പോയില്‍ സര്‍വീസുകള്‍ മുടങ്ങി. 26 തിരു-ക്കൊച്ചി സര്‍വീസുകളില്‍ 22 എണ്ണത്തിലും എംപാനല്‍ ജീവനക്കാരാണ് ഡ്യൂട്ടി ചെയുന്നത്. ഇവരെ ഒഴിവാക്കിയതോടെ ഈ സര്‍വീസുകള്‍ പൂര്‍ണമായും മുടങ്ങി. വരുംദിവസങ്ങളിലും കൂടുതല്‍ ഓഡിനറി സര്‍വീസുകള്‍ മുടങ്ങും. എംപാനല്‍ ജീവനക്കാരെ ഒഴിവാക്കാന്‍ ആരംഭിച്ചതോടെ കെഎസ്ആര്‍ടിസി സര്‍വീസുകള്‍ മാത്രം ആശ്രയിക്കുന്ന മൂവാറ്റുപുഴയില്‍ ജനങ്ങള്‍ പെരുവഴിയിലായി. എംപാനല്‍ ജീവനക്കാരെ പിരിച്ചുവിടാനുള്ള കോടതിവിധി കൂടി നടപ്പാക്കുന്ന സാഹചര്യത്തില്‍ എറണാകുളം ഡിപ്പോയിലെ ഭൂരിപക്ഷം ഓര്‍ഡിനറി ബസുകളും സര്‍വീസ് നിര്‍ത്തിവെക്കുന്ന സ്ഥിതിവിശേഷമാണുള്ളത്.

തൃശൂരില്‍ 64 സര്‍വ്വീസുകളാണ് ആകെ മുടങ്ങിയത്. മാള ഡിപ്പോയില്‍ 14 സര്‍വ്വീസുകളും പുതുക്കാട് പതിനൊന്ന് സര്‍വ്വീസുകളും ചാലക്കുടിയില്‍ പതിമൂന്നും കൊടുങ്ങല്ലൂരില്‍ പതിനൊന്നും, ഗുരുവായൂരില്‍ ഏഴും, ഇരിങ്ങാലക്കുടയില്‍ ആറും തൃശൂരില്‍ രണ്ടും സര്‍വ്വീസുകളാണ് മുടങ്ങിയിരിക്കുന്നത്.

മലബാറിലും വലിയരീതിയിലുള്ള പ്രതിസന്ധിയാണ് നേരിടുന്നത്. കോഴിക്കോട് ജില്ലയില്‍ പന്ത്രണ്ട് സര്‍വ്വീസുകളാണ് മുടങ്ങിയിരിക്കുന്നത്. കാസര്‍ഗോഡ് ജില്ലയില്‍ 25ഉം കണ്ണൂരില്‍ മൂന്ന് സര്‍വ്വീസുകളുമാണ് ഇതുവരെ മുടങ്ങിയിരിക്കുന്നത്.

കെഎസ്ആര്‍ടിസിയിലെ സ്ഥിരം ജീവനക്കാര്‍ക്ക് അധിക വരുമാനം നല്‍കി കൂടുതല്‍ സമയം ജോലി ചെയ്യിപ്പിക്കാമെന്ന് ആലോചനയുണ്ടായിരുന്നുവെങ്കിലും ഇതിന് ആരും തയ്യാറായില്ല. പിഎസ് സി റാങ്ക് പട്ടികയിലുള്ള 250 പേര്‍ക്ക് മാത്രമാണ് ഇതുവരെ നിയമന ഉത്തരവ് നല്‍കാന്‍ സാധിച്ചിട്ടുള്ളത്. അതിനാല്‍ത്തന്നെ വരും ദിവസങ്ങളിലും പ്രതിസന്ധി തുടരുമെന്ന കാര്യത്തില്‍ സംശയമില്ല. സംസ്ഥാനത്തൊട്ടാകെ 3861 എംപാനല്‍ ജീവനക്കാരെയാണ് ഇന്നലെ കെഎസ്ആര്‍ടിസി പിരിച്ചുവിട്ടത്.

 

Leave your comment
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, ഇതില്‍ മലയാളം ബ്രേക്കിഗ് ന്യൂസ്‌ ഉത്തരവാദി ആയിരിക്കില്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക.
Malayalam Breaking News