• പതിരില്ലാത്ത സത്യം പതിവായി...
  • ആരും പറയാത്ത സത്യം ഞങ്ങള്‍ പറയും...
  • സത്യം നിത്യവും നിങ്ങളുടെ വിരല്‍ തുമ്പില്‍...
  • മലയാള മാധ്യമ രംഗത്ത് ഒരു പുത്തന്‍ സൂര്യോദയം...
  • വാര്‍ത്താമാധ്യമം ജനാധിപത്യത്തിന്‍റെ കാവലാകുന്ന ഇടം...

21

MAY 2019
TUESDAY
04:52 PM

Kochi
+24°C
Malayalam Breaking News Logo
Kochi
+24°C

നിരക്ക് കുറയ്ക്കണമെന്ന് പിണറായി വിജയന്‍; നിരക്കുകള്‍ കുറയ്ക്കാന്‍ നിര്‍ദേശം നല്‍കിയതായി എയര്‍ ഇന്ത്യ; കണ്ണൂര്‍ വിമാനത്താവളത്തില്‍നിന്ന് കൂടുതല്‍ അന്താരാഷ്ട്ര, ആഭ്യന്തര സര്‍വീസുകള്‍ ആരംഭിക്കും

By Web Desk    January 22, 2019   
kannur-airport.new_

കണ്ണൂര്‍: കണ്ണൂര്‍ വിമാനത്താവളത്തില്‍നിന്ന് കൂടുതല്‍ അന്താരാഷ്ട്ര- ആഭ്യന്തര സര്‍വീസുകള്‍ ആരംഭിക്കുമെന്ന് വിമാനക്കമ്പനികള്‍ ഉറപ്പു നല്‍കിയതായി മുഖ്യമന്ത്രി പിണറായി വിജയന്‍ അറിയിച്ചു. കേരളത്തിലെ വിമാനത്താവളങ്ങളില്‍ കൂടുതല്‍ സര്‍വീസുകള്‍ എര്‍പ്പെടുത്തുന്നതുമായി ബന്ധപ്പെട്ട് വിമാന കമ്പനി സിഇഒമാരുമായി നടത്തിയ യോഗത്തിലാണ് ഉറപ്പു ലഭിച്ചത്. കണ്ണൂര്‍ വിമാനത്താവളത്തില്‍ നിന്ന് ഗള്‍ഫ് മേഖലയിലേക്ക് അമിതനിരക്ക് ഈടാക്കുന്നത് കുറയ്ക്കാന്‍ എയര്‍ ഇന്ത്യ തയാറാകണമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ ആവശ്യപ്പെട്ടു.

അതേസമയം എയര്‍ ഇന്ത്യയുടെ കണ്ണൂരില്‍ നിന്നുള്ള അമിത നിരക്കുകള്‍ കുറയ്ക്കാന്‍ നിര്‍ദേശം നല്‍കിയതായി എയര്‍ ഇന്ത്യ സിഎംഡി പിഎസ് ഖരോള മുഖ്യമന്ത്രിയെ അറിയിച്ചു. വടക്കേ ഇന്ത്യയിലെ പ്രമുഖ വിമാനത്താവളങ്ങളിലേക്ക് കൂടുതല്‍ ആഭ്യന്തര സര്‍വീസുകള്‍ .വേനല്‍ക്കാല ഷെഡ്യൂളില്‍ ആരംഭിക്കുമെന്നും അദ്ദേഹം അറിയിച്ചു. എയര്‍ ഇന്ത്യാ എക്‌സ്പ്രസ് കണ്ണൂരില്‍ നിന്ന് മൂന്നു രാജ്യങ്ങളിലേക്ക് കൂടി മാര്‍ച്ചോടെ സര്‍വീസ് ആരംഭിക്കുമെന്ന് സിഇഒ  കെ ശ്യാംസുന്ദര്‍ യോഗത്തില്‍ അറിയിച്ചു. ബഹ്‌റൈന്‍, കുവൈത്ത്, മസ്‌ക്കറ്റ്എന്നിവിടങ്ങളിലേക്കാണ് പുതിയ സര്‍വീസുകള്‍. നിലവില്‍ ഷാര്‍ജ, അബുദാബി, റിയാദ്, ദോഹ എന്നിവിടങ്ങളിലേക്ക് എയര്‍ ഇന്ത്യാ എക്‌സ്പ്രസ് സര്‍വീസ് നടത്തുന്നുണ്ട്. തിരുവനന്തപുരം കണ്ണൂര്‍ സര്‍വീസിനുള്ള സാധ്യത പരിശോധിക്കുമെന്നും അദ്ദേഹം പറഞ്ഞു.

കൂടുതല്‍ സര്‍വീസുകള്‍ ആരംഭിക്കുന്നതിനുള്ള സാധ്യതകള്‍ പരിശോധിക്കുമെന്ന് വിദേശ വിമാനക്കമ്പനികളുടെ പ്രതിനിധികളും അറിയിച്ചു. പത്ത് ആഭ്യന്തര കമ്പനികളുടെയും 12 അന്താരാഷ്ട്ര കമ്പനികളുടേയും പ്രതിനിധികളാണ് യോഗത്തില്‍ പങ്കെടുത്ത് അഭിപ്രായങ്ങള്‍ അറിയിച്ചത്. സംസ്ഥാനത്ത് നിന്നുള്ള വിമാനസര്‍വീസുകള്‍ വര്‍ധിപ്പിക്കുന്നതിന് സംസ്ഥാന സര്‍ക്കാര്‍ മികച്ച ഇടപെടലാണ് നടത്തുന്നതെന്ന് കേന്ദ്ര സിവില്‍ ഏവിയേഷന്‍ സെക്രട്ടറി ആര്‍എന്‍ ചൗബേ അറിയിച്ചു.

പുതുതായി ആരംഭിച്ച കണ്ണൂര്‍ അന്താരാഷ്ട്ര വിമാനത്താവളത്തില്‍ നിന്ന് ഗള്‍ഫ് രാജ്യങ്ങളായ ദുബായ്, ഷാര്‍ജ, അബുദാബി, മസ്‌ക്കറ്റ്, ദോഹ, ബഹ്‌റൈന്‍, റിയാദ്, കുവൈത്ത്, ജിദ്ദ തുടങ്ങിയ മേഖലകളിലേക്ക് കൂടുതല്‍ സര്‍വീസുകള്‍ ആവശ്യമാണ്. നിലവില്‍ എയര്‍ ഇന്ത്യാ എക്‌സ്പ്രസാണ് നാലു അന്താരാഷ്ട്ര സര്‍വീസുകള്‍ കണ്ണൂരില്‍ നിന്ന് നടത്തുന്നത്. കണ്ണൂരില്‍ നിന്ന് വിദേശ വിമനക്കമ്പനികള്‍ക്ക് സര്‍വീസിനുള്ള അനുമതി നല്‍കിയിട്ടില്ല. സിവില്‍ ഏവിയേഷന്‍ മന്ത്രാലയം ഇക്കാര്യത്തിലുള്ള തീരുമാനം പുനഃപരിശോധിക്കണം. കണ്ണൂര്‍ വിമാനത്താവളത്തിന്റെ വികസനത്തിന് ഇതാവശ്യമാണ്. കണ്ണൂരില്‍ നിന്നുള്ള വിമാനങ്ങള്‍ക്കുള്ള ഏവിയേഷന്‍ ടര്‍ബൈന്‍ ഫ്യൂവലിനുള്ള നികുതി നേരത്തെതന്നെ ഒരു ശതമാനമായി കുറച്ചിരുന്നു.

ഉദ്ഘാടനം ചെയ്തതിന് ശേഷമുള്ള ആദ്യമാസത്തെ കണക്കുകള്‍ പരിശോധിച്ചാല്‍, അന്താരാഷ്ട്ര ആഭ്യന്തര യാത്രക്കാരുടെ എണ്ണം ഏതാണ്ട് ഒരുപോലെയാണ്. രാജ്യത്തെ മറ്റു പ്രമുഖ നഗരങ്ങളുമായും കണ്ണൂരില്‍ നിന്നുള്ള വ്യോമബന്ധം ശക്തിപ്പെടുത്തേണ്ടതുണ്ട്. ദില്ലിയിലേക്കും തിരുവനന്തപുരത്തേക്കുമുള്ള സര്‍വീസുകള്‍ ഇതില്‍ പ്രധാനമാണ്. മറ്റു വിമാനത്താവളങ്ങളിലും കൂടുതല്‍ സര്‍വീസുകള്‍ ആവശ്യമാണ്. ശബരിമല വിമാനത്താവളത്തിനുള്ള സാധ്യതാപഠന റിപ്പോര്‍ട്ട് സര്‍ക്കാര്‍ പരിഗണനയിലാണെന്നും കാസര്‍കോട് ബേക്കല്‍, ഇടുക്കി, വയനാട് എന്നിവിടങ്ങളില്‍ എയര്‍സ്ട്രിപ്പ് ആരംഭിക്കുന്നതിനെക്കുറിച്ചും സര്‍ക്കാരിന്റെ പരിഗണനയിലുണ്ടെന്ന് മുഖ്യമന്ത്രി അറിയിച്ചു.

ഇന്‍ഡിഗോ എയര്‍ലൈന്‍സ് കണ്ണൂരില്‍ നിന്ന് ബംഗളൂരു, ഹൈദരാബാദ്, ചെന്നൈ, ഹൂബഌ, ഗോവ എന്നിവിടങ്ങളിലേക്ക് ജനുവരി 25ന് സര്‍വീസ് ആരംഭിക്കുമെന്ന് കമ്പനി പ്രതിനിധികള്‍ അറിയിച്ചിട്ടുണ്ട്. കണ്ണൂരില്‍ നിന്ന് തിരുവനന്തപുരത്തേക്കുള്ള സര്‍വീസ് മാര്‍ച്ച് അവസാനം ആരംഭിക്കും. ദോഹ, കുവൈത്ത് എന്നിവിടങ്ങളിലേക്ക് മാര്‍ച്ചിലും രണ്ടു മാസങ്ങള്‍ക്കുള്ളില്‍ ജിദ്ദ, ദമ്മാം എന്നിവിടങ്ങളിലേക്കും സര്‍വീസ് ആരംഭിക്കുന്നത് പരിഗണനയിലുണ്ട്.

 

Leave your comment
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, ഇതില്‍ മലയാളം ബ്രേക്കിഗ് ന്യൂസ്‌ ഉത്തരവാദി ആയിരിക്കില്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക.
Malayalam Breaking News