• പതിരില്ലാത്ത സത്യം പതിവായി...
  • ആരും പറയാത്ത സത്യം ഞങ്ങള്‍ പറയും...
  • സത്യം നിത്യവും നിങ്ങളുടെ വിരല്‍ തുമ്പില്‍...
  • മലയാള മാധ്യമ രംഗത്ത് ഒരു പുത്തന്‍ സൂര്യോദയം...
  • വാര്‍ത്താമാധ്യമം ജനാധിപത്യത്തിന്‍റെ കാവലാകുന്ന ഇടം...

19

MAY 2019
SUNDAY
05:57 PM

Kochi
+24°C
Malayalam Breaking News Logo
Kochi
+24°C

ദീപികയിലെ കെടുകാര്യസ്ഥത; സിറോ മലബാര്‍ സഭയുടെ സിനഡ് സമ്മേളനത്തില്‍ പൊട്ടിത്തെറി.

By ANSA 11    January 8, 2019   
mar-alancheri

തിരുവനന്തപുരം: സീറോമലബാര്‍ സഭയുടെ സിനഡ് സമ്മേളനം ആരംഭിച്ചതോടെ കര്‍ദ്ദിനാള്‍ ജോര്‍ജ് ആലഞ്ചേരിക്കെതിരെ പുതിയ പോര്‍മുഖങ്ങള്‍ തുറക്കുകയാണ് വിവിധ ചേരികള്‍. ദീപികയിലെ കെടുകാര്യസ്ഥത മുന്‍നിര്‍ത്തി വിശ്വസ്തനായ എംഡിയെ പുറത്താക്കി കര്‍ദിനാളിന് ആദ്യ തിരിച്ചടി നല്‍കുന്നതില്‍ സിനഡ് വിജയിച്ചിരിക്കുയാണ്.

മൂന്ന് വര്‍ഷം മുന്‍പാണ് ചങ്ങനാശ്ശേരി അതിരൂപതയുടെ വികാരി ജനറാലായ ഫാദര്‍ മാണി പുതിയിടത്തിനെ കര്‍ദിനാള്‍ ജോര്‍ജ്ജ് ആലഞ്ചേരി ദീപിക എംഡിയായി നിയമിച്ചത്. കര്‍ദ്ദിനാളിന്റെ മാതൃ അതിരൂപതയായ ചങ്ങനാശ്ശേരിയില്‍ കര്‍ദ്ദിനാളിനെ പിന്‍തുണക്കുന്ന വിരലിലെണ്ണാവുന്ന വൈദികരില്‍ പ്രമുഖനാണ് ഫാദര്‍ മാണി പുതിയിടം. ലാഭത്തിലായിരുന്ന ദീപികയെ കഴിഞ്ഞ മൂന്ന് വര്‍ഷത്തിനിടെ കോടികളുടെ നഷ്ടത്തിലാക്കുകയാണ് ഫാദര്‍ പുതിയിടം ചെയ്തത്. ഇതിനിടെ ദീപികയുടെ പുതിയ പ്രിന്റിംഗ് യൂണിറ്റ് വടവാതൂരില്‍ പണികഴിപ്പിച്ചതോടെ കടം 46 കോടിയിലെത്തി. ഇതിന്റെ ഉദ്ഘാടനമാകട്ടെ വിവാദത്തിലുമായി. ഉദ്ഘാടന കര്‍മ്മം നിര്‍വ്വഹിക്കാനായി മുഖ്യമന്ത്രി പിണറായി വിജയനെ നിശ്ചയിക്കുകയും ഈ മാസം 26 ന് തിയതി തീരുമാനിക്കുകയും ചെയ്തു. ഇതോടെ മാണി പുതിയിടത്തിനെതിരെ ചങ്ങനാശ്ശേരി അതിരൂപത തന്നെ രംഗത്തെത്തി. സിനഡിലെ ഏറ്റവും സീനിയര്‍ മെത്രാപോലീത്ത ആയ മാര്‍ ജോസഫ് പൗവ്വത്തില്‍ കടുത്ത പ്രതിഷേധം ഉയര്‍ത്തുകയും  ഇതിനെ തുടര്‍ന്ന് ജനുവരി 26 ന് മുന്‍പ് ദീപികയ്ക്ക് പുതിയ എംഡിയെ തീരുമാനിക്കുമെന്ന് ഉറപ്പായതോടെ ഉദ്ഘാടന ദിനം ഈ മാസം 15 ലേക്ക് എംഡി ഫാദര്‍ മാണി പുതിയിടം പുതുക്കി നിശ്ചയിച്ചു. 

ശബരിമല വിഷയത്തിലടക്കം എന്‍എസ്എസുമായി യോജിച്ച് പിണറായി വിജയനെതിരെ വിമര്‍ശനവുമായി ചങ്ങനാശേരി അതിരൂപത സഹായമെത്രാന്‍ തോമസ് തറയിലടക്കം രംഗത്തെത്തിയിരുന്നു. എന്‍എസ്എസിനെ പിന്തുണച്ച് ആര്‍ച്ച് ബിഷപ്പ് പവ്വത്തിലിന്റെ വിശ്വസ്തനും അതിരൂപതയുടെ പിആര്‍ഒയുമായ ഫാദര്‍ ആന്റണി തലച്ചെല്ലൂര്‍ വാര്‍ത്താക്കുറിപ്പിറക്കിയതും ഈ നീക്കത്തിന്റെ ഭാഗമായിരുന്നു. ഇതിനിടെ വിശ്വസ്തന് കാലാവധി നീട്ടി നല്‍കാന്‍ കര്‍ദ്ദിനാള്‍ ശ്രമം നടത്തിയെങ്കിലും വിജയിച്ചില്ല. ദീപികയില്‍ കഴിഞ്ഞ രണ്ട് മാസങ്ങളായി ശമ്പളം മുടങ്ങുകയും ചെയ്തതോടെ സിനഡില്‍ ഈ വിഷയം കത്തി പടരുകയായിരുന്നു. ഒടുവില്‍ ദീപിക പ്രശ്‌നം 16-ാം തിയതി സിനഡില്‍ പ്രത്യേക വിഷയമായി ചര്‍ച്ച ചെയ്യാമെന്ന് കര്‍ദ്ദിനാളിന് സമ്മതിക്കേണ്ടി വന്നു. ഒപ്പം എംഡി സ്ഥാനത്തു നിന്ന് ഫാദര്‍ മാണി പുതിയിടത്തെ ഒഴിവാക്കാമെന്നും തീരുമാനമായിട്ടുണ്ട്.

വികാരി ജനറലിന്റെ സ്ഥാനം വഹിക്കുന്ന മോണ്‍സിഞ്ഞോര്‍ ഡോ മാണി പുതിയിടത്തെ ചങ്ങനാശ്ശേരി അതിരൂപതയുടെ അപ്രധാന ഫൊറോനയായ കുടമാളൂര്‍ പള്ളിയില്‍ നിയമിക്കാനാണ് അതിരൂപതയുടെ തീരുമാനം. അടുത്ത ദിവസങ്ങളില്‍ സീറോ മലബാര്‍ സഭയുടെ കൂരിയായിലെ കര്‍ദ്ദിനാളിന്റെ വിശ്വസ്തര്‍ക്കെതിരെ നടപടിക്കാണ് എതിര്‍ ചേരിയുടെ നീക്കം. ഇതിനിടെ ഭൂമി കച്ചവട വിവാദം സിനഡില്‍ വീണ്ടും ചര്‍ച്ചയാകും. വിവാദ ദല്ലാള്‍ സാജുവുമായി കര്‍ദ്ദിനാള്‍ തുടരുന്ന അടുപ്പം സിനഡിനെ ചൊടുപ്പിച്ചിട്ടുണ്ട്. ഡിസംബര്‍ 31 ന് കാഞ്ഞിരപ്പള്ളി രൂപതയുടെ അണക്കരയില്‍ വച്ച് നടന്ന സാജു കര്‍ദ്ദിനാള്‍ കൂടി കാഴ്ച്ചയുടെ ഫോട്ടോകള്‍ അടക്കം പരാതി സിനഡിന് മുന്‍പില്‍ ലഭിച്ചിട്ടുണ്ട്. സിനഡിന്റെ ചര്‍ച്ചകള്‍ പുരോഗമിക്കുന്ന മുറക്ക് കര്‍ദിനാളിനെ രാജിയിലേക്ക് നയിക്കാനുള്ള നീക്കം വിജയിക്കുമെന്നാണ് സൂചനകള്‍.

 

Leave your comment
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, ഇതില്‍ മലയാളം ബ്രേക്കിഗ് ന്യൂസ്‌ ഉത്തരവാദി ആയിരിക്കില്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക.
Malayalam Breaking News