• പതിരില്ലാത്ത സത്യം പതിവായി...
  • ആരും പറയാത്ത സത്യം ഞങ്ങള്‍ പറയും...
  • സത്യം നിത്യവും നിങ്ങളുടെ വിരല്‍ തുമ്പില്‍...
  • മലയാള മാധ്യമ രംഗത്ത് ഒരു പുത്തന്‍ സൂര്യോദയം...
  • വാര്‍ത്താമാധ്യമം ജനാധിപത്യത്തിന്‍റെ കാവലാകുന്ന ഇടം...

27

MARCH 2019
WEDNESDAY
02:37 AM

Kochi
+24°C
Malayalam Breaking News Logo
Kochi
+24°C

സ്വകാര്യ വാഹനങ്ങള്‍ നിരത്തില്‍; ഓട്ടോ-ടാക്‌സികള്‍ സര്‍വ്വീസ് നടത്തുന്നു; കടകള്‍ മിക്കതും തുറന്നു പ്രവര്‍ത്തിക്കുന്നു; സംസ്ഥാനത്ത് ഹര്‍ത്താലെന്ന് ബിജെപി .

By Shahina    December 14, 2018   
harthal

തിരുവനന്തപുരം: ബിജെപി സംസ്ഥാന വ്യാപകമായി പ്രഖ്യാപിച്ച ഹര്‍ത്താല്‍ പുരോഗമിക്കുന്നു. രാവിലെ ആറ് മുതല്‍ വൈകിട്ട് ആറ് വരെയാണ് ഹര്‍ത്താല്‍. തിരുവനന്തപുരം ഹര്‍ത്തില്‍ ആദ്യ മണിക്കൂറുകളില്‍ അക്രമസംഭവങ്ങളൊന്നും റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിട്ടില്ല. ഹര്‍ത്താലിനോട് സമ്മിശ്ര പ്രതികരണമാണ് ആളുകളുടെ ഭാഗത്ത് നിന്ന് ഉണ്ടാകുന്നത്.

സ്വാകര്യ വാഹനങ്ങള്‍ എല്ലാംതന്നെ നിരത്തുകളിലിറങ്ങിയിട്ടുണ്ട്. വ്യാപാര സ്ഥാപനങ്ങള്‍ പലതും തുറന്നു പ്രവര്‍ത്തിക്കുന്നുണ്ട്. ഓട്ടോറിക്ഷത്തൊഴിലാളികളും പര്‍ത്താലിനോട് സഹകരിച്ചിട്ടില്ല. ഓട്ടോറിക്ഷകള്‍ സജീവമായി നിരത്തിലിറങ്ങിയിട്ടുണ്ട്. സെക്രട്ടറിയേറ്റിലെയുംമറ്റ് സര്‍ക്കാര്‍ ഓഫീസുകളിലേയും ഹാജര്‍ നില സംബന്ധിച്ച് കുറച്ചുകൂടി കഴിഞ്ഞാല്‍ മാത്രമേ വ്യക്തത വരികയുള്ളൂ.

തലസ്ഥാനത്തും അതുപോലെത്തന്നെ തെക്കന്‍ കേരളത്തിലും ആളുകള്‍ ഹര്‍ത്താലിനോട് മുന്‍കാലങ്ങളിലേതുപോലെ പൂര്‍ണ്ണമായി സഹകരിച്ചിട്ടില്ല. തിരുവനന്തപുരത്തെ സംബന്ധിച്ച് ബിജെപി പ്രഖ്യാപിക്കുന്ന ഈയാഴ്ചയിലെ രണ്ടാമത്തെ ഹര്‍ത്താലാണിത്. സെക്രട്ടറിയേറ്റിലേക്ക് ബിജെപി നടത്തിയ മാര്‍ച്ചിനിടെ സംഘര്‍ഷമുണ്ടായതുമായി ബന്ധപ്പെട്ടായിരുന്നു രണ്ടു ദിവസം മുന്‍പ് ഹര്‍ത്താല്‍ പ്രഖ്യാപിച്ചത്. അന്ന് ഹര്‍ത്താല്‍ ഏറെക്കുറെ പൂര്‍ണ്ണമായിരുന്നു.

എന്നാല്‍ ഇന്ന് അത്രതന്നെ പൂര്‍ണ്ണമല്ലെങ്കിലും തിരുവനന്തപുരം ആര്‍സിസി, മെഡിക്കല്‍ കോളേജ് എന്നിവിടങ്ങളിലേക്ക് പോകേണ്ട രോഗികളും ബന്ധുക്കളും ചെറിയതോതിലാണെങ്കിലും ബുദ്ധിമുട്ട് അനുഭവിക്കുന്നുണ്ട്. തമ്പാനൂര്‍ ബസ് സ്റ്റേഷന്‍, റെയില്‍വേ സ്റ്റേഷന്‍ എന്നിവിടങ്ങളില്‍ വന്നിറങ്ങിയ ദീര്‍ഘദൂര യാത്രക്കാരാണ് ആശുപത്രികളിലേക്ക് എത്തിപ്പെടാന്‍ ബുദ്ധിമുട്ടുന്നത്. ഇവര്‍ക്കു വേണ്ടി മറ്റ് സന്നദ്ധ സംഘടനകളും സമാന്തര സര്‍വ്വീസുകള്‍ ഒരുക്കിയിട്ടുണ്ടെങ്കിലും അതെല്ലാം കൃത്യമായി പ്രയോജനം ചെയ്യുന്നുണ്ടെന്ന് ഉറപ്പിക്കാന്‍ കഴിയുന്നില്ല.

കെഎസ്ആര്‍സി സര്‍വ്വീസുകളൊന്നുംതന്നെ നിരത്തിലിറങ്ങുന്നില്ല എന്നതാണ് ജനങ്ങളെ ബാധിക്കുന്ന മറ്റൊരു ബുദ്ധിമുട്ട്. പൊലീസിന്റെ സംരക്ഷണമുണ്ടെങ്കില്‍ സര്‍വ്വീസ് നടത്താം എന്ന സമീപനമാണ് കെഎസ്ആര്‍ടിസി അധികൃതര്‍ സ്വീകരിച്ചിരിക്കുന്നത്.

ബിജെപി ഹര്‍ത്താല്‍ മധ്യകേരളത്തെയും കാര്യമായി ബാധിച്ചിട്ടില്ല. എറണാകുളം ജില്ലയില്‍ കെഎസ്ആര്‍ടിസി സര്‍വ്വീസ് നടത്താത്തത് സാധാരണ ജനങ്ങളെ ബുദ്ധിമുട്ടിലാക്കിയിട്ടുണ്ട്. എന്നാല്‍ ഒടിയന്‍ സിനിമയുടെ റിലീസ് ദിവസമായ ഇന്ന് തിയേറ്ററുകളിലേക്ക് ആരാധകരുടെ  കുച്ചൊഴുക്കാണ്. മോഹന്‍ലാല്‍ ഫാന്‍സിനെ ഹര്‍ത്താല്‍ തരിമ്പും ബാധിച്ചിട്ടില്ല എന്നുവേണം പറയാന്‍.

മെട്രോ സര്‍വ്വീസുകള്‍ സാധാരണ ഗതിയില്‍ത്തന്നെ സര്‍വ്വീസ് നടത്തുന്നുണ്ട്. സ്വകാര്യ വാഹനങ്ങളും സാധാരണഗതിയില്‍ത്തന്നെ നിരത്തിലിറങ്ങിയിട്ടുണ്ട്. വ്യാപാരസ്ഥാപനങ്ങളും മിക്കതും തുറന്നു പ്രവര്‍ത്തിക്കുന്നുണ്ട്. ബിജെപി അല്‍പം മുന്‍പ് നഗരത്തില്‍  പ്രതിഷേധ പ്രകടനം നടത്തിയിരുന്നു. എന്നാല്‍ അതിലും പ്രവര്‍ത്തകരുടെ പങ്കാളിത്തം കുറവായിരുന്നു. മറ്റ് അക്രമസംഭവങ്ങളൊന്നും ജില്ലയില്‍ റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിട്ടില്ല.

ബിജെപി ഹര്‍ത്താലിന് കോഴിക്കോട് ജില്ലയിലും കാര്യമായ ചലനമുണ്ടാക്കാന്‍ കഴിഞ്ഞിട്ടില്ല. ഓട്ടോറിക്ഷകള്‍ സര്‍വ്വീസ് നടത്തുന്നുണ്ട്. സ്വകാര്യ വാഹനങ്ങളും നിരത്തിലിറങ്ങിയിട്ടുണ്ട്. അതേസമയം കോഴിക്കോട് വടകര ചോമ്പാല പൊലീസ് സ്റ്റേഷനു സമീപത്ത് സ്‌ഫോടനമുണ്ടായി.സ്‌ഫോടനത്തിന്റെ കാരണം സംബന്ധിച്ച് ഇതുവരെ വ്യക്തത വന്നിട്ടില്ല. ബോംബ് സ്‌ക്വാഡും പൊലീസും സ്ഥലത്ത് പരിശോധന നടത്തുകയാണ്.

Leave your comment
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, ഇതില്‍ മലയാളം ബ്രേക്കിഗ് ന്യൂസ്‌ ഉത്തരവാദി ആയിരിക്കില്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക.
Malayalam Breaking News