• പതിരില്ലാത്ത സത്യം പതിവായി...
  • ആരും പറയാത്ത സത്യം ഞങ്ങള്‍ പറയും...
  • സത്യം നിത്യവും നിങ്ങളുടെ വിരല്‍ തുമ്പില്‍...
  • മലയാള മാധ്യമ രംഗത്ത് ഒരു പുത്തന്‍ സൂര്യോദയം...
  • വാര്‍ത്താമാധ്യമം ജനാധിപത്യത്തിന്‍റെ കാവലാകുന്ന ഇടം...

26

SEPTEMBER 2018
WEDNESDAY
02:58 AM

Kochi
+24°C
Malayalam Breaking News Logo
Kochi
+24°C

കമ്മാരൻ ഒരൊന്നൊന്നര സംഭവം 

By ശാലിനി രവീന്ദ്രന്‍    April 14, 2018   

ശാലിനി രവീന്ദ്രന്‍

രാമലീല എന്ന  ദിലീപ് ഹിറ്റ് ചിത്രത്തിന് ശേഷം , രതീഷ്അമ്പാട്ട്, മുരളി ഗോപി കൂട്ടുകെട്ടിൽ ഗോകുലം ഗോപാലൻ നിർമ്മിച്ച  ബിഗ് ബജറ്റ് ചിത്രമാണ് കമ്മാര സംഭവം. ദിലീപിൻറെ  പതിവ് ശൈലിയിൽ നിന്നും വിട്ടു നിന്നുള്ള സീരിയസ് അഭിനയം രാമലീലയുടെ വിജയത്തിന് ഏറെ ഗുണകരമായിരുന്നു. തിരിച്ചു വരവിൽ ഇത്തരം സീരിയസ് കഥാപാത്രങ്ങളാകാം ദിലീപ് തെരെഞ്ഞെടുക്കുന്നതെന്നുള്ള മുൻധാരണകളെ തിരുത്തി പകരം സ്റ്റാർഡം മേക്ക് ചെയ്യുന്ന, കഥാപാത്രത്തിനൊത്ത് മാറുന്ന പഴയ ദിലീപിനെ കമ്മാര സംഭവത്തിൽ കാണാം. മലയാള സിനിമയിൽ ദിലീപിനെ മാറ്റി നിർത്താൻ കഴിയില്ലെന്ന് തെളിയിക്കുന്ന മറ്റൊരു ചിത്രം കൂടിയാണ് കമ്മാര സംഭവം. മൂന്നു കാലഘട്ടത്തിലൂടെ കടന്നു പോകുന്ന ചിത്രത്തിൽ മൂന്ന് ഗെറ്റപ്പിലാണ് ദിലീപ് എത്തുന്നത്.കമ്മാരനെന്ന ഐ.എൽ.പി യുടെ പറയപ്പെടുന്ന പഴയ നേതാവിന്റെ ജീവിത കഥ സിനിമയാക്കുകയും അതുവഴി പാർട്ടിയെ തെരെഞ്ഞെടുപ്പിൽ വിജയിപ്പിക്കുകയും തുടർന്നുള്ള സംഭവങ്ങളുമാണ് സിനിമ. ചിത്രത്തിൽ ആദ്യ പകുതിയിൽ കമ്മാരന്റെ യാതാർത്ഥ ജീവിതവും രണ്ടാം പകുതിയിൽ പാർട്ടിക്ക് വേണ്ടി നിർമ്മിച്ച സിനിമയിലെ കമ്മാരനേയുമാണ് കാണിക്കുന്നത്.ഇതിൽ യഥാർത്ഥ  സിനിമ നടനായൊരു വേഷത്തിലും  ദിലീപ് എത്തുന്നുണ്ട്.തമിഴ് സിനിമകളിൽ നായകന് നൽകുന്ന ഇൻട്രോ സോങ്ങുകളിലൂടെയും  മാസ്സ് സോങ്ങുകളിലൂടെയും ദിലീപ് എന്ന നടന്റെ സ്റ്റാർഡം ഉറപ്പിക്കാൻ ശ്രമിക്കുമ്പോൾ അമിതാവേശം നൽകുന്ന ഫൈറ്റ് സീനുകൾ  ചിത്രത്തിൽ കുത്തിത്തിരുകിയിട്ടില്ല. എന്നാൽ രണ്ടാം പകുതിയിലുള്ള ട്രെയിൻ ഫൈറ്റ് ഹോളിവുഡ് ലെവലിലുള്ള സാങ്കേതിക മികവോടെ ചെയ്തത് അതിഗംഭീരമായി.

 തീയേറ്ററിൽ മികച്ച പ്രതികരണം നേടാത്തതും പ്രേക്ഷക പ്രശംസ നേടിയതുമായ ടിയാന് ശേഷം മുരളി ഗോപി തിരക്കഥ എഴുതിയ ചിത്രമാണിത്. കൈയ്യൊതുക്കമുള്ള തിരക്കഥയും സംവിധാനവും  തന്നെയാണ് മൂന്ന് മണിക്കൂർ രണ്ട് മിനിറ്റ് കമ്മാര സംഭവത്തിനായി പ്രേക്ഷകനെ പിടിച്ചിരുത്തുന്നത്. രഞ്ജി പണിക്കരിന് ശേഷം പ്രേക്ഷകരുടെ ഓർമയിൽ നിൽക്കുന്ന ക്ലാസ് ഡയലോഗുകളെഴുതുന്നതിലും, പദ്മരാജന് ശേഷം മലയാളത്തിൽ  ധൈര്യപൂർവ്വം തിരക്കഥയൊരുക്കുന്നതിലും  അസാമാന്യമായ കഴിവുള്ള വ്യക്തിയാണ് മുരളി ഗോപി. ലെഫ്റ്റ് റൈറ്റ് ലെഫ്റ്റ് അതിനുദാഹരണമാണ്. പ്രായത്തിനൊത്ത വേഷം ചെയ്യാൻ സൂപ്പർ സ്റ്റാറുകൾ പോലും മടിക്കുമ്പോൾ അച്ഛന്റെ സിനിമ പാരമ്പര്യം ഭാരമാക്കാതെ കഥാപാത്രത്തിനൊത്ത് സിനിമ ചെയ്യുന്ന നടനാണ് മുരളി ഗോപി.ചിത്രത്തിൽ ഒരു പ്രധാന വേഷവും അദ്ദേഹം കൈകാര്യം ചെയ്തിരിക്കുന്നു.

കമ്മാര സംഭവത്തിന്റെ ഭൂരിഭാഗം ഭാഗങ്ങളും സ്വാതന്ത്ര്യ സമര കാലഘട്ടങ്ങളും ജന്മി കുടിയാൻ വ്യവസ്ഥകളും അനുസ്മരിപ്പിക്കുന്നതാണ്. ഈ കാലഘട്ടങ്ങളിലേക്ക് പ്രേക്ഷകനെ ബോറടിപ്പിക്കാതെ കൊണ്ട് പോകുന്നതിൽ കെ.എസ്.സുനിലിന്റെ ക്യാമറ വിജയിച്ചിരിക്കുന്നു. കളറിസ്റ്റ് ആയിരുന്ന കെ.എസ് സുനിലിൻറെ  ക്യാമറയുടെ ദൃശ്യ മികവും, കളറിംഗും  ഈ ചിത്രത്തിന്റെ ആസ്വാദക മികവിന്റെ ആഴം കൂടിയെയെന്നുതന്നെ  പറയാം. മികച്ച വി.എഫ്.എക്‌സിലൂടെ മലയാള സിനിമയെ മറ്റൊരു ലെവലിൽ എത്തിക്കുന്ന സിനിമയാണിത്.

മനസ്സിൽ തങ്ങിനിൽക്കുന്ന ഗാനങ്ങളൊന്നും തന്നെ ചിത്രത്തിലില്ലെങ്കിലും ഉള്ള പാട്ടുകൾ പ്രേക്ഷകരെ അരോചകപ്പെടുത്താതെ സിനിമയോടൊപ്പമുള്ള ഒഴുക്കിൽ പോകുന്നതാണ്. ഗോപി സുന്ദറിന്റെ  പശ്ചാത്തല സംഗീതവും  റസൂൽ പൂക്കുട്ടിയുടെ സൗണ്ട് ഡിസൈനിങ്ങും കമ്മാര സംഭവത്തെ  നാലുപടി ഉയർത്തിയിട്ടുണ്ട്.

സൗത്ത് ഇന്ത്യൻ സിനിമകളിലെ നടനായ സിദ്ധാർത്ഥ് ഈ സിനിമയിൽ ഒരു പ്രധാന വേഷത്തിലെത്തുന്നുണ്ട്. തൻറെ ആദ്യ മലയാള സിനിമയിലൂടെ തന്നെ മലയാളത്തിനൊരു മുതൽക്കൂട്ടാണ് താനെന്ന് സിദ്ധാർഥ് കമ്മാര സംഭവത്തിലൂടെ തെളിയിച്ചിരിക്കുന്നു. ഒതേനനെന്ന കഥാപാത്രത്തിനായി സിദ്ധാർത്ഥിനെ തെരഞ്ഞെടുത്തതിൽ സംവിധായകന് തെല്ലും പരിഭ്രമിക്കേണ്ടതില്ല. ചിത്രത്തിൽ ദിലീപിനോടൊപ്പം തന്നെ സിദ്ധാർത്ഥ് മത്സരിച്ച് അഭിനയിച്ചിട്ടുണ്ട്. ജിഗർ ദണ്ഡയിലൂടേയും ,കാവ്യ തലൈവനിലൂടേയും ചോക്ലേറ്റ് ബോയെന്ന ലേബൽ തിരുത്തിയെഴുതിയ സിദ്ധാർത്ഥ് 2014 നു ശേഷം തെരഞ്ഞെടുക്കുന്ന ചിത്രങ്ങളിലെ കഥാപാത്രങ്ങളെ വ്യത്യസ്തമാക്കുന്നുണ്ട്. നമിത പ്രമോദ്,സിദ്ദിഖ്,വിജയ രാഘവൻ,ഇന്ദ്രൻസ് തുടങ്ങിയവർ ലഭിച്ച  കഥാപാത്രങ്ങൾ  കൈയ്യൊതുക്കത്തോടെ അവതരിപ്പിച്ചിട്ടുണ്ട്.സ്ക്രീൻ സ്പേസ് തികയ്ക്കാൻ അനാവശ്യമായി താരങ്ങളെ കുത്തിത്തിരുകാതെ കാസ്റ്റിംഗിലും മിതത്വമുള്ള സിനിമയായി  കമ്മാര സംഭവം മാറി.

അന്യഭാഷ ചിത്രങ്ങളെ അപേക്ഷിച്ച് പീരിയഡ് സിനിമകൾ മലയാളത്തിൽ കുറവാണെങ്കിലും അണിയറയിൽ ഒരുങ്ങുന്ന ചിത്രങ്ങൾ  ബോളിവുഡ് ലെവലിലേക്ക് മലയാളത്തെ കൊണ്ടെത്തിക്കുമെന്ന് പ്രതീക്ഷിക്കാം.പഴയ കാലത്തിൽ മാത്രം സിനിമ ഒതുക്കാതെ നിലവിലെ വ്യവസ്ഥിതിയേയും ഉൾപ്പെടുത്തി കോമിക് രീതിയിൽ പീരിയഡ് സിനിമ നിർമ്മിച്ചിരിക്കുന്നിടത്താണ് കമ്മാര സംഭവത്തിൻറെ വിജയം. പരസ്യങ്ങളിലൂടെ പ്രേക്ഷകനെ പിടിച്ചിരുത്തിയ വിദ്യ സിനിമയിലും അവലംബിക്കാമെന്ന് രതീഷ് അമ്പാട്ടെന്ന സംവിധായകൻ തെളിയിച്ചിരിക്കുന്നു.സാങ്കേതികത്തികവിലൂന്നിയ ചിത്രങ്ങൾ പലപ്പോഴും സംവിധായകന്റെ സാങ്കേതിക അജ്ഞതകളാൽ സാങ്കേതികമായ മുന്നേറ്റം മാത്രം എടുത്തു കാണിക്കാറുണ്ട്.എന്നാൽ തിരക്കഥയെക്കൊപ്പം പോകുന്ന സാങ്കേതിക രീതികൾ മാത്രമാണ് കമ്മാര സംഭവത്തിൽ ഉൾപ്പെടുത്തിയിട്ടുള്ളത്. 

 

Related News
Leave your comment
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, ഇതില്‍ മലയാളം ബ്രേക്കിഗ് ന്യൂസ്‌ ഉത്തരവാദി ആയിരിക്കില്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക.
Malayalam Breaking News