• പതിരില്ലാത്ത സത്യം പതിവായി...
  • ആരും പറയാത്ത സത്യം ഞങ്ങള്‍ പറയും...
  • സത്യം നിത്യവും നിങ്ങളുടെ വിരല്‍ തുമ്പില്‍...
  • മലയാള മാധ്യമ രംഗത്ത് ഒരു പുത്തന്‍ സൂര്യോദയം...
  • വാര്‍ത്താമാധ്യമം ജനാധിപത്യത്തിന്‍റെ കാവലാകുന്ന ഇടം...

19

MAY 2019
SUNDAY
06:13 PM

Kochi
+24°C
Malayalam Breaking News Logo
Kochi
+24°C

ചിരിയുടെ പ്രകാശ ദൂരവുമായി ‘ഞാന്‍ പ്രകാശന്‍’

By shahina tn    December 22, 2018   
njan-prakashan

സത്യന്‍ അന്തിക്കാടും ശ്രീനിവാസനും 16 വര്‍ഷങ്ങള്‍ക്ക് ശേഷം ഒരുമിച്ച ചിത്രമാണ് ‘ഞാന്‍ പ്രകാശന്‍’. മലയാള സിനിമയുടെ പുതുവേഗം, ദൃശ്യപ്രധാനമായ കഥപറച്ചിലിന്റെയും റിയലിസ്റ്റിക് പരിചരണരീതിയുടെയുമായി മാറിയ ഇടത്തേക്കാണ് ഒന്നരപ്പതിറ്റാണ്ടിന് ശേഷം ഈ കുട്ടുകെട്ടിന്റെ വരവ്. ഹാസ്യത്തെയും ആക്ഷേപഹാസ്യത്തെയും ദൃശ്യപ്രധാനമായും തികഞ്ഞ സ്വാഭാവികതയോടെ തന്മയത്വത്തോടെയും അവതരിപ്പിച്ച കൂട്ടുകെട്ട് കൂടിയാണ് ഇവര്‍. ദൃശ്യശബ്ദ പരിചരണത്തില്‍ വിപ്ലവമൊരുക്കാനാകുന്ന ഡിജിറ്റല്‍ ഫിലിം മേക്കിംഗിന്റെ സാധ്യതകള്‍ വരവറിയിക്കുംമുമ്പേ തന്നെ റിയലിസ്റ്റിക് അന്തരീക്ഷസൃഷ്ടിയിലൂടെയും, കഥാപാത്രനിര്‍മ്മിതിയിലൂടെയും ഹാസ്യആക്ഷേപഹാസ്യ സന്ദര്‍ഭങ്ങള്‍ ഗംഭീരമായി സത്യന്‍ അന്തിക്കാട് സിനിമകളില്‍ കടന്നുവന്നിരുന്നു.

സുഡാനി ഫ്രം നൈജീരിയയും, മഹേഷിന്റെ പ്രതികാരവും, തൊണ്ടിമുതലും ദൃക്‌സാക്ഷിയും റിയലിസ്റ്റിക്‌സെമി റിയലിസ്റ്റിക് നര്‍മ്മപരിസരങ്ങളുടെയും വൈകാരികതലങ്ങളുടെയും സമന്വയമായി മലയാളസിനിമയുടെ പുതിയകാലത്തെ പ്രതാപഭരിതമാക്കുമ്പോള്‍ അവയ്ക്ക് മുന്‍ഗാമികളായി പൊന്‍മുട്ടയിടുന്ന താറാവും, മഴവില്‍ക്കാവടിയും, നാടോടിക്കാറ്റും,പിന്‍ഗാമിയും,നാടോടിക്കാറ്റും ഇവിടുണ്ടായിരുന്നു. ഒരേ ചേരുവകളുടെ തുടര്‍ച്ചയായി അനുഭവപ്പെടുന്ന സാരോപദേശ സീരീസുകള്‍ കുടുംബ സിനിമകളെന്ന ലേബലില്‍ ആവര്‍ത്തിക്കപ്പെട്ടിടത്താണ് സത്യന്‍ അന്തിക്കാട് എന്ന മലയാളത്തിലെ മികച്ച ക്രാഫ്റ്റ്മാന്‍മാരില്‍ ഒരാള്‍ നിരാശപ്പെടുത്തിയതായി തോന്നിയിട്ടുള്ളത്.

ഞാന്‍ പ്രകാശന്‍ ആത്യന്തികമായി സത്യന്‍ അന്തിക്കാട് എന്ന ഫിലിംമേക്കറുടെ മികച്ച തിരിച്ചുവരവാണ്. പുതുമയുള്ളതെന്ന് അവകാശപ്പെടാനാകാത്ത പ്രമേയത്തെ മുന്‍നിര്‍ത്തി തന്നെ കഥ പറച്ചിലിന്റെയും, കഥാപാത്ര നിര്‍മ്മിതിയുടെയും ചാരുതയില്‍ ആസ്വാദ്യകരമായ അനുഭവമാണ്  പ്രകാശന്‍. കേന്ദ്രകഥാപാത്രത്തിന് പുറത്തേക്ക് കഥ പറച്ചിലിനെ കൊണ്ടുപോയി ഉപകഥാപാത്രങ്ങളിലൂടെയും, ചെറുകഥാപാത്രങ്ങളിലൂടെയും സാന്ദര്‍ഭിക നര്‍മ്മങ്ങളുടെ രസക്കൂട്ടൊരുക്കുന്ന ചലച്ചിത്രകാരനെ ഞാന്‍ പ്രകാശനില്‍ വീണ്ടും കാണാനാകും.

മലയാളിയുടെ ഗ്രാമീണജീവിതത്തെയും, സാമൂഹിക ജീവിതത്തെയും, സ്വകാര്യതയെയും അപകര്‍ഷതയെയുമൊക്കെ രാഷ്ട്രീയമായും, അരാഷ്ട്രീയമായും അവതരിപ്പിച്ചവയാണ് സത്യന്‍ അന്തിക്കാട്ശ്രീനിവാസന്‍ സിനിമകള്‍. ശരാശരി മലയാളിയുടെ സന്തോഷവും സങ്കടവും ആധിയുമെല്ലാം കണ്ണാടിയിലെന്ന പോലെ സത്യന്‍ അന്തിക്കാടിന്റെ ആദ്യകാല സിനിമകളില്‍ തെളിയുമായിരുന്നു. നുറുങ്ങുനര്‍മ്മങ്ങളുടെ ആവരണത്തില്‍ ചില സാമൂഹ്യഉത്തരവാദിത്വങ്ങളിലേക്ക് ആശയങ്ങള്‍ വിരല്‍ചൂണ്ടും. ആ ശൈലീഭദ്രതയുടെ തുടര്‍ച്ച ഞാന്‍ പ്രകാശനില്‍ ഉണ്ട്. അവിശ്വസനീയമാംവിധം വിശ്വസനീയമായ അന്തരീക്ഷസൃഷ്ടിയും കഥാപാത്രനിര്‍മ്മിതിയും കാസ്റ്റിംഗുമായിരുന്നു ആ സിനിമകളുടെ പ്രധാന സവിശേഷത. ഗാന്ധിനഗര്‍ സെക്കന്‍ഡ് സ്ട്രീറ്റും, നാടോടിക്കാറ്റും, മഴവില്‍ക്കാവടിയുമെല്ലാം കല്‍പ്പിതകഥയുടെ സ്വാതന്ത്ര്യം വിശാലമായി ഉപയോഗിച്ച് കൊണ്ട് തന്നെ റിയലിസ്റ്റിക് ട്രീറ്റ്‌മെന്റില്‍ ഉറച്ച് നീങ്ങിയവാണ്.

ഞാന്‍ പ്രകാശനിലെത്തുമ്പോള്‍ സത്യന്‍ അന്തിക്കാട് എന്ന സംവിധായകന്‍ വലിയൊരു ഇടവേളയ്ക്ക് ശേഷം സ്വാഭാവിക ഹാസ്യത്തിന്റെയും സ്വാഭാവിക അന്തരീക്ഷസൃഷ്ടിയുടെയും സാധ്യതകളെ ഫലപ്രദമായും ആസ്വാദ്യകരമായും ഉപയോഗപ്പെടുത്തുന്നത് കാണാനാകുന്നു. രംഗസൃഷ്ടിയില്‍ കഥാപാത്രങ്ങളെ ശൈലിയിലും,, ശരീരഭാഷയാലുമെല്ലാം അങ്ങേയറ്റം സ്വാഭാവിമാക്കാനുള്ള പ്രയത്‌നം ഫലം കാണുന്നുമുണ്ട്. അവതരണത്തിലെ സൂക്ഷ്മതയ്‌ക്കൊപ്പം ദൃശ്യസാങ്കേതിക പരിചരണത്തില്‍ ശ്രദ്ധയൂന്നി മുന്നേറുന്ന സംവിധായകനെ അനുഭവപ്പെടുത്തുന്നതുമാണ് ഞാന്‍ പ്രകാശന്‍. പ്രവചനാത്മക കഥാഗതിയെന്ന വിയോജിപ്പിനെ മറികടക്കാനാകുന്ന അനുഭവതലം സമ്മാനിക്കുന്നുണ്ട് ഞാന്‍ പ്രകാശന്‍.

സത്യന്‍ അന്തിക്കാട് ചിത്രത്തില്‍ ഫഹദ് ഫാസിലിന് രണ്ടാമൂഴമാണ്. ശ്രീനിവാസന്റെ രചനയിലും രണ്ടാം വട്ടം. സത്യന്‍ അന്തിക്കാട് സിനിമകളുടെ വിന്റേജ് ഫീല്‍ നല്‍കുന്ന ടൈറ്റില്‍ ഗ്രാഫിക്‌സിനൊപ്പമാണ് ചിത്രം തുടങ്ങുന്നത്. തിരക്കഥാകൃത്ത് ശ്രീനിവാസന്റെ ശബ്ദത്തില്‍ പ്രകാശന് മുഖവുര. പ്രകാശനൊപ്പം യാത്ര തുടങ്ങുമ്പോള്‍ വിനോദയാത്രയിലെ വിനോദിനെപ്പോലെയും, ജോമോന്റെ സുവിശേഷങ്ങളിലെ ജോമോനെപ്പോലെയും കുറുക്കുവഴികളിലൂടെ ജീവിതം സുരക്ഷിതമാക്കാനൊരുങ്ങുന്ന ആളെന്ന മുന്‍പരിചയമുണ്ടാകുന്നു. ആഗ്രഹത്തിനൊത്ത ജീവിതത്തിനായി പ്രകാശന്‍  തേടിപ്പിടിക്കുന്ന വഴികളും, ആ വഴികളിലുണ്ടാകുന്ന പ്രതിബന്ധങ്ങളുമാണ് സിനിമ. സത്യന്‍ശ്രീനി കൂട്ടുകെട്ടിന്റെ മുന്‍സിനിമകളിലെന്ന പോലെ സാന്ദര്‍ഭിക ഹാസ്യത്തിലൂന്നിയാണ് പ്രകാശന്റെ നില്‍പ്പ്.

സത്യന്‍ അന്തിക്കാടിന്റെ തന്നെ ഇന്ത്യന്‍ പ്രണയകഥയിലെ അയ്മനം സിദ്ധാര്‍ത്ഥനോട് സാമ്യമുള്ള കഥാപാത്രസൃഷ്ടിയെന്ന് തുടക്കത്തില്‍ തോന്നുമെങ്കിലും കഥ മുന്നേറുമ്പോള്‍ പ്രകാശന്‍ അവിടം കൊണ്ടും വിലയിരുത്താനാകാത്ത ഉഴപ്പനാണെന്ന് പിടികിട്ടും. പ്രകാശനൊപ്പം നീങ്ങുന്ന സിനിമയില്‍,അയാളുടെ കൗശലങ്ങളും, കുറുക്കുവഴികളും, കുശാഗ്രതയുമെല്ലാം ഭാവതലങ്ങളാല്‍ പ്രകാശിതമാക്കിയിട്ടുണ്ട് ഫഹദ് ഫാസില്‍.

സത്യന്‍ അന്തിക്കാട്ശ്രീനിവാസന്‍മോഹന്‍ലാല്‍ സിനിമകളുടെ വിന്റേജ് ശൈലിയെ ഓര്‍മ്മപ്പെടുത്ത രീതിയില്‍ ഫഹദ് ഫാസിലിനെ ചില ഘട്ടത്തില്‍ ഉപയോഗിച്ചിരിക്കുന്നത് കാണാം. ബര്‍ഗറുമായെത്തിയ പെണ്‍കുട്ടിയെ പ്രകാശന്‍ നേരിടുന്ന രംഗത്തിലും,സലോമിയുടെ വീട്ടിലെത്തുന്ന സീനിലും,ഗോപാല്‍ജിയെ പ്രകാശന്‍ കണ്ടുമുട്ടുന്ന രംഗത്തിലും ഈ കുട്ടുകെട്ടിന്റെ ആദ്യകാല സിനിമകളുടെ ഫീല്‍ കൊണ്ടുവരാന്‍ ശ്രമിച്ചിട്ടുണ്ട്.

 

Tags: Movie
Leave your comment
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, ഇതില്‍ മലയാളം ബ്രേക്കിഗ് ന്യൂസ്‌ ഉത്തരവാദി ആയിരിക്കില്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക.
Malayalam Breaking News