• പതിരില്ലാത്ത സത്യം പതിവായി...
  • ആരും പറയാത്ത സത്യം ഞങ്ങള്‍ പറയും...
  • സത്യം നിത്യവും നിങ്ങളുടെ വിരല്‍ തുമ്പില്‍...
  • മലയാള മാധ്യമ രംഗത്ത് ഒരു പുത്തന്‍ സൂര്യോദയം...
  • വാര്‍ത്താമാധ്യമം ജനാധിപത്യത്തിന്‍റെ കാവലാകുന്ന ഇടം...

17

OCTOBER 2018
WEDNESDAY
06:13 PM

Kochi
+24°C
Malayalam Breaking News Logo
Kochi
+24°C

കേരളത്തിലെ (മാന്യ)പട്ടിണിക്കാര്‍...!

By Web Desk    May 3, 2018   

തിരുവനന്തപുരം സര്‍ക്കാര്‍ മെഡിക്കല്‍ കോളേജിലെ അത്യാഹിത വിഭാഗത്തിനെതിര്‍വശത്ത് രക്തബാങ്കിനരികിലായി എല്ലാ ദിവസവും ഉച്ചയ്ക്ക് 12 മുതല്‍ രണ്ടുമണിവരെ ഒരു കാഴ്ച കാണാം - സ്ത്രീപുരുഷന്‍മാരുടെ നീണ്ട ക്യൂ.ഉച്ചഭക്ഷണപ്പൊതിക്കായാണ് ഇവര്‍ ഇങ്ങനെ വരിനില്‍ക്കുന്നത്. കേരളത്തിലെ ഏറ്റവും വലിയ യുവജന പ്രസ്ഥാനമായ ഡി.വൈ.എഫ്.ഐയാണ് കഴിഞ്ഞ ഒരു വര്‍ഷത്തിലേറെയായി ഉച്ചഭക്ഷണ വിതരണം ഏറ്റെടുത്തിരിക്കുന്നത്. സംസ്ഥാനത്ത് എല്‍.ഡി.എഫ് അഥികാരത്തിലെത്തിയ സാഹചര്യത്തില്‍ അഞ്ചുവര്‍ഷത്തേക്ക് ഇനി സമരം നടത്താനാവില്ല. ആ സമരശേഷിയെ സഹായശേഷിയായി പരിവര്‍ത്തനപ്പെടുത്തിയവരെ തീര്‍ച്ചയായും അഭിനന്ദിക്കണം. ഓരോ ദിവസവും ഡി.വൈ.എഫ്.ഐയുടെ യൂണിറ്റ് കമ്മിറ്റിയുടെ നേതൃത്വത്തില്‍ വീടുകളില്‍ ഇറങ്ങിക്കയറിയാണ് ഭക്ഷണപ്പൊതി ശേഖരിക്കുന്നത്. തലേന്ന് വീട്ടുകാരെ വിവരമറിയിക്കും.ചിലര്‍ രണ്ടും അഞ്ചും പൊതികള്‍ നല്‍കും. ചിലര്‍ പണം വാഗ്ദാനം ചെയ്യും. എന്നാല്‍,പണം സ്വീകരിക്കാറില്ല. ഓരോയിടത്തുനിന്നും ഭക്ഷണപ്പൊതി എത്തിക്കുവാന്‍ വാഹനം വേണ്ടിവരുമെങ്കിലും അതിനായി പണം വീട്ടുകാരില്‍നിന്ന് വാങ്ങാറില്ലെന്ന് ഡി.ഐ.എഫ്.ഐ നേതാക്കള്‍ വ്യക്തമാക്കിയിട്ടുണ്ട്. ഒരിക്കല്‍ പൊതി നല്‍കിയവരുടെ അടുത്തേക്ക് ആറുമാസത്തിനുശേഷമേ പോകേണ്ടി വരാറുള്ളൂ. എന്നാല്‍, വീട്ടുകാരില്‍ പലരും ഒരാഴ്ച കഴിയുമ്പോള്‍ വീണ്ടും ഭക്ഷണപ്പൊതി തയ്യാറാക്കി വിളി തുടങ്ങുന്നുണ്ടെന്ന് ഡി.വൈ.എഫ്.ഐ നേതാക്കള്‍ അഭിമാനത്തോടെ പറയുന്നു.തിരുവന്തപുരത്തെ ഈ പദ്ധതി ഇപ്പോള്‍ കുറെയേറെ സ്ഥലങ്ങളിലേക്ക് വ്യാപിപ്പിച്ചിട്ടുണ്ട്.
    
ഒരു ദിവസം ശരാശരി ഏഴായിരം ഭക്ഷണപ്പൊതികളാണ് തിരുവനന്തപുരത്ത് വിതരണം ചെയ്യുന്നത്. നേരത്തെ, ഇത് പതിനായിരത്തിനും പതിനയ്യായിരത്തിനും മദ്ധ്യേയായിരുന്നു. പൊതിഞ്ഞുവരുന്ന കടലാസും ഇലയും വലിയ മാലിന്യപ്രശ്‌നമായി മാറിയപ്പോള്‍ എണ്ണം ഏഴായിരമായി നിജപ്പെടുത്തി.ഏഴായിരത്തോളംപേര്‍ ഉച്ചയ്ക്ക് ഈ ആഹാരപ്പൊതിക്കായി വരിനില്‍ക്കുന്നു.രോഗികളും അവരുടെ കൂട്ടിരിപ്പുകാരും മാത്രമല്ല ഇവിടെ പൊതി വാങ്ങാന്‍ എത്തുന്നത്.മെഡിക്കല്‍ കോളേജില്‍ 2394 കിടക്കകളും തൊട്ടടുത്തുള്ള സ്ത്രീകളുടെയും കുട്ടികളുടെും ആശുപത്രിയായ എസ്.എ.ടിയില്‍ 1220 കിടക്കകളുമാണുള്ളത്. കിടപ്പുരോഗികളില്‍ സാമ്പത്തികമായി ബുദ്ധിമുട്ടുള്ളവര്‍ക്ക് ആഹാരം നല്‍കാന്‍ സാമൂഹിക സുരക്ഷാ മിഷന്‍ ജയില്‍ വകുപ്പധികൃതരുമായി സഹകരിച്ച് പദ്ധതി നടപ്പിലാക്കിയിട്ടുണ്ട്. ഔട്ട്‌പേഷ്യന്റ് വിഭാഗത്തില്‍ രണ്ടിടത്തുമായി മൂവായിരത്തോളം പേര്‍ എത്തുന്നുണ്ടാവും. അതായത് 2017-18 വര്‍ഷം മെഡിക്കല്‍ കോളേജ് ആശുപത്രിയുടെ ഔട്ട്‌പേഷ്യന്റ് വിഭാഗത്തില്‍ ചികിത്സ തേടിയത് 5,36,536 പേരും എസ്.എ.ടിയില്‍ 1,32,585പേരുമാണ്. എന്നുവച്ചാല്‍, ഇവരില്‍ വലിയൊരു പങ്ക് സര്‍ക്കാര്‍ ആശുപത്രിയില്ലെങ്കില്‍ ചികിത്സിക്കാന്‍ നിവൃത്തിയില്ലാത്തവരാണ്. അവരെല്ലാം പൊതിച്ചോറിനായി വരില്ല.ഇവിടെ പുറത്തുനിന്നുള്ളവരും വരുന്നുണ്ടെന്നതിന് ഉദാഹരണം, കെ.എസ്.ആര്‍.ടി.സിയില്‍നിന്ന് വിരമിച്ച ജീവനക്കാരിലൊരാള്‍ അടുത്തിടെ മാദ്ധ്യമങ്ങളിലൂടെ വെളിപ്പെടുത്തിയതാണ്.
  
  കെ.എസ്.ആര്‍.ടി.സിയില്‍നിന്ന് വിരമിക്കുന്നവര്‍ക്ക് സൗജന്യയാത്രയ്ക്ക് പാസ് നല്‍കാറുണ്ട്. ഭാര്യയുള്‍പ്പെടുന്ന കുടുംബം കഴിഞ്ഞുപോവുന്നത് പെന്‍ഷന്‍കൊണ്ടാണ്. പെന്‍ഷന്‍ വിതരണം താളം തെറ്റിയപ്പോള്‍ ജീവിതം താളക്കേടിലായ ഒട്ടേറെപ്പേരിലൊരാളായിരുന്നു അയാളും.മരുന്നിന് മാത്രമല്ല, ആഹാരത്തിനും നിവൃത്തിയില്ല. നാട്ടുകാരോട് കടം ചോദിക്കുന്നതിന് ഒരു പരിധിയില്ലേ? അപ്പോഴാണ് അയാള്‍ ഡി വൈ എഫ് ഐയുടെ പൊതിച്ചോര്‍ വിതരണത്തിനെക്കുറിച്ച് കേട്ടത്. ആറ്റിങ്ങലില്‍നിന്ന് ട്രാന്‍സ്‌പോര്‍ട്ട് ബസ്സില്‍ കയറി രാവിലെ പതിനൊന്നോടെ മെഡിക്കല്‍ കോളേജിലെത്തും. വരിനിന്ന് ഊഴമെത്തിയപ്പോള്‍ 'ഒരു പൊതികൂടി തരുമോ?' എന്ന് അയാള്‍ ചോദിച്ചു. ഒരാളിന് ഒരു പൊതിയെന്നാണ് കണക്കെങ്കിലും വിതരണത്തിനുനിന്നയാള്‍ അതില്‍ മുറുകെപ്പിടിച്ചില്ല. രണ്ടുപൊതിയുമായി നേരെ അടുത്ത ബസ്സില്‍ കയറി വീട്ടിലെത്തും. ഒരു പൊതിയില്‍നിന്ന് അയാളും ഭാര്യയും ഉച്ചയൂണ് കഴിക്കും. അടുത്ത പൊതി രാത്രിയിലത്തേക്ക് മാറ്റിവയ്ക്കുമെന്ന് അയാള്‍ കണ്ണീരണിഞ്ഞാണ് പറഞ്ഞത്.പെന്‍ഷന്‍മുടങ്ങിയ കാലയളവില്‍ ഈ രണ്ട് പൊതിച്ചോറിലാണ് തന്റെയും ഭാര്യയുടെയും ജീവന്‍ നിലനിന്നതെന്ന് അയാള്‍ തുറന്നുപറയുകയായിരുന്നു.
   
  വ്യക്തിപരമായി അടുപ്പമുള്ള സി.പി.എം നേതാവിന്റെ ചികിത്സയുടെ ഭാഗമായി കോയമ്പത്തൂരിലെത്തിയതായിരുന്നു, തിരുവനന്തപുരത്ത് ഇ.കെ.നായനാര്‍ ട്രസ്റ്റിന്റെ കോര്‍ഡിനേറ്റര്‍കൂടിയായ സി.പി.എം വഞ്ചിയൂര്‍ ഏരിയാ കമ്മിറ്റി അംഗം ഡി.ആര്‍.അനില്‍. പരിചിതമല്ലാത്ത നമ്പര്‍ പോണിലേക്കു വന്നപ്പോള്‍ 'ഇതാര്' എന്ന മനോഭാവത്തോടെയാണ് അയാള്‍ ഫോണെടുത്തത്.' സര്‍, ഞാന്‍....രണ്ടുദിവസമായി പട്ടിണിയിലാണ്. ഇന്ന് ഉച്ചയ്ക്ക് ട്രസ്റ്റിന്റെ ആപ്പീസില്‍ പോയി ആഹാരം കഴിച്ചോട്ടെ'. അനിലിന്റെ കണ്ണുനിറയുന്നതുകണ്ടാണ് മറുപടിക്ക് കാതോര്‍ത്തത്:'അത് ചോദിക്കുന്നതെന്തിനാ?നിങ്ങളുടെ അവകാശമല്ലേ?' .അതിനുശേഷമാണ് അനില്‍ കാര്യം വിശദീകരിച്ചത്. വൃദ്ധയായ അമ്മയും മകളും. ചികിത്സാ സഹായം തേടി വന്നതാണ്. മുഖ്യമന്ത്രിയുടെ ഓഫീസില്‍നിന്ന് വളരെ വേഗത്തില്‍ ഇടപെട്ട് അത് ശരിയാക്കി. ചികിത്സയും കഴിഞ്ഞു. അതിനുശേഷം അവര്‍ വിളിക്കുന്നത് 'ഈ' ആവശ്യത്തിനാണ്.
കെ,എസ്.ആര്‍.ടി.സിയിലെ വിമരിച്ച ജീവനക്കാരന്‍ ഇരുനില വീട്ടിലാണ് ഭാര്യയുമായി പട്ടിണി കിടന്നത്. നാം കാണാത്ത, അറിയാത്ത പട്ടിണിക്കാരുടെ എണ്ണം കൂടുന്നു. പക്ഷെ, കുറച്ചിലായതിനാല്‍ അവരത് പുറത്തുപറയുന്നില്ല! എടപ്പാള്‍ വടക്കേകുന്നത്ത് ശോഭന എന്ന അമ്പത്തഞ്ചുകാരി രണ്ടുവര്‍ഷം മുമ്പ് പട്ടിണികാരണം മരിച്ചത് അന്ന് വലിയ വാര്‍ത്തയായിരുന്നു. പേരാവൂരില്‍ കുട്ടികള്‍ ചപ്പുചവറുകള്‍ക്കിടയില്‍ തിരഞ്ഞ് ആഹാരം കണ്ടെത്തുന്നത് ചിത്രം സഹിതം പ്രസിദ്ഝീകരിച്ച് 'മാതൃഭൂമി' മലയാളികളെ ഞെട്ടിച്ചു.കഴിഞ്ഞ നിയമസഭാ സമ്മേളനത്തില്‍ മുഖ്യമന്ത്രി വെളിപ്പെടുത്തിയ കണക്ക് അമ്പരപ്പിക്കുന്നതാണ് - സാമ്പത്തിക പ്രതിസന്ധിയെ തുടര്‍ന്ന് സംസ്ഥാനത്ത് ആത്മഹത്യ ചെയ്തവരുടെ എണ്ണം 822. കടക്കെണിയിലായി ഗതികെട്ട് ആത്മഹത്യ ചെയ്തവര്‍ 22.
   

 നമ്മുടെ രാജ്യത്ത് ഒരു നേരത്തെ ആഹാരത്തിന് വകയില്ലാത്തവരുടെ എണ്ണം 20 കോടി എന്നാണ് ഔദ്യോഗിക കണക്ക്. 6.6 കോടി കുട്ടികള്‍ ഇന്ത്യയില്‍ പ്രൈമറിക്‌ളാസുകളില്‍ മതിയായ ആഹാരം ലഭിക്കാതെ ചെല്ലുന്നുണ്ടെന്ന കണക്ക് ലോകാരോഗ്യ സംഘടനയുടേതാണ്.
 ആസൂത്രണ കമ്മിഷന്‍ 2011 -12ല്‍ പുറത്തുവിട്ട ഒരു കണക്ക് ഇത്തവണ സംസ്ഥാന സാമ്പത്തികാവലോകനത്തില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്. ഇന്ത്യയിലെ ഗ്രാമങ്ങളിലെ പാവപ്പെട്ടവരുടെ അനുപാതം 30.9 ആവുമ്പോള്‍ നഗരത്തിലേത് 26.4 ആണ്.കേരളത്തില്‍ ഇത് ഗ്രാമങ്ങളില്‍ 7.3 ആയും നഗരങ്ങളില്‍ 15.3 ആയും കുറയുന്നുവെന്ന ആശ്വാസമുണ്ട്. കഴിഞ്ഞ കാനേഷുമാരി കണക്കുപ്രകാരം കേരളത്തില്‍ അടച്ചുറപ്പില്ലാത്ത, ഒറ്റമുറി താല്‍ക്കാലിക കൂരകളില്‍ കഴിയുന്നവരുടെ എണ്ണം 1.43 ശതമാനമാണ്. ഇന്ത്യയില്‍ അത് 13.28 ആണ്. കേരളത്തിലെ കണക്കില്‍ ആശ്വസിക്കാമെങ്കിലും 3.34 കോടി ജനസംഖ്യയില്‍ ഈ 1.43 എന്നത് എത്രവരുമെന്ന് കണക്കുകൂട്ടി നോക്കുക. ദരിദ്ര കുടുംബങ്ങളുടെ കണക്കെടുപ്പില്‍ ,പതിനാറിനും അമ്പത്തൊമ്പതിനും മദ്ധ്യേ പ്രായമുള്ള മുതിര്‍ന്ന ഒരാളുടെയും ആശ്രയമില്ലാത്ത കുടുംബങ്ങളുടെ എണ്ണം 2.1 ശതമാനമാണ്. ഇതില്‍ ഇന്ത്യന്‍ ശരാശരി 3.64 ആണ്.
   
 ഗള്‍ഫ്ര് രാജ്യങ്ങളിലെ ഉദ്യോഗം ഒരു കാലത്ത് കേരളത്തിലെ സമൃദ്ധിയുടെയും സമ്പന്നതയുടെയും പ്രതീകമായിരുന്നു.ഇന്ന് വലിയ മണിമാളികകള്‍ തുടങ്ങിയിട്ട് പൂര്‍ത്തിയാക്കാന്‍ കഴിയാത്ത എത്രയോപേര്‍. ഗള്‍ഫ് മേഖലകളിലെ പുതിയ കെട്ടിടങ്ങളുടെ അസ്ഥിപഞ്ജരങ്ങളില്‍ തളര്‍ന്നുമുരടിച്ചു കിടക്കുന്നത് ഒരുപാടുപേരുടെ സ്വപ്നങ്ങളാണ്. യൗവനവും ആരോഗ്യവും നശിച്ച് നാട്ടിലെ വലിയ വീട്ടകങ്ങളില്‍ അന്നത്തിന് വക കണ്ടെത്താനാകാതെ, രോഗത്തിന് മരുന്നു വാങ്ങാന്‍ നിവൃത്തിയില്ലാതെ നരകിക്കുന്നവര്‍ ആയിരങ്ങളാണ്. കേരളം മാറിയിരിക്കുന്നു. പുറത്തെ പളപളപ്പില്‍ അഭിരമിക്കുന്നതല്ല ഉള്ളിലിരിപ്പ്. അതുകൊണ്ടാണ് ആശുപത്രി വരാന്തയില്‍ ഒരു നേരത്തെ ഭക്ഷണത്തിന് രണ്ടുമണിക്കൂര്‍ വരി നില്‍ക്കാന്‍ അവര്‍ നിര്‍ബന്ധിതരാവുന്നത്. ഡി.വൈ.എഫ്.ഐയും യൂത്തുകോണ്‍ഗ്രസും യുവമോര്‍ച്ചയുമൊക്കെ രംഗത്തിറങ്ങട്ടെ. അതിനുമപ്പുറം, തൊട്ടടുത്ത് പാര്‍ക്കുന്നവരുടെ കണ്ണില്‍ നോക്കി അവരുടെ സങ്കടവും സന്തോഷവും തിരിച്ചറിയാന്‍ കഴിയുന്ന കാലം നമുക്ക് വീണ്ടെടുക്കാന്‍ കഴിഞ്ഞെങ്കില്‍...!അയല്‍ക്കാരുടെ കണ്ണീരും നിശ്വാസവും നമ്മുടെ നോവും നനവുമായി മാറിയെങ്കില്‍...!


 

Leave your comment
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, ഇതില്‍ മലയാളം ബ്രേക്കിഗ് ന്യൂസ്‌ ഉത്തരവാദി ആയിരിക്കില്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക.
Malayalam Breaking News