• പതിരില്ലാത്ത സത്യം പതിവായി...
  • ആരും പറയാത്ത സത്യം ഞങ്ങള്‍ പറയും...
  • സത്യം നിത്യവും നിങ്ങളുടെ വിരല്‍ തുമ്പില്‍...
  • മലയാള മാധ്യമ രംഗത്ത് ഒരു പുത്തന്‍ സൂര്യോദയം...
  • വാര്‍ത്താമാധ്യമം ജനാധിപത്യത്തിന്‍റെ കാവലാകുന്ന ഇടം...

17

OCTOBER 2018
WEDNESDAY
04:51 PM

Kochi
+24°C
Malayalam Breaking News Logo
Kochi
+24°C

മുക്കുപണ്ട പണയത്തട്ടിപ്പിൽ കുടുങ്ങിയ റീനയെ ചോദ്യം ചെയ്തതോടെ പുറത്ത് വരുന്നത് ഞെട്ടിക്കുന്ന തട്ടിപ്പ് വിവരങ്ങൾ; ഒരുവർഷം കൊണ്ട് സഹകരണ ബാങ്കിൽ നിന്ന് തട്ടിയത് നാല് കോടിയോളം

By Web Desk    February 5, 2018   

മുക്കുപണ്ട പണയത്തട്ടിപ്പിൽ പോത്തൻകോട് പൊലീസിന്റെ പിടിയിലായ മുഖ്യപ്രതി റീനയെ ചോദ്യം ചെയ്തതോടെ പുറത്ത് വരുന്നത് ഞെട്ടിക്കുന്ന തട്ടിപ്പ് വിവരങ്ങളാണ്. സ്വർണം ഉരച്ചുനോക്കാനാളില്ലാത്ത അവസരം നോക്കി മുക്കുപണ്ടം പണയപ്പെടുത്തി അയിരൂപ്പാറ ഫാർമേഴ്സ് സർവീസ് സഹകരണ ബാങ്കിൽ നിന്ന് പോത്തൻകോട് റീന കോട്ടേജിൽ റീന തട്ടിയത് കോടികൾ.

കഴിഞ്ഞ ഒരുവർഷത്തിനകം എട്ട് കിലോയോളം മുക്കുപണ്ടം പണയപ്പെടുത്തി മൂന്നരക്കോടിയോളം രൂപ കവർന്നതായി ഇവർ പൊലീസിനോട് സമ്മതിച്ചു. കിലോകണക്കിന് മുക്കുപണ്ടം പണയപ്പെടുത്തി കോടികൾ തട്ടിയെടുത്തതിന് പിന്നിൽ ബാങ്ക് ജീവനക്കാരുടെ ഒത്താശയുണ്ടായിരുന്നതായി സൂചനയുണ്ട്. ഇതേക്കുറിച്ച് പൊലീസ് അന്വേഷണം നടത്തുന്നുണ്ട്.

സമ്പന്ന കുടുംബത്തിലംഗവും ജോയിന്റ് ആർ.ടി.ഒയുടെ ഭാര്യയുമായ റീന ബാങ്കിലെ സ്ഥിരം ഇടപാടുകാരിയാണ്. ഇവരോടുള്ള വിശ്വാസവും ബാങ്കിൽ അപ്രൈസറില്ലാത്തതിനാലും ഇവരുടെ പണയ ഉരുപ്പടികൾ ബാങ്കുകാർ വിശദമായി പരിശോധിക്കാറില്ലായിരുന്നു. തുടക്കത്തിൽ ഏതാനും ഉരുപ്പടികൾ വച്ച് വായ്പയെടുത്ത റീന പിടിക്കപ്പെടില്ലെന്ന് മനസിലാക്കിയാണ് അമ്മയുടെയും സഹോദരിയുടെയും പേരിൽ ലക്ഷങ്ങളുടെ പണയ ഇടപാടുകൾ നടത്തിയത്

ബാങ്കിൽ മുക്കുപണ്ടം പണയപ്പെടുത്തിയ സംഭവം തുടക്കം മുതലേ പിടിക്കപ്പെടാതിരുന്ന സാഹചര്യം മുതലെടുത്താണ് റീന കൂടുതൽ തട്ടിപ്പിന് മുതിർന്നത്. ബാങ്കിന്റെ വിവിധ ബ്രാഞ്ചുകളിലും സമാന രീതിയിൽ തട്ടിപ്പ് നടത്തിയതായി റീന സമ്മതിച്ചിട്ടുണ്ട്. 

ഇവർ പിടിച്ച നിരവധി ചിട്ടികൾക്ക് ജാമ്യമായി നല്കിയിട്ടുള്ളതും മുക്കുപണ്ടമാണെന്ന് കണ്ടെത്തിയിട്ടുണ്ട്. റിയൽ എസ്റ്റേറ്റ് ബിസിനസിന്റെ ഭാഗമായി പോത്തൻകോടും കോലിയക്കോടും വസ്തുക്കൾ വാങ്ങി പ്ളോട്ട് തിരിച്ച് വിൽപ്പനയ്ക്ക് ശ്രമിച്ചെങ്കിലും ഉദ്ദേശിച്ച നിലയിൽ കച്ചവടം നടക്കാതായതും ഇതിനിടെയുണ്ടായ നോട്ട് നിരോധനവും റീനയെ സാമ്പത്തികമായി വലച്ചു.

ഇതിൽനിന്ന് കരകയറാനാണ് ബന്ധുക്കളുടെയും സുഹൃത്തുക്കളുടെയും സഹായത്തോടെ വൻതോതിൽ മുക്കുപണ്ടം പണയപ്പെടുത്തി കോടികൾ തട്ടാൻ ഇവർ തയ്യാറായതെന്ന് പൊലീസ് പറഞ്ഞു. മോട്ടോർ വാഹന വകുപ്പിലെ ഉയർന്ന ഉദ്യോഗസ്ഥനായ ഭർത്താവിന് റിയൽ എസ്റ്റേറ്റ് ബിസിനസിനെപ്പറ്റി അറിയാമായിരുന്നെങ്കിലും മുക്കുപണ്ട തട്ടിപ്പിൽ പങ്കുള്ളതായി പൊലീസിന് തെളിവൊന്നും കിട്ടിയിട്ടില്ല.

3.70 കോടിയുടെ തട്ടിപ്പ് നടന്നതായിട്ടാണ് പൊലീസ് പറയുന്നത്. എന്നാൽ, പലിശ ഉൾപ്പെടെ ഇത് നാലരക്കോടിയിലേറെ വരുമെന്ന് ബാങ്ക് ജീവനക്കാർ വെളിപ്പെടുത്തുന്നു. പോത്തൻകോട്ടെ പ്രഭാത സായാഹ്ന ശാഖ,വാവറമ്പലം ശാഖ, ഹെഡ് ഓഫീസ് എന്നിവിടങ്ങളിൽ ഇന്നും നാളെയുമായി പൊലീസ് പരിശോധന നടത്തും. പണയപ്പെടുത്താനായി ഉപയോഗിച്ച മുക്കുപണ്ടം സ്ഥിരമായി വാങ്ങിയിരുന്ന സ്ഥാപനങ്ങളിലും പൊലീസെത്തി ഇത് സംബന്ധിച്ച തെളിവുകൾ ശേഖരിക്കും.

പ്രതികളുടെ വീടുകളിൽ നിന്ന് പണയരേഖകളും ബാങ്ക് പാസ് ബുക്ക്, പ്രമാണങ്ങൾ, വാഹനങ്ങളുടെയും മറ്റ് സ്വത്തുക്കളുടെയും രേഖകൾ എന്നിവയും പിടിച്ചെടുക്കും. സമീപത്തെ മറ്റ് സഹകരണ ബാങ്കുകളിലും ഇത്തരത്തിൽ തട്ടിപ്പ് നടന്നിട്ടുണ്ടോ എന്നും പരിശോധിക്കുമെന്ന് പൊലീസ് വെളിപ്പെടുത്തി. അതേസമയം തട്ടിപ്പിന്റെ വ്യാപ്തി കണക്കിലെടുത്ത് കേസ് ക്രൈംബ്രാഞ്ചിന് കൈമാറാൻ സർക്കാർ ആലോചിക്കുന്നതായി സൂചനയുണ്ട്.

എന്നാൽ തട്ടിയെടുത്ത പണം ഉപയോഗിച്ച് പലസ്ഥലങ്ങളിലും ഭൂമി വാങ്ങിയതായും ബാങ്കുകളിലും മറ്റും നിക്ഷേപിച്ചിട്ടുള്ളതായും ചോദ്യം ചെയ്യലിൽ സമ്മതിച്ചതിന്റെ അടിസ്ഥാനത്തിൽ അന്വേഷണ സംഘം ഇന്ന് ഇവരിൽ നിന്ന് കൂടുതൽ തെളിവുകൾ ശേഖരിക്കും. റീനയെ ഇന്ന് കോടതിയിൽ ഹാജരാക്കി റിമാന്റ് ചെയ്തശേഷം കൂടുതൽ അന്വേഷണത്തിനായി വരും ദിവസങ്ങളിൽ കസ്റ്റഡിയിൽ വാങ്ങുമെന്ന് പോത്തൻകോട് സി.ഐ ഷാജി വെളിപ്പെടുത്തി. തട്ടിപ്പുമായി ബന്ധമുള്ളതും പ്രതികളുടെ ബന്ധുക്കളുമായ നാലുപേർക്കായി തെരച്ചിൽ ശക്തമാക്കിയതായി പൊലീസ് അറിയിച്ചു

അയിരൂപ്പാറ പ്ലാമൂട് എസ്.ബി. നിവാസിൽ ഷീബ (42 ), വെമ്പായം കാറുക്കോണം അബ്ബാസ് മൻസിലിൽ ഷീജ ഷുക്കൂർ ( 32 ) എന്നിവരാണ് കേസിൽ പിടിയിലായ മറ്റ് രണ്ട് പ്രതികൾ. ബാങ്ക് ജീവനക്കാരായ ചിലർക്കും തട്ടിപ്പിൽ പങ്കുള്ളതായി പൊലീസ് പറഞ്ഞു. ഇവരും വരുംദിവസങ്ങളിൽ വലയിലായേക്കും. കേസിൽ പിടിയിലായവർക്ക് പുറമേ റീനയുടെ കാർ ഡ്രൈവർ സാജിദിന്റെ പേരിലും മുക്കുപണ്ടം വെച്ച് ലക്ഷങ്ങൾ തട്ടിയതായും കണ്ടെത്തിയിട്ടുണ്ട്. ഇയാൾ ഒളിവിലാണ്.

അയിരൂപ്പാറ ഫാർമേഴ്സ് ബാങ്കിന്റെ ചേങ്കോട്ടുകോണം ശാഖയിലാണ് റീനയുടെ നേതൃത്വത്തിൽ തട്ടിപ്പ് നടന്നത്. സഹകരണ വകുപ്പ് ജീവനക്കാരുടെ പരിശോധനയിലാണ് വൻ ക്രമക്കേട് കണ്ടെത്തിയത്. സംഭവത്തിൽ ശാഖ മനേജർ ശശികലയെയും ഹെഡ് ക്ലാർക്ക് കുശലകുമാരിയെയും സസ്പെൻഡ് ചെയ്യുകയും എം.ഡി. യ്ക്ക് നോട്ടീസ് നൽകുകയും ചെയ്തിരുന്നു.

Related News
Leave your comment
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, ഇതില്‍ മലയാളം ബ്രേക്കിഗ് ന്യൂസ്‌ ഉത്തരവാദി ആയിരിക്കില്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക.
Malayalam Breaking News