• പതിരില്ലാത്ത സത്യം പതിവായി...
  • ആരും പറയാത്ത സത്യം ഞങ്ങള്‍ പറയും...
  • സത്യം നിത്യവും നിങ്ങളുടെ വിരല്‍ തുമ്പില്‍...
  • മലയാള മാധ്യമ രംഗത്ത് ഒരു പുത്തന്‍ സൂര്യോദയം...
  • വാര്‍ത്താമാധ്യമം ജനാധിപത്യത്തിന്‍റെ കാവലാകുന്ന ഇടം...

26

SEPTEMBER 2018
WEDNESDAY
02:17 AM

Kochi
+24°C
Malayalam Breaking News Logo
Kochi
+24°C

എ.കെ.ജിയുടെ കൊടുങ്ങല്ലൂര്‍ ഭരണിയും പിണറായിയുടെ തൃശൂര്‍ പൂരവും

By Web Desk    May 2, 2018   

മതങ്ങളും സമുദായങ്ങളും രാഷ്ട്രീയവും തമ്മിലുള്ള കുഴമറിച്ചിലും അതിന്റെ കൊടിയേറ്റവും കേരളം കണ്ടുതുടങ്ങിയിട്ട് നാളേറെയായെങ്കിലും മതത്തെയും അതിന്റെ ആള്‍ദൈവങ്ങളെയും ആലവട്ടവും വെഞ്ചാമരവുമായി എതിരേല്‍ക്കുന്ന കാഴ്ചകള്‍ക്ക് ഉളുപ്പില്ലാതായിട്ട് അത്ര നാളെയിട്ടില്ല. രാഷ്ട്രീയത്തെ മതവത്കരിക്കുകയും അതിനെ വോട്ടിന്റെ എണ്ണംകൊണ്ട് ഗുണിക്കുകയും ചെയ്യുന്ന നേതാക്കളുടെ എണ്ണത്തിന് പഞ്ഞമില്ലാതാകുന്നിടത്താണ് പുതിയകാല രാഷ്ട്രീയം കുടികൊള്ളുന്നത്. മതപരമായ ആഘോഷങ്ങളിലേക്കും ആചാര്യന്മാരുടെ പാദങ്ങളിലേക്കും കാഴ്ചദ്രവ്യങ്ങളുമായി കടന്നുചെല്ലുന്നത് നേതാക്കള്‍ക്ക് അഭിമാനമാണെങ്കിലും കാണുന്നവര്‍ക്ക് അരോചകമാണ്. മതനിരപേക്ഷത എന്നാല്‍ എല്ലാ മതങ്ങളുടെയും ചടങ്ങുകളില്‍ പോയി ക്യാമറക്കു പോസു ചെയ്യുന്നതാണെന്ന വികലബോധം നമ്മുടെ നേതാക്കളിലെല്ലാം  പകര്‍ച്ചവ്യാധിയായി പടരുകയാണ്.  

തിരഞ്ഞെടുപ്പുകള്‍ ജാതിമതപ്രീണനത്തിന്റെ ഉത്സവകാലമാണ്. തിരഞ്ഞെടുപ്പെന്നു കേട്ടാല്‍ ആദ്യം നടക്കുന്നത് വാര്‍ഡ് തിരിച്ചുള്ള ജാതിക്കണക്കെടുപ്പാണ്.  സമുദായത്തിന്റെ ശേഷിയും ശേമുഷിയും നോക്കി സ്ഥാനാര്‍ഥികളെ നിശ്ചിക്കുന്നവര്‍ ആരുടെ താല്പര്യമാണ് ജയിച്ചുവന്നാല്‍ നടപ്പാക്കുക എന്നതിന് അത്രയധികമൊന്നും ആലോചിക്കേണ്ടതില്ലല്ലോ. 

ചെങ്ങന്നൂര്‍ ഉപതിരഞ്ഞെടുപ്പില്‍ ജാതി,മത,സമുദായ കൂട്ടലും കിഴിക്കലുമാണ് മതേതരജനാധിപത്യം വിളംബരം ചെയ്യുന്ന രാഷ്ട്രീയപ്പാര്‍ട്ടികള്‍ പോലും നടത്തുന്നത്. നായര്‍, ക്രിസ്ത്യന്‍, ഈഴവ വിഭാഗങ്ങളുടെയും അവയുടെ അവാന്തരവിഭാഗങ്ങളുടെയും വണ്ണവും എണ്ണവുമൊക്കെ നേതാക്കള്‍ക്കെല്ലാം കാണാതെ പറയാനറിയാം. ഇക്കൂട്ടരുടെയെല്ലാം വോട്ടുകള്‍ ഏതൊക്കെയോ സമുദായനേതാക്കളുടെ പോക്കറ്റിലാണെന്ന ധാരണയില്‍ ഇത്തരക്കാരുടെ തിണ്ണനിരങ്ങുന്നതോടെയാണ് സ്ഥാനാര്‍ഥികള്‍ പ്രചാരണം തുടങ്ങുന്നതു തന്നെ. ഇത്തരം ആചാര്യന്മാരെ പിണക്കാതിരിക്കാന്‍ എല്ലാം വീക്ഷിച്ചും വളരെ സൂക്ഷിച്ചും  ദീക്ഷിച്ചുമൊക്കെയാണ് നേതാക്കള്‍ എന്തെങ്കിലും ഉരിയാടുന്നത്. സമുദായനേതാക്കളുടെയെല്ലാം മൂക്കത്താണല്ലോ കോപം. അവര്‍ കോപിച്ചാല്‍ തോല്‍ക്കാന്‍ അതുമാത്രം മതിയെന്നാണ് കുറച്ചുകാലമായി നമ്മുടെ രാഷ്ട്രീയസിംഹങ്ങളെല്ലാം ധരിച്ചുവെച്ചിരിക്കുന്നത്.    

റോമിലെ മാര്‍പ്പാപ്പയും അന്ത്യോക്യയിലെ പാത്രിയാര്‍ക്കീസും തിരുവല്ലയിലെ വലിയ മെത്രപ്പോലീത്തയും പെരുന്നയിലെ ആചാര്യനും  കണിച്ചുകുളങ്ങരയിലെ ഗുരുദേവനും പറയുന്നതുപോലയാണ് നാട്ടുകാര്‍ വോട്ടുചെയ്യുന്നതെന്നു വിശ്വസിക്കുന്ന രാഷ്ട്രീയ പാപ്പരത്തത്തെക്കുറിച്ച് എന്തുപറയാനാണ്. സ്വന്തം വാക്കിലും പ്രവൃത്തിയിലും തത്വസംഹിതയിലുമൊന്നും നേതാക്കള്‍ക്കുപോലും വിശ്വാസമില്ലാതായി എന്നതിന് ഇതില്പരം തെളിവു വേറെ വേണോ.  

കേരളരാഷ്ട്രീയം സമീപകാലത്തു കേട്ട ഏറ്റവും മ്ലേച്ചമായ വാചകമടികളിലൊന്നായിരുന്നു ' രമേശ് ചെന്നിത്തല നായരാണ് ' എന്ന എന്‍.എസ്.എസ്. ജനറല്‍ സെക്രട്ടറി സുകുമാരന്‍നായരുടെ പ്രഖ്യാപനം. ഒരു കെ.പിസിസി പ്രസിഡന്റിനെ കേവലമായൊരു നായര്‍ ചത്വരത്തിലൊതുക്കനാനുള്ള ഈ സമുദായ ഡംഭിനെതിരെ ഒന്നൊച്ചവെയ്ക്കാനോ ഒന്നുറക്കെ കരയാനോ പോലും ഒരു കോണ്‍ഗ്രസുകാരനും ഉണ്ടായില്ല എന്നതാണ് കഷ്ടം. കെ.പി.സി.സി പ്രസിഡന്റിന്റെ താക്കോല്‍ സ്ഥാനം ഏതെന്നു നിശ്ചയിക്കാനുള്ള അധികാരം ഇത്തരക്കാര്‍ക്ക് പതിച്ചു നല്‍കിയത് ആരാണ്! 

ഏറ്റവുമൊടുവില്‍ ചെങ്ങന്നൂരിലെ ഇടതുപക്ഷസ്ഥാനാര്‍ഥിയുടെ കാര്യത്തിലും ഒരുസമുദായ നേതാവിന്റെ ഇടപെടല്‍ കേരളം കേട്ടു. സജി ചെറിയാന്‍ സ്ഥാനാര്‍ഥിയായാല്‍ നന്നായിരിക്കും എന്ന് ആദ്യം പറഞ്ഞത് പാര്‍ട്ടിയായിരുന്നില്ല. കണിച്ചുകുളങ്ങര വാഴുന്ന ഈ സമുദായഗുരുവായിരുന്നു. പാര്‍ട്ടിയില്‍ ആരു മത്സരിക്കണമെന്ന് സമുദായനേതാവ് പരസ്യമായി പറഞ്ഞിട്ട് തിരുവായക്കെതിര്‍വാ ഉണ്ടായില്ല. മാത്രമല്ല, സമുദായനേതാവിന്റെ ഉത്തരവ് അതേപടി നടപ്പാക്കുകയും ചെയ്തു. ഇതിന്റെയൊക്കെ അര്‍ഥം മനസിലാക്കാന്‍ അരിയാഹാരം തന്നെ കഴിക്കണം എന്ന് നിര്‍ബന്ധമില്ല. ജാതിയും മതവും രാഷ്ട്രീയത്തിന്റെ ഏതറ്റംവരെ കരണ്ടുതിന്നിരിക്കുന്നു എന്നതിന്റെ ഒടുവിലത്തെ ചില കാഴ്ചകള്‍ മാത്രമാണിത്.  

കാടാമ്പുഴയില്‍ പൂമൂടാനും ശബരിമലയില്‍ കല്ലുംമുള്ളും എണ്ണിനോക്കാനും  ഗുരുവായൂരിലെ ചുറ്റമ്പലത്തിന്റെ ബലം പരിശോധിക്കാനും  തൃശൂര്‍പൂരത്തില്‍ കുടമാറ്റം നടത്താനും തത്രപ്പെടുന്നവര്‍ മറക്കരുത്. നിങ്ങള്‍ നഷ്ടപ്പെടുത്തുന്നത് രാഷ്ട്രീയത്തിന്റെ അന്തസത്തയും വിശുദ്ധിയുമാണ്. നിങ്ങള്‍ ഇത്തരക്കാര്‍ക്ക് സമ്പാദിച്ചുകൊടുക്കുന്നതാകട്ടെ അനാചാരങ്ങളുടെ വിഭൂതിച്ചാക്കുകളും അന്ധവിശ്വാസങ്ങളുടെ ഏലസുകളും ആഭിചാരക്രിയകള്‍ക്കുള്ള ഇടംപിരി വലംപിരി ശംഖുകളുമാണ്.  

ഒരു തിരഞ്ഞെടുപ്പുകാലത്ത്, അതേ തിരഞ്ഞെടുപ്പു കാലത്തു തന്നെ, എ.കെ.ജി.പറഞ്ഞു ഃ ' കൊടുങ്ങല്ലൂരില്‍ ഭരണിക്ക് ഉടുക്കുകയും പുതക്കുകയും ചെയ്യുന്ന മുണ്ട്

രക്തപതാകയാക്കി മാറ്റി സിന്ദാബാദ് വിളിക്കുന്നവരുടെ വോട്ട് എനിക്കുവേണ്ട. ശബരിമല തീര്‍ഥാടനത്തിനുടുത്ത കറുത്തമുണ്ട് നമ്മുടെ പാര്‍ട്ടിയുടെ പ്രതിഷേധ യോഗങ്ങളില്‍ കരിങ്കൊടിയാക്കി മാറ്റുന്നവരുടെ വോട്ടും എനിക്കുവേണ്ട.'  

ഇങ്ങനെ പറയാന്‍ ഒരു ചങ്ക് എങ്കിലുമുള്ള നേതാക്കളെയാണ് ഇപ്പോള്‍ കേരളം തേടുന്നത്. 

Related News
Leave your comment
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, ഇതില്‍ മലയാളം ബ്രേക്കിഗ് ന്യൂസ്‌ ഉത്തരവാദി ആയിരിക്കില്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക.
Malayalam Breaking News