• പതിരില്ലാത്ത സത്യം പതിവായി...
  • ആരും പറയാത്ത സത്യം ഞങ്ങള്‍ പറയും...
  • സത്യം നിത്യവും നിങ്ങളുടെ വിരല്‍ തുമ്പില്‍...
  • മലയാള മാധ്യമ രംഗത്ത് ഒരു പുത്തന്‍ സൂര്യോദയം...
  • വാര്‍ത്താമാധ്യമം ജനാധിപത്യത്തിന്‍റെ കാവലാകുന്ന ഇടം...

26

SEPTEMBER 2018
WEDNESDAY
02:03 AM

Kochi
+24°C
Malayalam Breaking News Logo
Kochi
+24°C

തല്ലുകാരും കൂലിത്തല്ലുകാരും

By Web Desk    April 12, 2018   

സന്മാര്‍ഗപഠന ക്ലാസില്‍ ടീച്ചര്‍ മായയോട് ചോദിച്ചു, നീ ആരെയാണ് ഏറ്റവും ഇഷ്ടപ്പെടുന്നത്. 
മായ പറഞ്ഞു : എന്നെത്തന്നെ.
ടീച്ചര്‍ : അതു കഴിഞ്ഞാലോ.
മായ : അതു കഴിയുന്നില്ലല്ലോ!
    

ഇത്തരത്തില്‍ സ്വയം സ്നേഹിച്ചു തീരാത്തവരുടെവരുടെ തുരുത്തുകളായി കേരളം മാറുകയാണ്. കുടുംബത്തെ, മതത്തെ, സമുദായത്തെ, പാര്‍ട്ടിയെ സ്നേഹിച്ചുമതിയാകാത്തവരുടെ ആള്‍ക്കൂട്ടമായി ഉറഞ്ഞുകൂടുന്നവര്‍. തല്ലുകാരെയും കൂലിത്തല്ലുകാരെയും പാലൂട്ടി വളര്‍ത്തുന്ന ' സനാതന' സംസ്‌കാരം ഇത്തരം സ്വാര്‍ഥതയുടെ അവശേഷിപ്പാണ്. പ്രതിയോഗിയുടെ സത്യസന്ധത തന്റെ കള്ളത്തരത്തിന് ഭീഷണിയാണെന്ന തോന്നലില്‍ നിന്നാണ് നശീകരണത്തിന്റെയും കൊലപാതകത്തിന്റെ തിരക്കഥാ രചന ആരംഭിക്കുന്നത്. അതുകൊണ്ടു തന്നെ ഓരോ കൊലപാതകത്തിന്റെയും പിന്നിലെ യഥാര്‍ഥ  പ്രതികള്‍ ആരാണ് എന്ന ചോദ്യത്തിന് ഉത്തരം പറയേണ്ടത് കൊലപാതകരാഷ്ട്രീയത്തിന്റെ കുടുംബപാരമ്പര്യത്തില്‍ വീമ്പു പറയുന്ന രാഷ്ട്രീയ പ്രസ്ഥാനങ്ങളാണ്. പാര്‍ട്ടിയിലെ അന്തകവിത്തുകളെ തുരത്താന്‍ ഭരണാധികാരികള്‍ക്കുപോലും കഴിയാത്തിടത്താണ് സമൂഹത്തെ ബാധിച്ചുകൊണ്ടിരിക്കുന്ന മാരകരോഗം തിരിച്ചറിയേണ്ടത്. 


നാട്ടിലെ സദാചാര തല്ലുകാര്‍ തല്ലിക്കൊഴിച്ച ആദിവാസി യുവാവ് മധുവിന്റെ ജീവിതം ഒറ്റപ്പെട്ടതെന്ന് പറഞ്ഞ് ആശ്വസിക്കുന്നവര്‍ ഇത്തരത്തിലുള്ള ഓരോ പാതകത്തെയും ഒറ്റയൊറ്റയായി എണ്ണിയാല്‍ എണ്ണിയാലൊടുങ്ങാത്ത ഇത്തരം സംഭവങ്ങളുടെ സ്ഥിതിവിരക്കണക്കുകള്‍ നമുക്ക് ലഭിക്കും. അറുപതു വര്‍ഷമായി അട്ടപ്പാടി ആദിവാസി കോളനികളില്‍ മാത്രം ചെലവഴിച്ച കോടികള്‍ക്കൊണ്ട് മൂന്നു കേരളത്തെ സൃഷ്ടിക്കാമായിരുന്നു എന്നാണ് സമൂഹശാസ്ത്രജ്ഞരുടെ മതം. ഇത്രയും കാലംകൊണ്ട് ഇത്രയും വലിയ തുക നാശകോശമാക്കിയ ഭരണാധികരാകളല്ലേ മധുവിനെപ്പോലുള്ളവരുടെ കൊലപാതകത്തിന്റെ യഥാര്‍ഥ ഉത്തരവാദികള്‍ എന്ന ചോദ്യം അവശേഷിക്കുന്നത് അവിടെയാണ്. ഈ കൊടുംചതിയില്‍ പ്രതിഷേധിക്കാനും തങ്ങളെ ഈവിധമാക്കിയവരെ ഇല്ലാതാക്കാനും ആദിവാസികള്‍ നാട്ടിലേക്ക് ഇറങ്ങിയാല്‍എന്താകും സ്ഥിതി എന്ന് തല്ലുകാരെയും കൂലിത്തല്ലുകാരെയും തേനുംപാലും കൊടുത്ത് പോഷിപ്പിക്കുന്നവര്‍ ആലോചിച്ചിട്ടുണ്ടോ. കിട്ടിയ കോടികളെല്ലാം കൃത്യമായ ആസൂത്രണമില്ലാതെ നാനാവിധമാക്കി കാടടച്ചുവെടിവെച്ചവര്‍ ഓരോ മധുവിന്റെ മരണത്തിലും സ്ഥിരം നാടകവേദികെട്ടി അഭിനയിച്ചു തകര്‍ക്കുകയാണ്. ആദിവാസി ഊരുകളിലെ ഇല്ലാത്ത റോഡുകളെക്കുറിച്ച്, രോഗാതുരമായ പ്രാഥമികാരോഗ്യ കേന്ദ്രങ്ങളെക്കുറിച്ചും പട്ടിണിയെക്കുറിച്ചുമൊക്കെ വിലപിക്കുന്നതു കണ്ടുകണ്ട് മുതലകള്‍ക്കുപോലും പൊഴിക്കാന്‍ കണ്ണീരില്ലാത്ത അവസ്ഥയാണ്. 
    

സമാനമാണ് രാഷ്ട്രീയ കൊലപാതകങ്ങളുടെ ചരിത്രവും. ഓരോ രാഷ്ട്രീയ കൊലപാതകത്തിലും ഞെട്ടറ്റു വീഴുന്നത് ഓരോ മധുമാരാണെന്ന് തിരിച്ചറിയാന്‍ വയ്യാത്തവര്‍ എങ്ങനെയാണ് പ്രജകളുടെ ജീവനും സ്വത്തിനും സംരക്ഷണം നല്‍കുന്നത്. എതിരാളികളുടെ ചോരയും നീരയും വലിച്ചെടുത്ത് ആകാശത്തോളം വളര്‍ന്നു പന്തലിച്ച ഗുണ്ടകള്‍ പാര്‍ട്ടി വ്യത്യാസമില്ലാതെ പുരനിറഞ്ഞു കവിഞ്ഞുകൊണ്ടിരിക്കുകയാണ്. ഇത്തരക്കാരെ കൂട്ടിക്കൊണ്ടു നടന്നു എതിരാളിയെ തല്ലിക്കുന്ന നേതാക്കള്‍, വെട്ടിന്റെ എണ്ണത്തില്‍ റെക്കോഡ് സൃഷ്ടിക്കുന്ന മാന്യന്മാര്‍ സംഭവശേഷം കൊലപാതകികളെ തള്ളിപ്പറയുന്നതാണ് ഇപ്പോഴത്തെ ഫാഷന്‍. 

നേതാക്കള്‍ അറിയാതെയാണ് സ്വന്തം അണികള്‍ എതിരാളിയുടെ ഉയിരെടുക്കുന്നതെങ്കില്‍ അടുത്തത് നേതാക്കളുടെ ജീവനാണ് എന്ന കാര്യത്തില്‍ ആര്‍ക്കാണ് സംശയം.  കൊലപാതകികളെ തള്ളിപ്പറയുന്ന നേതാക്കള്‍ പ്രാണഭയമില്ലാതെ നടക്കുന്നതിനര്‍ഥം മാധ്യമങ്ങള്‍ക്കുമുന്നിലുള്ള  ഈ  തള്ളിപ്പറച്ചിലും ഭള്ളുപറച്ചിലും കപടനാടമാണെന്ന് കൂലിക്കൊലയാളികള്‍ക്കും അറിയാം എന്നതാണല്ലോ. കൊലയാളികളുടെ സംരക്ഷണം ഉറപ്പാക്കിയിട്ടു നടത്തുന്ന പൊറാട്ടു നാടകം അരിയാഹാരം കഴിക്കാത്തവര്‍ക്കുകൂടി മനസിലാകും. ഹോദരന്റെ ചോരക്ക് കക്ഷിരാഷ്ട്രീയത്തിന്റെ നിറംനല്‍കി ന്യായീകരിക്കുന്നവരെല്ലാം ഈ കൂലിത്തല്ലുകാരുടെ കുലത്തില്‍ പെടുന്നവരാണ് എന്ന കാര്യത്തില്‍ സംശയം വേണ്ട. ഇവിടെ യഥാര്‍ഥത്തില്‍ കൊല്ലപ്പെടേണ്ടത് നിസഹായരായ മനുഷ്യരല്ല, എതിരാളിയെ കൊലപ്പെടുത്താന്‍ കൂട്ടുനിന്നിട്ട് പച്ചയായി കള്ളം പറയാന്‍ മടികാട്ടാത്ത നേതാക്കളാണ്. അക്രമരാഷ്ട്രീയത്തിന് അറുതിവരുത്താന്‍ ഇതല്ലാതെ ഒരു കുറുക്കുവഴിയുമില്ല. 
    
    

Leave your comment
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, ഇതില്‍ മലയാളം ബ്രേക്കിഗ് ന്യൂസ്‌ ഉത്തരവാദി ആയിരിക്കില്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക.
Malayalam Breaking News