• പതിരില്ലാത്ത സത്യം പതിവായി...
  • ആരും പറയാത്ത സത്യം ഞങ്ങള്‍ പറയും...
  • സത്യം നിത്യവും നിങ്ങളുടെ വിരല്‍ തുമ്പില്‍...
  • മലയാള മാധ്യമ രംഗത്ത് ഒരു പുത്തന്‍ സൂര്യോദയം...
  • വാര്‍ത്താമാധ്യമം ജനാധിപത്യത്തിന്‍റെ കാവലാകുന്ന ഇടം...

17

DECEMBER 2018
MONDAY
09:21 AM

Kochi
+24°C
Malayalam Breaking News Logo
Kochi
+24°C

കോടികളും ജനകോടികളും

By ജോർജ് പുളിക്കൻ    February 23, 2018   

ജോർജ് പുളിക്കൻ

ഇവിടെ ജനകോടികള്‍ ചാര്‍ത്തുന്നു
നിങ്ങളില്‍ പുതിയ പുളകങ്ങള്‍ തന്‍ സിന്ദൂര മാലകള്‍...
എന്നു പാടിയ വിപ്ലവബോധം ഇന്നു ചാര്‍ത്തുന്നത് കോടികളുടെ നോട്ട് മാലകളാണ്. ഇത് കാലത്തിന്റെ മാറ്റമായി കരുതുന്നത് ചരിത്രത്തോട് കാട്ടുന്ന അനീതിയാണ്.  മുതലാളിത്തം അവസാനിപ്പിക്കാന്‍ തൊഴിലാളിവര്‍ഗത്തെ ഒപ്പം നിര്‍ത്തി പൊരുതി വളര്‍ന്ന പാര്‍ട്ടി കോടികളുടെ പേരില്‍ തര്‍ക്കിക്കുന്ന കൂടപ്പിറപ്പുകളുടെ പ്രസ്ഥാനമാകുമ്പോള്‍ അനുയായികള്‍ക്ക് നഷ്ടപ്പെടുന്നത് മൂല്യങ്ങളിലുള്ള അവസാനത്തെ പ്രതീക്ഷ കൂടിയാണ്. 

മുതലാളിത്തം അവസാനിപ്പിക്കാനുള്ള എളുപ്പവഴി മുതലാളിമാരില്‍ നിന്ന് കടംവാങ്ങിയിട്ട് തിരിച്ചു കൊടുക്കാതിരിക്കുക എന്നതാണ് എന്ന സഖാവ് കാമ്പിശ്ശേരികരുണാകരന്റെ ദീര്‍ഘവീക്ഷണത്തെ നമിക്കാതെ വയ്യ. അതേ മാര്‍ഗമാണല്ലോ പുതിയ കാലത്തിന്റെ സഖാക്കളും സന്തതികളും പിന്തുടരുന്നത്. മര്‍സൂഖമാരില്‍ നിന്ന് കടംവാങ്ങിയിട്ട് തിരികെ കൊടുക്കാതിരിക്കുക!

നേതാക്കളുടെ മക്കള്‍ക്കെന്താ നന്നായിക്കൂടെ എന്ന മറുചോദ്യം പ്രസക്തം തന്നെയാണ്. നന്നാകുക എന്നതിന് സ്വത്ത് സമ്പാദനം എന്ന മുതലാളിത്ത പര്യായം മാത്രം കണ്ടെത്തുമ്പോഴാണ് കാര്യങ്ങള്‍ കീഴ്മേല്‍ മറിയുന്നത്. നേതാവിന്റെ മകന്റെ പേരില്‍ പാര്‍ട്ടിയുടെ പരമോന്നത സമിതിക്ക് പരാതി ലഭിക്കുന്നതോടെ വ്യക്തിപരം എന്നത് പാര്‍ട്ടിപരവും പാര്‍ട്ടി പരമെന്നത് ബഹുജന പ്രശ്നവുമായി മാറുന്നു.

പാര്‍ട്ടി ഏതായാലും നേതാവാരായാലും ഈ ഉത്തരവാദിത്വത്തില്‍ നിന്ന് ഒഴിഞ്ഞുമാറാനാവില്ലല്ലോ. തൊഴിലാളി വര്‍ഗ സര്‍വാധിപത്യം കൊതിക്കുന്ന പാര്‍ട്ടികള്‍ക്ക് പാര്‍ട്ടിയില്‍ തന്നെ മുതലാളിത്തം വളരുന്നത് എങ്ങനെ ഉള്‍ക്കൊള്ളാനാകും. അതാണ് പ്രധാനപ്പെട്ട ചോദ്യം. അമിത്ഷാ ആയാലും സോണിയാഗാന്ധിയായാലും മക്കളുടെ ഇടപാടുകള്‍ ചോദ്യം ചെയ്യപ്പടും, അഥവാ ചോദ്യം ചെയ്യപ്പെടണം എന്നകാര്യത്തില്‍ ആര്‍ക്കാണ് തര്‍ക്കം. അത് വിപ്ലവപാര്‍ട്ടിയുടെ നേതാവാകുമ്പോള്‍ ചോദ്യങ്ങള്‍ക്ക് കുറച്ചുകൂടി കാര്‍ക്കശ്യം വരുമെന്നു മാത്രം. സി.പി.എമ്മിനെ ഒരു ബൂര്‍ഷാ പാര്‍ട്ടിയായി കണക്കാക്കാത്ത സാധുക്കള്‍ ഇപ്പോഴും ഈ ഭൂമുഖത്തുണ്ട് എന്നതു തന്നെയാണ് അതിന്റെ ന്യായം. അത്തരം ചോദ്യങ്ങളെ വ്യക്തഹത്യായി കണ്ട് തര്‍ക്കുത്തരം പറയുന്നത് വെറും മുട്ടാപ്പോക്കുമാത്രമാണ്.        

പാര്‍ട്ടിയുടെ മുഖ്യമന്ത്രി ഹെലിക്കോപ്റ്ററില്‍ സഞ്ചരിക്കുന്നത് വിവാദമാകുമ്പോള്‍ അതിനു ചെലവായ ലക്ഷങ്ങള്‍ പാര്‍ട്ടിക്ക് തൃണസമാനമാണെന്നും അത് പാര്‍ട്ടി തിരിച്ചടക്കുമെന്നുമൊക്കെ പറയുന്ന മുന്തിയ സഖാക്കളും മന്ത്രിമാരുമൊക്കെ സാധാരണക്കാരായ അണികള്‍ക്ക് അഭിമാനമല്ല അപമാനമാണ് ഉണ്ടാക്കുന്നത്. നേരെമറിച്ച്, ഇതൊക്കെ നാട്ടില്‍ മുതലാല്‍ത്തം തകര്‍ന്നതിന്റെ ലക്ഷണമായി കണക്കാക്കി തൊഴിലാളികള്‍ അഭിമാനിക്കും എന്നു പ്രതീക്ഷിക്കുന്നവര്‍ ഏതോ മൂഢസ്വര്‍ഗത്തിലാണ്. . 

മുഖ്യമന്ത്രി ആകാശത്തുകൂടെ പറക്കുന്നതു കാണാന്‍ മുപ്പതിനായിരത്തിന്റെയും നാല്പതിനായിരത്തിന്റെയും അമ്പതിനായിരത്തിന്റെയും കണ്ണട വാങ്ങി ധരിക്കുന്ന മന്ത്രിമാര്‍ കണ്ണടയുണ്ടെങ്കിലും കാഴ്ച നഷ്ടപ്പെട്ടവരാണ് എന്നു പറയാന്‍ പോളിറ്റ് ബ്യൂറോ ചേരേണ്ടതില്ല. അപ്പോള്‍ ഇക്കൂട്ടരുടെയെല്ലാം കാഴ്ചയല്ല കാഴ്ചപ്പാടാണ് മാറേണ്ടത്. കാലിയായ സര്‍ക്കാര്‍ ഖജനാവില്‍ നിന്ന് ഭീമമായ തുകയെടുത്ത കണ്ണടവാങ്ങിയിട്ട് കണ്ണടച്ച് ഇരുട്ടാക്കുന്നതില്‍ അന്യായമല്ലാതെ എന്താണ് ന്യായം. ഇത്രയൊക്കെ വിലയുള്ള കണ്ണട വാങ്ങാന്‍ തങ്ങള്‍ക്കവകാശമുണ്ടെന്നു പറയുന്ന സ്പീക്കര്‍ക്കും മന്ത്രിക്കുമൊക്കെ ഇക്കാര്യം സ്വന്തം സഖാക്കളുടെ കണ്ണില്‍ നോക്കി പറയാനുള്ള ധൈര്യമുണ്ടാകുമോ.    

കട്ടന്‍ ചായയും പരിപ്പുവടയും കഴിച്ച് എക്കാലവും പാര്‍ട്ടിപ്രവര്‍ത്തകര്‍ക്ക് ജീവിക്കാനാവില്ലെന്നു വീരസ്യം പറയുന്നവര്‍ പരിപ്പവടക്കുവേണ്ടി പരതിനടക്കുന്ന ആയിരങ്ങള്‍ ഇപ്പോഴും പാര്‍ട്ടിയിലുണ്ടെന്ന തിരിച്ചറിയാതെ പോകുന്നത് രാഷ്ട്രീയ പാപ്പരത്തമാണ്. ഇത്തരം പരമാബദ്ധങ്ങള്‍ വിളിച്ചുപറയുന്നവര്‍ ഞാനും എന്റെ ഭര്‍ത്താവും തട്ടാനും മതി വിപ്ലവം വരാന്‍ എന്നു കരുതുന്നവരുടെ ഗണത്തിലാണ്. 

കോടികളല്ല, ജനകോടികളാണ് പാര്‍ട്ടിയുടെ ശക്തി. ജനകോടികളില്‍ നിന്നുണ്ടാകുന്ന കോടിയേരിമാരിലും ബാലകൃഷ്ണന്‍മാരിലുമാണ് ജനങ്ങളുടെ പ്രതീക്ഷ. സ്വന്തം തട്ടകത്തില്‍ത്തന്നെ തഴച്ചുവളരുന്ന മുതലാളിവര്‍ഗത്തെ തിരിച്ചറിയാനുള്ള കണ്ണടയാണ്  ഇടതുപ്പാര്‍ട്ടികളില്‍ നിന്ന് കാലവും ലോകവും ഇപ്പോള്‍ ആവശ്യപ്പെടുന്നത്.

Leave your comment
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, ഇതില്‍ മലയാളം ബ്രേക്കിഗ് ന്യൂസ്‌ ഉത്തരവാദി ആയിരിക്കില്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക.
Malayalam Breaking News