• പതിരില്ലാത്ത സത്യം പതിവായി...
  • ആരും പറയാത്ത സത്യം ഞങ്ങള്‍ പറയും...
  • സത്യം നിത്യവും നിങ്ങളുടെ വിരല്‍ തുമ്പില്‍...
  • മലയാള മാധ്യമ രംഗത്ത് ഒരു പുത്തന്‍ സൂര്യോദയം...
  • വാര്‍ത്താമാധ്യമം ജനാധിപത്യത്തിന്‍റെ കാവലാകുന്ന ഇടം...

26

SEPTEMBER 2018
WEDNESDAY
02:49 AM

Kochi
+24°C
Malayalam Breaking News Logo
Kochi
+24°C

ജനസേവനം കുട്ടിക്കളിയല്ല!

By ജോർജ് പുളിക്കൻ    March 23, 2018   

ജോർജ് പുളിക്കൻ

ഇന്നാട്ടുകാര്‍ക്കുള്ള പലതരം അല്പത്തരങ്ങളില്‍ ഒന്നാണ് എം.എല്‍.എമാരെക്കുറിച്ചുള്ള ധാരണയും. എം.എല്‍.എമാരെല്ലാം കഞ്ഞികളായി ജീവിക്കണം എന്നാണ് വോട്ടുചെയ്തുവെന്ന ഒറ്റക്കാരണത്താല്‍ നാട്ടുകാരുടെ വാശി. എം.എല്‍.എമാര്‍ കാറുവാങ്ങാന്‍ പാടില്ല, വീടു വെയ്ക്കാന്‍ പാടില്ല, ഷര്‍ട്ടിന്റെ നിറത്തിലുള്ള കരയുള്ള മുണ്ടുടുക്കരുത്, ജനങ്ങളെ നന്നായി കാണാന്‍ പോന്നതരത്തിലുള്ള കണ്ണട ധരിക്കാന്‍ പാടില്ല, വീട്ടുകാരെ ചികിത്സിക്കാന്‍ പാടില്ല, മുണ്ടുമുറുക്കിയുടക്കാന്‍ പാകത്തിലുള്ള ശമ്പളം വാങ്ങരുത് എന്നൊക്കെയാണ് ഇക്കൂട്ടരുടെശാഠ്യം. ഇതൊക്കെയങ്ങ് പള്ളീ പോയി പറഞ്ഞാ മതി എന്നു പഞ്ചപാവങ്ങളായ എം.എല്‍.എമാര്‍ പറയാത്തത് പള്ളികളിലെല്ലാം തമ്മിലടിയായതുകൊണ്ടു മാത്രമാണ്. ജനപ്രതിനിധികള്‍ എന്നറിയപ്പെടുന്നതുകൊണ്ട് പ്രതികളോടെന്നപോലെ ഇവരോട് പെരുമാറുന്നത് നിലവിലുള്ള ജനാധിപത്യ പ്രക്രിയക്കുതന്നെ മാനക്കേടാണ്. 

വോട്ടര്‍മാര്‍ അവര്‍ക്ക് കിടക്കപ്പൊരുതിയില്ലാതാകുമ്പോഴാണല്ലോ തമ്മില്‍ ഭേദമുള്ള ഒരു തൊമ്മനെ എം.എല്‍.എയാക്കുന്നത്. സ്വാഭാവികമായും നാടിന്റെ അഭിമാനമായ എം.എല്‍.എയെ മാന്യമായി ജീവിക്കാന്‍ അനുവദിക്കേണ്ടത്,് ഇവരെ തീറ്റിപ്പോറ്റേണ്ടത് നാടിന്റെ ആവശ്യമാണെന്ന കാര്യത്തില്‍ ആര്‍ക്കാണ് തര്‍ക്കം. ഊണും ഉറക്കവും ജനസേവനത്തിനുവേണ്ടി ഉപേക്ഷിച്ച് നാടാകെ നാക്കിട്ടടിച്ചും നാട്ടുകാരുടെ കാലുപിടിച്ചും കാശുള്ളവവരുടെ കാക്കപിടിച്ചു എം.എല്‍.എയാകുന്നവര്‍ രാജ്യത്തിന്റെ നികുതിപ്പണം വസൂലാക്കി മാന്യമായി ജീവിക്കുന്നതില്‍ തെറ്റുകാണുന്നവര്‍ ഒറ്റുകാരാണ്. 

മുണ്ടു മുറുക്കിയുടുത്ത് ജീവിക്കാനായി നൂറുരൂപ പോക്കറ്റടിച്ചാല്‍ അവനെ പിടിച്ചുപറിക്കാരനെന്നു പറഞ്ഞ് ജയിലലടക്കും. നാട്ടുകാരുടെ പിച്ചച്ചട്ടിയില്‍ കൈയിട്ടുവാരുന്നവരെ എം.എല്‍.എമാരെന്നു വിൡും എന്നൊക്കെയാണ് ചില രാജ്യദ്രോഹികള്‍ പറഞ്ഞു നടക്കുന്നത്. തിരഞ്ഞെടുപ്പു കാലത്തെ ഉച്ചഭാഷിണി പ്രസംഗം കേട്ട് വിലയേറിയ സമ്മതിദാനാവകാശം രേഖപ്പെടുത്തിയ ഇത്തരം വായ പോയ കോടാലികള്‍ക്ക് മറുപടി പറഞ്ഞ് നിങ്ങളുടെ വിലയേറിയ സമയം പാഴാക്കരുത് എന്നാണ് ബഹുമാനപ്പെട്ട എം.എല്‍.എമാരോട് അപേക്ഷിക്കാനുള്ളത്. 

 ജീവനുംകൊണ്ടു രക്ഷപ്പെട്ട ഗാന്ധിജിയുടെയും വിനോബാജിയുടെയും എ.കെ.ജിയുടെയും ഇ.എം.എസിന്റെയും ഏറ്റവും ഒടുവില്‍ ത്രിപുരയില്‍ ജീവിച്ചിരിക്കുന്ന മണിക്ക് സര്‍ക്കാരിന്റെയുമൊക്കെ ലളിതജീവിതത്തിന്റെ കണക്കൊക്കെ തപ്പിയെടുത്ത് ചിലര്‍ പ്രദര്‍ശിപ്പിക്കുന്നുണ്ട്. ലളിത ജീവിതത്തിന് ചെലവു കൂടുതലാണ് എന്ന സാമാന്യ ജ്ഞാനം പോലുമില്ലാത്ത അജ്ഞരാണവര്‍. ഇത്തരക്കാരെ ഒരു എം.എല്‍.എക്ക് അര്‍ഹിക്കുന്ന അവഗണനയോടെ തള്ളിക്കളയുക. 

ഇതിനൊക്കെ പുറമെ, അപേക്ഷിക ധാര്‍മികതയാണ് ഒരു എം.എല്‍.എയാകാനുള്ള യോഗ്യത എന്നറിയാത്ത പുതിയൊരു വര്‍ഗം ബൂര്‍ഷ്വാസികള്‍ ഇന്നാട്ടിലിപ്പോള്‍ വളര്‍ന്നുവരുന്നുണ്ട്. കാറ്റിനൊപ്പം തൂറ്റാനറിയാത്തവരെക്കുറിച്ച് ഒന്നു പറയേണ്ടതില്ല. ഭരണപക്ഷത്തിരിക്കുമ്പോള്‍ ഒരു ധാര്‍മികത, പ്രതിപക്ഷത്തിരിക്കുമ്പോള്‍ മറ്റൊരു ധാര്‍മികത. ഭരണപക്ഷത്താകുമ്പോള്‍ ഒരുതരം ചാരിത്യപ്രസംഗം, പ്രതിപക്ഷത്താകുമ്പോള്‍ മറ്റൊരു ചാരിത്ര്യപ്രസംഗം. പൂച്ചക്കുട്ടികള്‍ കിടക്കപ്പായ മാന്തുമ്പോഴുള്ള രസം അതനുഭവിച്ചവര്‍ക്കെ അറിയൂ. കൊലപാതകത്തിനും പീഡനത്തിനുമൊക്കെ നിയമസഭയില്‍ ഒരു വോക്കൗട്ടിന്റെ വിലയെ ഉള്ളൂ എന്നിപ്പോള്‍ ആര്‍ക്കാണ് അറിയാത്തത്. അതു തന്നെ മരിച്ചവരുടെയും പീഡിപ്പിക്കപ്പെട്ടവരുടെയും ജന്മദിനം, ജാതി, മതം, രാഷ്ട്രീയം എന്നതുകൂടി അടിസ്ഥാനമാക്കിയാണ് നിശ്ചയിക്കപ്പെടുന്നത്.

 കേട്ടില്ലേ, മന്ത്രിമാരുടെയും എം.എല്‍.എമാരുടെയും ശമ്പളം വല്ലാണ്ടു കൂട്ടിയെന്നാണപ്പോള്‍, അരലക്ഷത്തിന്റെ കണ്ണടവാങ്ങാന്‍ പറ്റാത്ത ചില കോങ്കണ്ണന്മാര്‍ പറഞ്ഞു നടക്കുന്നത്. തനിക്കുവേണ്ടി തന്റെ ശമ്പളം താന്‍ തന്നെ കൂട്ടിയെഴുതിയെടുക്കുന്ന പ്രകിയക്കാണല്ലോ എം.എല്‍.എ.പ്പണി എന്നു പറയുന്നത്. ഒറ്റത്തവണ തീര്‍പ്പാക്കല്‍ പദ്ധതിയില്‍ ഉള്‍പ്പെടുത്തി ഒറ്റയടിക്ക് മുപ്പതിനായിരവും നാല്പതിനായിരവുമൊക്കെ വീതെ ശമ്പളം വര്‍ധിപ്പിക്കുന്നത് നമ്മുടെ ജനാധിപത്യന്റെ ശേഷിയും ശേമുഷിയുമാണ് കാണിക്കുന്നത്. കര്‍ഷകത്തൊഴിലാളിക്ക് ഒരു മാസം ജീവിക്കാന്‍ ആയിരം രൂപ പെന്‍ഷന്‍ നല്‍കുന്നതും ഇതുമൊക്കായായി ചില കൊഞ്ഞാണന്മാര്‍ കൂട്ടിക്കുഴക്കുന്നുണ്ട്. വോട്ടു ചെയ്യുന്ന കര്‍ഷകത്തൊഴിലാളിയും വോട്ടു വാങ്ങുന്ന രാഷ്ട്രീയ കൃഷിക്കാരനും ഒരേ അന്തസില്‍ ജീവിക്കണം എന്നു പറയുന്നവരെപ്പറ്റി എന്തു പറയാനാണ്. മുറുക്കിയുടുത്ത മുണ്ട് കീറിപ്പറിയുമ്പോള്‍ മുഖ്യമന്ത്രിയുടെയും മന്ത്രിമാരുടെയും വീട്ടിലെ കര്‍ട്ടന്‍തുണിയില്‍ അല്പം മോഷ്ടിച്ച് നാണം മറക്കാനുള്ള അനുവാദം കൂടി തന്നാല്‍ എല്ലാം സറിയാകും സാര്‍. ജനസേവനം വെറുമൊരു കുട്ടിക്കളിയല്ലെന്ന് ഇന്നാട്ടുകാര്‍ ഇനി എന്നാണോവോ മനസിലാക്കുക! 

Related News
Leave your comment
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, ഇതില്‍ മലയാളം ബ്രേക്കിഗ് ന്യൂസ്‌ ഉത്തരവാദി ആയിരിക്കില്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക.
Malayalam Breaking News