• പതിരില്ലാത്ത സത്യം പതിവായി...
  • ആരും പറയാത്ത സത്യം ഞങ്ങള്‍ പറയും...
  • സത്യം നിത്യവും നിങ്ങളുടെ വിരല്‍ തുമ്പില്‍...
  • മലയാള മാധ്യമ രംഗത്ത് ഒരു പുത്തന്‍ സൂര്യോദയം...
  • വാര്‍ത്താമാധ്യമം ജനാധിപത്യത്തിന്‍റെ കാവലാകുന്ന ഇടം...

15

OCTOBER 2018
MONDAY
11:40 PM

Kochi
+24°C
Malayalam Breaking News Logo
Kochi
+24°C

കമ്യൂണിസ്റ്റ് പാര്‍ട്ടി ഓഫ് കേരള ( മാണിയിസ്റ്റ് )

By ജോർജ് പുളിക്കൻ    March 5, 2018   

ജോർജ് പുളിക്കൻ

നമുക്ക് അതിരാവിലെ എഴുന്നേറ്റ് പശ്ചിമ ബംഗാളിലേക്കും ത്രിപുരയിലേക്കും പോകാം. അവിടുത്തെ വയലുകളില്‍ ചെങ്കൊടി തളിര്‍ത്തതും അരിവാള്‍ ചുറ്റിക പൂത്തതും കാണാം അവിടെവെച്ച് സഖാവിന്  ഞാന്‍ എന്റെ വിപ്ലവം തരും. ഇതായിരുന്നു കഴിഞ്ഞ കുറെപ്പതിറ്റാണ്ടുകളായി ഇടതുപക്ഷ വിശ്വാസികളെയെല്ലാം തരളിതമാക്കിയിരുന്ന സുവിശേഷം. ഇരുപത്തഞ്ചുവര്‍ഷം ഭരിച്ച ത്രിപുരയിലെ തിരഞ്ഞെടുപ്പു ഫലം കൂടി പുറത്തുവന്നതോടെ ഈ വിശ്വാസപ്രമാണങ്ങള്‍ അട്ടിമറിക്കപ്പെടുകയാണ്.  

സഖാവേ, നമുക്ക് അതിരാവിലെ എഴുന്നേറ്റ് മൂന്നരപ്പതിറ്റാണ്ടു ഭരിച്ച പശ്ചിമബംഗാളിലേക്കും രണ്ടരപ്പതിറ്റാണ്ടും ഭരിച്ച ത്രിപുരയിലേക്കും പോകാം. അവിടെ തൃണമൂല്‍ പൂത്തോ എന്നും താമര വിരിഞ്ഞോ എന്നും നോക്കാം. അവിടെ വെച്ച് നിനക്കു ഞാനൊരു കാവിക്കൊടി സമ്മാനിക്കും. ( ബംഗാളിലും രണ്ടാം സ്ഥാനത്ത് ബി.ജെപി തന്നെ.)
വിന്‍സ്റ്റണ്‍ ചര്‍ച്ചിലിനോട് ഒരിക്കല്‍ ഒരു പത്രപ്രതിനിധി ചോദിച്ചു ഃ ഒരു രാഷ്ട്രീയ നേതാവിനുണ്ടായിരിക്കേണ്ട സവിശേഷതകള്‍ എന്തൊക്കെയാണ്. 

ചര്‍ച്ചില്‍ പറഞ്ഞു ഃ എഴുതിയെടുത്തോളൂ ഃ 
രണ്ടു കാര്യങ്ങളാണ് രാഷ്ട്രീയനേതാവിന് ഉണ്ടായിരിക്കേണ്ടത്. ഒന്ന്, അടുത്തകൊല്ലം ഇതേ സമയത്ത് ഇവിടെ എന്തു സംഭവിക്കും, രാഷ്ട്രീയത്തില്‍ എന്തൊക്കെ മാറ്റങ്ങള്‍ ഉണ്ടാകും, എന്തൊക്കെയാണ് നാട്ടിലുണ്ടാകുന്ന വികസനപരിപാടികള്‍ എന്നൊക്കെ പറയാനുള്ള കഴിവുണ്ടാകണം. 
പത്രക്കാരന്‍ ഃ ശരി, രണ്ടാമത്തെ കാര്യം എന്താണ്.
ചര്‍ച്ചിലിന്റെ മറുപടി ഃ അടുത്ത വര്‍ഷം ഇതേസമയത്ത് ഈ വികസനം നടപ്പാക്കാന്‍ കഴിയാത്തത് എന്തുകൊണ്ടാണെന്ന് ജനങ്ങളോട് വിശദീകരിക്കണം. പ്രതിലോമ ശക്തികളുടെ ഇടപെടലുകളെക്കുറിച്ചൊക്കെ പറഞ്ഞ് ജനങ്ങളെ സ്തബ്ധരാക്കണം. അങ്ങനെയെങ്കില്‍ നല്ല രാഷ്ട്രീയക്കാരനായി.

വീടില്ലാത്ത മുഖ്യമന്ത്രി, കാറില്ലാത്ത മുഖ്യമന്ത്രി, ബാങ്ക് ബാലന്‍സ് ഇല്ലാത്ത മുഖ്യമന്ത്രി എന്തൊക്കെയായിരുന്നു. എന്നിട്ടും എന്താണ് സംഭവിച്ചത്. ഇരുപത്തഞ്ചു വര്‍ഷം തുടര്‍ച്ചയായി ഭരിക്കുന്ന ഒരു പാര്‍ട്ടി, അതും കമ്യൂണിസ്റ്റ്പാര്‍ട്ടി,  സംഘപരിപാവര്‍ ശക്തികള്‍ നടത്തിയ വികസനം എന്ന മുദ്രാവാക്യത്തില്‍ തപ്പിത്തടഞ്ഞു വീഴുന്നതിന്റെ പൊരുള്‍ എന്താണ്. ബംഗാളില്‍ മുപ്പത്തഞ്ചുവര്‍ഷത്തിലേറെ ഉദിച്ചുനിന്ന് ചുവന്ന സൂര്യന്‍ കെട്ടിവെച്ച കാശുപോലും കിട്ടാതെ കെട്ടുകാഴ്ചയാകുന്നത് എന്തുകൊണ്ടാണ്. ജ്യോതിബസുവും ബുദ്ധദേവും മണിസര്‍ക്കാരിനെപ്പോലെ തന്നെ കേമന്മാരായിരുന്നല്ലോ.  

 കേരളത്തില്‍ അധികാരത്തിലേറിയ ഇടതുഭരണങ്ങളുടെ അവസ്ഥയും മറ്റൊന്നല്ലെന്നു മറക്കരുത്. ഇ.എം.എസും ഇ.കെ.നായനാരും വി.എസ്.അച്യുതാനന്ദനുമൊക്കെ ഭരണത്തിലേറിയത് കോണ്‍ഗ്രസ് മുന്നണിയുടെ അഴിമതിയും കെടുകാര്യസ്ഥതയും തമ്മിലടിയും ന്യൂനപക്ഷപ്രീണനവും ഉയര്‍ത്തിക്കാട്ടിയായിരുന്നു.  എല്ലാം സറിയാക്കമെന്നായിരുന്നു എക്കാലത്തെയും വാഗാദാനം. എന്നിട്ടും അഞ്ചാംവര്‍ഷം എതിര്‍മുന്നണിയെ വോട്ടര്‍മാര്‍ തിരികെ കൊണ്ടുവരുന്നതെന്തുകൊണ്ടാണ് എന്നന്വേഷിക്കാന്‍ ഒരു പ്ലീനം നടക്കുന്നില്ല!
ബി.ജെ.പിയുടെ വിജയം അധികാരവും പണവും ഉപയോഗിച്ചു നേടിയ തട്ടിപ്പു വിജയമാണെന്ന് പറഞ്ഞ് സ്വയം ആശ്വസിക്കാമെങ്കിലും അതുപറഞ്ഞ് കാലം കഴിച്ചുകൂട്ടാമെന്ന് ഇനിയും കരുതരുത്. അടുത്ത മത്സരത്തില്‍ കാണാമെന്നാണെങ്കില്‍ ഇനി കേരളം കൂടിയെ ബാക്കിയുള്ളൂ എന്ന കാര്യം എല്ലാ അരശുമൂട്ടില്‍ അപ്പൂട്ടന്മാരും ഓര്‍ക്കുന്നത് നല്ലതാണ്. 

അധികാരം ദുഷിപ്പിക്കും പരമാധികാരം പരമമായി ദുഷിപ്പിക്കും. ഇന്ത്യയില്‍ കോണ്‍ഗ്രസിനും ബംഗാളിലും ത്രിപുരയിലും സിപിഎമ്മിനും പറ്റിയത് മറ്റൊന്നല്ല. പ്രധാനമന്ത്രിയുടെയും മുഖ്യമന്ത്രിമാരുടെയും  പ്രതിച്ഛായയും ജനകീയതയും ബാങ്ക് ബാലന്‍സുകളുടെ കണക്കുമൊക്കെ സാധാരണക്കാരനെ ബാധിക്കുന്ന പ്രശ്നമല്ല.  അധികാരത്തിലേറുന്നവരും അണികളും കാട്ടുന്ന സംഘടിതസമാര്‍ഥ്യം എത്രകാലമാണ് വോട്ടര്‍മാര്‍ സഹിക്കുക. 

ഏതെങ്കിലുമൊരു കൊടിയുടെ നിറവും ചിഹ്നത്തിന്റെ വടിവും കണ്ടാലുടന്‍ അവിടെമാത്രം വോട്ടുകുത്തുന്ന യന്ത്രങ്ങളുടെ കാലം അവസാനിക്കുകയാണ്. യുവാക്കളുടെ ചിന്തകളെ ഇത്രകാലം മുതലെടുത്തിരുന്നവര്‍ ഓര്‍ക്കുക. അവരും മാറിച്ചിന്തിക്കകുയാണ്. വര്‍ക്കിംഗ് കമ്മറ്റിയും പോളിറ്റ് ബ്യൂറോയും പലതവണകൂടി 'കൂലം കഷായമായി ' ചിന്തിച്ചെടുക്കുന്ന തീരുമാനങ്ങളും അതു നടപ്പാക്കാനെടുക്കുന്ന കാലതാമസങ്ങളും പുതിയ തലമുറക്ക് മടുത്തിരിക്കുന്നു. അതുകൊണ്ടാണ് പാര്‍ട്ടി അടിമത്തത്തിന്റെ ചങ്ങലകള്‍ പൊട്ടിച്ചെറിയാന്‍ അവര്‍ മടിക്കാത്തത്. ഇത് ഇപ്പോള്‍ ജയാരവം മുഴക്കുന്ന ബി.ജെ.പിക്കാരും നാളത്തെ  വിജയം സ്നപ്നം കാണുന്നവരും തിരിച്ചറിഞ്ഞാല്‍ പാര്‍ട്ടിയും ജനങ്ങളും ബാക്കിയുണ്ടാകും. അല്ലെങ്കില്‍ ഇപ്പോഴത്തെപ്പോലെ പാര്‍ട്ടിയുണ്ടാകും ജനങ്ങളുണ്ടാകില്ല. അല്പം കൂടി കഴിഞ്ഞാല്‍ പാര്‍ട്ടിയും ഉണ്ടാകില്ല.

Tags: cpm bjp maani
Leave your comment
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, ഇതില്‍ മലയാളം ബ്രേക്കിഗ് ന്യൂസ്‌ ഉത്തരവാദി ആയിരിക്കില്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക.
Malayalam Breaking News